അവസാന ചിത്രം ‘വൺ’; വിയോഗം കഠിനമായി ദു:ഖിപ്പിക്കുന്നുവെന്ന് മമ്മൂട്ടി
Mail This Article
സംവിധായകനും നടനും തിരക്കഥാകൃത്തുമൊക്കെയായിരുന്ന പി ബാലചന്ദ്രന്റെ വിയോഗം ചലച്ചിത്രമേഖലയെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈക്കത്തെ വസതിയില്‍ വച്ച് പുലര്‍ച്ചയായിരുന്നു അദ്ദേഹം അന്തരിച്ചത്. ‘ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി’... എന്നാണ് മമ്മൂട്ടി കുറിച്ചത്.
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വണ്‍ എന്ന സിനിമയിലും പി. ബാലചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എ ആയ ആറ്റിങ്ങല്‍ മധുസൂദനന്‍ എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രൻ അവതരിപ്പിച്ചത്. മമ്മൂട്ടി നായകനായ സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടില്ലെങ്കിലും ഒട്ടേറെ സിനിമകളില്‍ പി. ബാലചന്ദ്രനൊപ്പം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ആദരാഞ്ജലികൾ ബാലേട്ടാ' എന്നാണ് നടൻ മോഹൻലാൽ ബാലചന്ദ്രന്റെ വിയോഗത്തിൽ കുറിച്ചത്. മോഹൻലാൽ ചിത്രങ്ങളിൽ എന്നും ഓർത്തു വയ്ക്കുന്ന കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചത് ബാലചന്ദ്രനാണ്. ഉള്ളടക്കത്തിലെ ഡോ. സണ്ണി ജോസഫ്, പവിത്രത്തിലെ ചേട്ടച്ഛൻ, അങ്കിൾ ബൺ, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ കഥാപാത്രങ്ങൾ ബാലചന്ദ്രന്റെ തൂലികയിൽ പിറന്നതാണ്.
ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, അജു വര്‍ഗ്ഗീസ്, അനൂപ് മേനോൻ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന്‍റെ വേര്‍പാടിൽ വേദന പങ്കുവച്ചിരിക്കുന്നത്. തിരക്കഥാകൃത്തായും നടനായും സംവിധായകനായുമൊക്കെ വിവിധ മേഖലകളിൽ തന്‍റെ കഴിവ് തെളിയിച്ചയാളാണ് സിനിമാക്കാര്‍ സ്നേഹത്തോടെ ബാലേട്ടൻ എന്നു വിളിക്കുന്ന പി ബാലചന്ദ്രൻ.
അഗ്നിദേവൻ, ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, കല്ലുകൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ 06 എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ പി ബാലചന്ദ്രൻ ഇതിൽ ഇവൻ മേഘരൂപൻ എന്ന സിനിമയുടെ സംവിധാനവും നിര്‍വഹിച്ചു.
പുനരധിവാസം, വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, ഇവര്‍, മഹാസമുദ്രം, ബ്യൂട്ടിഫുള്‍, ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, ഇമ്മാനുവേൽ, ഹോട്ടൽ കാലിഫോര്‍ണിയ, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, കാഞ്ചി, ജിഞ്ചര്‍, മംഗ്ലീഷ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട, അതിരൻ, കോളാമ്പി, വൺ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.