അഭിരാമിക്ക് ഇനി ഓൺലൈൻ ക്ലാസ് കൂടാം; കൃഷ്ണകുമാറിന്റെ വിഷു കൈനീട്ടം
Mail This Article
മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് നടൻ കൃഷ്ണകുമാറിന്റെ വക വിഷുക്കൈനീട്ടമായി സ്മാർട്ട് ഫോൺ. തിരുവല്ലം എസ്‍പി സ്കൂളിെല വിദ്യാർഥിയായ അഭിരാമിക്കാണ് പഠനസഹായത്തിനായി ഫോൺ നൽകിയത്. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഈ കുട്ടിയുടെ ദുരിതസാഹചര്യം മനസ്സിലാക്കിയിരുന്നതായും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.
ശ്രീവരാഹം പറമ്പിൽ ലെയ്നിലെ ഒറ്റമുറി വാടകവീട്ടിൽ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടർന്ന് ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ലതയുടെ മകൾ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതൽ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡ് മഹാമാരിയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾ ആയതോടെ, ടെലിവിഷനോ സ്മാർട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ വിഷുക്കാലത്ത് സഫലമായത്– കൃഷ്ണകുമാർ പറഞ്ഞു.