എന്റെ വിസ്മയത്തണൽ; ബാലേട്ടന്റെ മുഴങ്ങുന്ന ചിരിയും നാണവും
Mail This Article
രസകരമായി ജീവിക്കുക, മറ്റുള്ളവരുടെ ജീവിതം അതിലും രസകരമാക്കുക. ഒരുപക്ഷേ ബാലേട്ടൻ മരിച്ചതുപോലും സ്വയം ആസ്വദിച്ചാകും. അത്രയേറെ നിർമലമായ മനസ്സായിരുന്നു പി. ബാലചന്ദ്രനെന്ന ബാലേട്ടന്റേത്. എന്റെ അഭിനയ ജീവിതത്തിലെ ഹൃദയത്തിൽ തട്ടിയ പല വേഷങ്ങളും എഴുതിയതു ബാലേട്ടനാണ്. ഉള്ളടക്കം, പവിത്രം എന്നീ സിനിമകളിൽ എനിക്കു പുതിയൊരു കാഴ്ച തന്നെ അദ്ദേഹം സമ്മാനിച്ചു.
അഭിനയത്തെക്കുറിച്ചും സ്റ്റേജിനെക്കുറിച്ചും ഇത്രയേറെ അറിവുള്ള ആളുകൾ കുറവാണ്. അദ്ദേഹം അഭിനയത്തെക്കുറിച്ചു സംസാരിക്കുന്ന വിഡിയോകൾ കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ മകൻ ഷൂട്ട് ചെയ്തത് യുട്യൂബിലുണ്ട്. ഞാനുമതു പങ്കുവച്ചിരുന്നു. അതു തുടരേണ്ട ഒരു കാര്യമായിരുന്നു. കാരണം, ഗുരുമുഖത്തുനിന്നു കേൾക്കുന്നതുപോലെയാണു പലരും അതിനെ കണ്ടത്. അഭിനേതാക്കൾക്കും എഴുത്തുകാർക്കുമെല്ലാം അദ്ദേഹം ഗുരുവായിരുന്നു. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ടാലറിയാം അദ്ദേഹം പുതിയ തലമുറയോട് എത്രമാത്രം ഇഴുകിച്ചേർന്നിരുന്നുവെന്ന്.
എത്ര സിനിമകൾ ഒരുമിച്ചു ചെയ്തുവെന്നതല്ല കാര്യം. എനിക്കു ബാലേട്ടനുമായുണ്ടായിരുന്ന ആത്മബന്ധം വലുതായിരുന്നു. എത്രയോ സമയം ഞങ്ങൾ ഇരുന്നു സംസാരിച്ചിട്ടുണ്ട്. എത്ര വ്യക്തതയോടെയും രസകരമായുമാണ് അദ്ദേഹം കാര്യങ്ങളും അനുഭവങ്ങളും പറഞ്ഞിരുന്നതെന്നോ! അദ്ദേഹത്തിനു മുന്നിൽ ഞാനെന്നും കേൾവിക്കാരൻ മാത്രമായിരുന്നു. തനിച്ചൊരു പുഴയുടെ തീരത്ത് മരത്തണലിൽ ഇരിക്കുന്നതുപോലെയായിരുന്നു അത്.
മലയാള നോവൽ സാഹിത്യം 100 വർഷം പൂർത്തിയാക്കിയപ്പോൾ മലയാള മനോരമ 10 പുസ്തകങ്ങളിൽനിന്നായി 10 അഭിനയ മുഹൂർത്തങ്ങൾ തിരഞ്ഞെടുത്തു വേദിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. അതിൽ പുസ്തകങ്ങളിലെ മുഹൂർത്തങ്ങൾ കണ്ടെത്തുന്നതിൽ ബാലേട്ടനുമുണ്ടായിരുന്നു. ആ വേഷങ്ങൾ ‘കഥയാട്ടം’ എന്ന പേരിൽ വേദിയിൽ അഭിനയിക്കാൻ ഭാഗ്യം ചെയ്തതു ഞാനും. അഭിനേതാവ് എന്ന നിലയിൽ എനിക്ക് അതു വലിയ വെല്ലുവിളിയായിരുന്നു. നിമിഷാർധംകൊണ്ടു വേഷം മാറി, മാറി വേദിയിലെത്തണം. പെട്ടെന്നു മറ്റൊരാളായി മാറണം. അതിനായി എന്നെ തയാറാക്കിയതിൽ സംവിധായകൻ രാജീവ് കുമാറിനൊപ്പം ബാലേട്ടനും ഉണ്ടായിരുന്നു. ഞങ്ങളുടെ 3 പേരുടെയും മനസ്സിന്റെ ഒരുമ കൂടിയാണ് അതു നന്നാകാൻ കാരണമായത്.
‘വിസ്മയം’ എന്ന തെലുങ്കു സിനിമയിൽ എനിക്കൊപ്പം ബാലേട്ടനും അഭിനയിച്ചു. അദ്ദേഹത്തിന്റെ ലളിതമായ അഭിനയം കണ്ടു പലരും വിസ്മയിക്കുന്നതു ഞാനവിടെ കണ്ടിട്ടുണ്ട്. ബാലേട്ടന് എന്നും ജീവിതം എന്നും വിസ്മയമമായിരുന്നു. അദ്ദേഹം കൗതുകത്തോടെ എല്ലാം കണ്ടു. അതീവ രസകരമായി അതു നമുക്കു മുന്നിൽ അവതരിപ്പിച്ചു. ഇതിലും െതളിമയോടെ ആർക്കും ജീവിക്കാനാകില്ല. കണ്ടുമുട്ടിയ ആർക്കും മറക്കാനാകാത്തൊരു മുദ്ര ബാലചന്ദ്രൻ സമ്മാനിച്ചു. അതു സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മുദ്രയായിരുന്നു. അവസാന നാളുകൾവരെ ഞങ്ങൾ സംസാരിച്ചു. എത്രയോ രസകരമായ കഥകൾ ബാലേട്ടന്റെ മനസ്സിലുണ്ടായിരുന്നു. അതെല്ലാം പിന്നീടു പറയാനെന്നപോലെ അദ്ദേഹം കാത്തുവച്ചു.
വെട്ടിപ്പിടിക്കുന്നതല്ല, ഒരു കാറ്റുപോലെ നിർമലമായി കടന്നുപോകുന്നതാണു ജീവിതമെന്നു ബാലചന്ദ്രൻ എന്ന ഗുരു കാണിച്ചുതന്നു. കടന്നുപോയ ശേഷവും ബാലേട്ടന്റെ മുഴങ്ങുന്ന ചിരിയും നാണവും ബാക്കിയാകുന്നു.