‘അന്യന്റെ’ അവകാശം എനിക്കു മാത്രം: ശങ്കർ വഞ്ചിച്ചെന്ന് നിർമാതാവ്
Mail This Article
തമിഴ് സൂപ്പർ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന മുന്നറിയിപ്പുമായി നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. അന്യന്‍ സിനിമയുടെ പകര്‍പ്പവകാശം തന്നില്‍ മാത്രം നിക്ഷിപ്തമാണെന്നും ശങ്കറിന് ഒരു അവകാശവുമില്ലെന്നും സംവിധായകൻ ശങ്കറിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. തന്റെ അനുവാദം കൂടാതെ റീമേക്കിന് ഒരുങ്ങിയത് തരംതാണ പ്രവർത്തിയാണെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തണമെന്നും കത്തിലൂടെ രവിചന്ദ്രൻ ആവശ്യപ്പെട്ടു. അന്യൻ തമിഴിൽ നിർമിച്ചിരിക്കുന്നത് ആസ്കർ രവിചന്ദ്രനാണ്
രവിചന്ദ്രൻ ശങ്കറിന് അയച്ച കത്തിലെ പ്രസ്താവന:
നിങ്ങൾ അന്യൻ സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്ന വിവരം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സുജാതയിൽ നിന്നും ഞാനാണ് സിനിമയുടെ കഥ വാങ്ങിച്ചത്. അതിന്റെ എല്ലാ രേഖകളും എന്റെ കയ്യിൽ ഉണ്ട്. അതിനാൽ സിനിമയ്ക്ക് മേലുള്ള എല്ലാവിധ അവകാശങ്ങളും എനിക്കാണ്. എന്റെ അനുവാദമില്ലാതെ, അന്യൻ സിനിമയുടെ പ്രധാന പ്രമേയം പുനർനിർമിക്കുകയോ പകർത്തുകയോ ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമാണ്.
ഈ അവസരത്തിൽ നിങ്ങളെ ഒരു പ്രത്യേക കാര്യം വീണ്ടും ഓർമ്മിക്കുന്നു. ബോയ്സ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം മോശം പ്രതിച്ഛായ വന്നതിൽ നിങ്ങൾ ഏറെ സമ്മർദ്ദത്തിലായിരുന്നു. അപ്പോഴും അന്യൻ സംവിധാനം ചെയ്യാനുള്ള അവസരം ഞാനാണ് നിങ്ങൾക്ക് നൽകിയത്. അന്യൻ വിജയിച്ചതിലൂടെ നിങ്ങൾക്ക് വീണ്ടും നല്ലൊരു ഇമേജ് ഉണ്ടായി. അവിടെ എന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മറക്കുകയും പകരം എന്റെ സിനിമ അനുവാദം കൂടാതെ റീമേക്ക് ചെയ്യാനും ഒരുങ്ങുന്നു. നിങ്ങൾ മൂല്യബോധമുള്ള വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ എങ്ങനെ ഇത്തരത്തിൽ തരം താഴുവാൻ സാധിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണം. ഈ കത്തിന് പിന്നാലെ ഒരു വക്കീൽ നോട്ടീസും എത്തുന്നതായിരിക്കും.
2005ലാണ് അന്യൻ റിലീസ് ചെയ്യുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന്‍ വിക്രം ആയിരുന്നു. നടന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ അന്യൻ സൂപ്പർഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്തു. .'അപരിചിത്' എന്ന പേരിൽ ഹിന്ദിയിലേയ്ക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു.