‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ’ പ്രശംസിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്
Mail This Article
ന്യൂഡൽഹി ∙ അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി സ്ത്രീകൾ ഇന്നും സമരത്തിലാണെന്ന്, ജിയോ ബേബിയുടെ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന മലയാള സിനിമാപശ്ചാത്തലം പരാമർശിച്ചു സുപ്രീം കോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ‘ലൈവ് ലോ’ സംഘടിപ്പിച്ച വെബിനാറിലാണ് ശബരിമല വിധിന്യായം എഴുതിയ ബെഞ്ചിലെ അംഗം കൂടിയായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമർശം.
അടുത്തിടെ സിനിമ കണ്ടിരുന്നുവെന്ന മുഖവുരയോടെയായിരുന്നു പരാമർശം. സുപ്രീം കോടതി വിധിന്യായത്തെക്കുറിച്ചുള്ള വാർത്തകളെ സിനിമ മൂർച്ചയോടെ സമീപിക്കുന്നു. കഥാനായികയുടെ ജീവിതത്തെ അതിനോട് ചേർത്തുവയ്ക്കുന്നു. തീർഥാടനത്തിനു പോകണമെന്ന അവകാശം അവൾ സ്ഥാപിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ് സംരക്ഷിക്കാനുള്ള വലിയ സമരത്തിലാണ് അവൾ. ഇവയെ നിയമനിർമാണോ കോടതിവിധികളോ കൊണ്ടു മാറ്റാനാകില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് സിനിമയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ജിയോ ബേബി ഒരുക്കിയ സിനിമയിൽ നിമിഷ സജയൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.