ADVERTISEMENT

‘വില്യം ഷെയ്ക്സ്പിയർ മലയാള സിനിമയുടെ അനുഗ്രഹം’ എന്നുപറയുന്നതു നന്നായിരിക്കും. കാരണം ഷെയ്ക്സ്പിയറുടെ കൃതികളെ അവലംബമാക്കി മലയാളത്തിൽ ഒരുങ്ങിയത് അരഡസനോളം ചിത്രങ്ങളാണ്. ഏറ്റവുമൊടുവി‍ൽ ഫഹദ് ഫാസിൽ നായകനായ ‘ജോജി’യും. ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഷെയ്ക്സ്പിയറുടെ മാക്ബത്തിന്റെ മോശം അനുകരണമാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞതോടെയാണ് ഷെയ്ക്സ്പിയറും മലയാള സിനിമയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പലരും പരിശോധിച്ചത്. ഒട്ടേറെ തവണ ദേശീയ അവാർഡ് നേടിയ ജയരാജ് മൂന്നുസിനിമയാണ് ഷെയ്ക്സ്പിയർ കൃതികളെ അവലംബമാക്കി ഒരുക്കിയത്. വി.കെ.പ്രകാശ്, രാജീവ് രവി എന്നിവരും ഓരോ ചിത്രമെടുത്തു. മാക്ബത്തിന്റെ കഥ പൂർണമായും എടുത്തല്ല ജോജിയൊരുക്കിയതെന്നാണ് ദിലീഷും ശ്യാമും പറയുന്നത്. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്ക്കാരമാണ് ജോജിയെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. 

 

കളിയാട്ടം

 

വില്യം ഷെയ്ക്സ്പിയറുടെ ഒഥല്ലോയെ അവലംബമാക്കി ബൽറാം മട്ടന്നൂർ ഒരുക്കിയ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം മലയാള സിനിമയിലെ നാഴികക്കല്ലായിരുന്നു. അതുവരെ കാണാത്തൊരു അവതരണരീതിയായിരുന്നു കളിയാട്ടത്തിൽ. സുരേഷ്ഗോപിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ജയരാജിനെ ദേശീയതലത്തിൽ മികച്ച സംവിധായകനുമാക്കി. വടക്കൻ കേരളത്തിലെ തെയ്യത്തിലെ ഒരു ഇതിവൃത്തമെടുത്താണ് കളിയാട്ടമൊരുക്കിയത്. 1997ൽ റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായും വൻ വിജയമായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

 

കണ്ണകി

 

വില്യം ഷെയ്ക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര ആയിരുന്നു നന്ദിതാദാസ് നായികയായ ജയരാജ് ചിത്രം കണ്ണകി. കോഴിപ്പോരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ലാലും സിദ്ദീഖും ഗീതു മോഹൻദാസുമായിരുന്നു മറ്റു പ്രധാന താരങ്ങൾ. കൈതപ്രത്തിന്റെ ഗാനങ്ങൾ ഈ ചിത്രത്തിന്റെ വിജയത്തിലും വലിയൊരു പങ്കുവഹിച്ചു. 2001ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. 

 

വീരം– മാക്ബത്ത്

 

വടക്കൻ പാട്ടുകളിലെ ചന്തുചേകവരുടെ കഥയാണ് വീരത്തിലൂടെ ജയരാജ് അവതരിപ്പിക്കാൻ ശ്രമിച്ചത്. ഒരേസമയം മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ റിലീസ് ചെയ്ത ചിതത്രത്തിൽ കുനാൽ കപൂർ ആയിരുന്നു ചന്തുവായി അഭിനയിച്ചത്. ആരോമലായി ശിവജിത് പത്മനാഭനും. വില്യം ഷെയ്ക്സ്പിയറുടെ സൃഷ്ടികളെ അവലംബിച്ച് ജയരാജ് ഒരുക്കിയ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി നായകനായ വടക്കൻവീരഗാഥ കണ്ട മലയാളിക്കു മുന്നിൽ വൻ പരാജയമായിരുന്നു വീരം. ചന്തുവിന്റെ കാഴ്ചപ്പാടിലൂടെയായിരുന്നു വടക്കൻവീരഗാഥയെ എം.ടി.വാസുദേവൻനായർ അവതരിപ്പിച്ചത്. അതുവരെ കണ്ടുശീലിച്ചത് ചന്തു വില്ലനായ വടക്കൻപാട്ട് സിനിമകളായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച ചന്തുവായിരുന്നു മലയാളിക്ക് എന്നും ചന്തു. അന്യനാട്ടിൽ നിന്നെത്തിയ കുനാൽ കപൂറിന് മമ്മൂട്ടിയുടെ ചന്തുവിന്റെ അടുത്തെത്താൻ പോലുമായില്ല. അതുതന്നെയായിരുന്നു വീരത്തിന്റെ പരാജയം. നവരസകഥാപരമ്പരയിലെ വീരം ആയിരുന്നു ജയരാജ് മാക്ബത്തിനെ അവലംബിച്ച് തയാറാക്കിയിരുന്നത്. 

 

അന്നയും റസൂലും –റോമിയോ ആൻഡ് ജൂലിയറ്റ്

 

ഷെയ്ക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് ആണ് മലയാളിയുടെ ഇഷ്ടചിത്രമായ അന്നയും റസൂലിന്റെയും കഥാതന്തു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയൊരുക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലും ആൻഡ്രിയയുമായിരുന്നു പ്രധാനവേഷം ചെയ്തത്. അവതരണത്തിലെ വ്യത്യസ്തതകൊണ്ടുതന്നെ വൻ വിജയമായിരുന്നു ചിത്രം. 

 

കർമയോഗി– ഹാംലറ്റ്

 

ജയരാജിന്റെ കളിയാട്ടത്തിനു കഥയും തിരക്കഥയും ഒരുക്കിയ ബൽറാം മട്ടന്നൂർ, ഷെയ്ക്സ്പിയറുടെ ഹാംലറ്റിന്റെ അവലംബമാക്കി എഴുതിയതാണ് കർമയോഗിയും. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രജിത്ത് ആയിരുന്നു നായകൻ. നിത്യമേനോൻ ആയിരുന്നു നായിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com