ഫാന്റസി, ഫിക്ഷൻ, ഹൊറർ; മലയാളസിനിമയിലെ പുതിയ ട്രെൻഡ്
Mail This Article
"മാരാ" സിനിമ കാണുകയായിരുന്നു, നമ്മുടെ ചാർളിയുടെ തമിഴ് കാഴ്ച. തുടക്കത്തിൽ നായിക പാറുവിന്റെ കുട്ടിക്കാലത്ത് അവൾ കേൾക്കുന്നൊരു കഥയുണ്ട്, ആത്മാവിനെ മത്സ്യത്തിലാക്കി ജീവിച്ചിരുന്നൊരു സൈനികനെക്കുറിച്ച്. എന്നോ ഒരിക്കൽ വന്നൊരു പ്രളയത്തിൽ അയാളിൽ നിന്നകന്നു പോകുന്ന മത്സ്യത്തെക്കുറിച്ച്, അതിനെ തിരഞ്ഞു അയാളലഞ്ഞ ദൂരത്തെക്കുറിച്ച്...
കുട്ടിക്കാലത്തേയ്ക്കു നീട്ടിയൊരു പായ് വിരിച്ചതു പോലെ. ബാലരമയിലും പൂമ്പാറ്റയിലുമൊക്കെ വായിച്ച ഫാന്റസി കഥകൾ ഇഷ്ടം പോലെ. എന്നെങ്കിലും നടക്കുമോ ഇതൊക്കെയെന്നു ഒരിക്കലും അന്നൊന്നും ചിന്തിച്ചിരുന്നില്ലല്ലോ. മായാവി വായിക്കുമ്പോൾ അല്ലെങ്കിൽ മൈഡിയർ കുട്ടിച്ചാത്തൻ സിനിമ സ്‌കൂളിൽ നിന്ന് കൂട്ടുകാരോടൊപ്പം പോയി കാണുമ്പൊൾ ഇനിയും എന്നെങ്കിലും ചാത്തൻ മുന്നിൽ വരാൻ സാധ്യതയുണ്ടാകുമല്ലോ എന്നായിരുന്നു ചിന്തകൾ. ആൾ താമസമില്ലാതെ തൊട്ടടുത്ത വീട്ടിൽ പ്രേതബാധയുണ്ടെന്നും അവിടെ കയ്യിൽ കാലൻ കുട പിടിച്ച് വെളുത്ത ഷർട്ടും മുണ്ടുമുടുത്ത് നടക്കുന്ന ജഡ്ജിയപ്പൂപ്പന്റെ പ്രേതത്തെ കണ്ടുവെന്ന് പറഞ്ഞപ്പോഴും വിശ്വസിച്ചിട്ടുണ്ട്. അപ്പൂപ്പനെ അടക്കിയ കല്ലറയുടെ അടുത്ത് പോയി തെല്ലൊരു ഭീതിയോടെ നിന്നിട്ടുണ്ട്. എങ്കിലും രഹസ്യമായൊരു മോഹമുണ്ടായിരുന്നതായി ഓർക്കുന്നു, എന്നെങ്കിലുമൊരു ചാത്തനോ പ്രേതമോ, ഇനിയിപ്പോൾ ഗന്ധർവനോ ആ വഴിയെങ്ങാൻ വന്നെങ്കിലോ! ആരും വന്നില്ല.
പിന്നെയെപ്പോഴാണ് പുസ്തകം വായിക്കുമ്പോഴും സിനിമ കാണുമ്പോഴും യുക്തിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്? സത്യത്തിൽ യുക്തിസഹമായ വായനയും കാഴ്ചയും ഫിക്ഷന്റെ സാധ്യതകളെ ഒരുപാട് പിന്നിലോട്ടടിക്കുന്നില്ലേ? എന്തുകൊണ്ട് "ഞാൻ ഗന്ധർവൻ" പോലെയൊരു സിനിമ ഇറങ്ങുകയും അതിനെ പ്രേക്ഷകർ കൂടുതലും സ്ത്രീകൾ കൂടുതൽ ആസ്വദിക്കുകയും ചെയ്തു? ഒരുപക്ഷെ ഈ കാലത്തിലായിരുന്നു അത്തരമൊന്ന് ഇറങ്ങുന്നതെങ്കിൽ തീർച്ചയായിട്ടും അതിന്റെ ഫാന്റസി എലമെന്റുകളെ അത്രകണ്ട് ആഘോഷിക്കാൻ കാണുന്നവർ ഒരുമ്പെടുമായിരുന്നില്ല. ഗന്ധർവ്വൻ എന്ന മിത്തിന്റെ ഉദ്ദേശവും ലക്ഷ്യവും അടിസ്ഥാനപരമായി നോക്കിയാൽ കാമനകളുള്ള സ്ത്രീ മനസ്സുകളുടെ സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണെന്നു എന്നൊരു യുക്തി ഇന്ന് ചിന്തിക്കുന്നുണ്ട്, യക്ഷി സിനിമകൾ കാണുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്, എന്തുകൊണ്ടാവും പണ്ടത്തെപ്പോലെ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നും യക്ഷിക്കഥകൾ കേൾക്കാത്തത്? ഗന്ധർവൻ കൂടിയ സ്ത്രീകളെ കാണാൻ കഴിയാത്തത്?
ടെക്നോളജിയുടെ കാലത്ത് മനുഷ്യർ തമ്മിലുള്ള അകലം കുറഞ്ഞതും സ്ത്രീകളുടെയും പുരുഷൻമാരുടെയും ലോകം ഒരുപാട് വലുതായതുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. തങ്ങളുടെ മനസ്സിലുള്ളത് തുറന്ന് പറയാൻ ഇന്ന് സ്ത്രീകൾക്ക് ബാധ കയറിയിട്ട് വേണമെന്നില്ല. കാമനകളെ പൂർത്തീകരിക്കാൻ ഗന്ധർവനെ സ്വപ്നം കണ്ടിട്ടും വേണ്ട. പക്ഷെ ഈ തിരിച്ചറിവുകളൊക്കെ ബാധിച്ചത് മറ്റൊരു രീതിയിൽ പറഞ്ഞാൽ ആസ്വാദന ശീലത്തെയാണ്. ഇനിയുള്ള കാലത്ത് ഗന്ധർവ്വനും പ്രേതവും ആ പഴയ ലക്ഷ്യവും ഉദ്ദേശവുമായി എത്തിയാൽ പ്രേക്ഷകന് സ്വാഭാവികമായും അവരെ പുറന്തള്ളിയേക്കും. പുതുമയും വ്യത്യസ്തതയുമുള്ള അൽപ്പം യുക്തിയുടെ മേമ്പൊടി കൂടിയുള്ള സിനിമകളാണ് ഇന്നത്തെ മലയാളി പ്രേക്ഷകനിഷ്ടം.
എന്നിട്ടും ഇവിടെ ഡെഡ് സൈലെൻസും കോൺഞ്ചുറിങ്ങും ഒക്കെ പ്രേക്ഷകനെ ഭീതിപ്പെടുത്തുന്നു, കിംഗ് കോങ്ങും സ്പൈഡർ മാനുമൊക്കെ വന്നു ത്രസിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം വിറ്റു പോയ ഹാരിപോർട്ടർ സീരീസ് സിനിമകളാക്കി കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ആവേശം കൊള്ളിക്കുന്നു. അപ്പോൾ കുഴപ്പം ഫാന്റസിയ്ക്കോ ഫിക്ഷനോ ഒന്നുമല്ല, പരമ്പരാഗത കാഴ്ചകൾക്കാണ്.
"ദ റൂയിൻസ്" എന്ന സിനിമ വർഷങ്ങൾക്ക് മുൻപ് കാണുമ്പൊൾ ഒരു മലയാള സിനിമയിൽ പ്രേതത്തെ കാണുന്നതിലും ഭീതിയോടെ മാത്രമാണ് കണ്ടത്. അതായിരുന്നു അത്തരത്തിൽ ആദ്യമായി കാണുന്ന സിനിമ. ഇങ്ങനെയും ഭയപ്പെടുത്താം എന്ന അറിവ് സൃഷ്ടിച്ച അമ്പരപ്പിക്കൽ പിന്നീട് അദ്‌ഭുതമായി. മുറ്റത്തേക്കിറങ്ങുമ്പോൾ പടർന്നു കിടക്കുന്ന വള്ളികളിൽ ചവിട്ടുമ്പോൾ അത് നീണ്ടു വന്നു ഞരമ്പുകളെ തകർത്തു കളയുമോ എന്ന തോന്നൽ ഉണ്ടായതിൽ സന്തോഷിക്കുന്നു. സങ്കല്പിക്കാനുള്ള മനസ്സ് നഷ്ടമായിട്ടില്ല!
മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിൽ ഒന്നാണ് ഭയം. മറ്റേതൊരു ഫാന്റസിയെക്കാൾ കൂടുതൽ ആസ്വദിക്കാനും ഒപ്പം ഭീതിപ്പെടാനും അതിനു കഴിയും. വേണ്ടെന്നു വച്ചാലും വീണ്ടും വീണ്ടും ഭീതി കഥകളും അനുഭവങ്ങളും കേൾക്കുന്ന ഹോസ്റ്റൽ മുറികളും വീടുകളും ഒരുപാടുള്ള നാടാണ്. അതിനെ പരമാവധി ഉപയോഗിക്കാനുള്ള അവസരമാണ് ത്രില്ലർ ട്രെൻഡിലൂടെ ഈ കാലം മലയാള സിനിമ പ്രവർത്തകർക്ക് മുന്നിൽ വയ്ക്കുന്നത്. ഭൂതവും പ്രേതവുമൊക്കെ കണ്ടു മടുത്തു കഴിഞ്ഞു, പുതിയതായി അവർക്ക് ഇനിയൊന്നും പ്രേക്ഷകനോട് സംവദിക്കാനില്ല. എന്നാൽ ഭീതിപ്പെടുത്താനുള്ള സാദ്ധ്യതകൾ അനേകമാണ്.
ഈ ലോക്ഡൗൺ കാലത്ത് കൊറിയൻ സിനിമകളുൾപ്പെടെ വിദേശ സിനിമകളും വെബ് സീരീസുകളും കണ്ടു ഒരുപാട് ദൂരം മുന്നോട്ടു പോയ പ്രേക്ഷകരാണ് ഇവിടെയുള്ളത്. ഫാന്റസിയും ഭീതിയുമൊക്കെ ഇവിടെ ചിലവാകും, എന്നാൽ അതിനുള്ള ചുറ്റുപാടുകൾ യുക്തിസഹമായി ഒരുക്കിയെടുത്ത് കൃത്യമായി ചിത്രീകരിച്ചാൽ മലയാള സിനിമ ഉയരങ്ങളിലേക്ക് പോകും. "കൃഷ്ണൻകുട്ടി പണി തുടങ്ങി", "ഇരുൾ", "ചതുർമുഖം" തുടങ്ങിയ പുതിയ സിനിമകളുണ്ടാക്കിയ മാറ്റങ്ങളുടെ ഒരു വഴിയുണ്ട്. തീർത്തും വ്യത്യസ്തമായ ഒരു ആഖ്യാനമായിരുന്നു 2019 ൽ പുറത്തിറങ്ങിയ ജെനുസ് മുഹമ്മദിന്റെ "നയൻ", എന്നാൽ ആഖ്യാനങ്ങളുടെ ഒക്കെ പുതുമ ഉണ്ടായിരുന്നെങ്കിലും സ്ക്രിപ്റ്റിങിലെ ചെറിയ പാളിച്ചകൾ കൊണ്ട് ഇപ്പറഞ്ഞ പരീക്ഷണ സിനിമകളൊക്കെ ഒരുപാടു ആരോപണം കേൾക്കുന്നുമുണ്ട്.
എങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള ആവേശം സിനിമ പ്രവർത്തകർക്കും അതിനെ സ്വീകരിക്കാനുള്ള മനസ്സ് പ്രേക്ഷകർക്കും വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ "ദേവദൂതൻ" പോലും ആഘോഷിക്കപ്പെടുന്നത് ഇപ്പോഴാണ്. അങ്ങനെയൊരു കാലത്ത് അരൂപിയായ പ്രേതത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാതിരുന്ന ഒരു കാലമായതുകൊണ്ടാണ് അന്ന് ദേവദൂതൻ പരാജയമായിപ്പോയത്. കാലം തെറ്റിയിറങ്ങിയ ഒരു ക്ലാസിക് തന്നെയായിരുന്നു അതെന്നു ഇപ്പോഴും വിശ്വസിക്കുന്നു. മലയാള സിനിമയ്ക്ക് തീർച്ചയായും ഉയരാനുള്ള കെൽപ്പുണ്ട്. ഇനിയും പരീക്ഷണ സിനിമകൾ കാണാനും റിലീസ് ആവാനും ബാക്കിയാണല്ലോ! കാത്തിരിക്കാം.