ADVERTISEMENT

തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമറിയിച്ച് സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്‌യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.

 

വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു.

 

ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു. 

 

‘കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ല. ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ, ഒരിക്കലും മറക്കാൻ കഴിയില്ല. അങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’–രംഭ കുറിച്ചു.

 

ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു.

 

കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിവേക് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഉറ്റവരും ആരാധകരും എല്ലാം. എന്നാൽ പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com