ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡ് ഇല്ലെന്ന്: വിവേകിന്റെ മരണത്തിൽ മൻസൂർ അലിഖാൻ
Mail This Article
നടൻ വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് തമിഴ് നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണം. വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. കോവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു കുഴപ്പവുമില്ലായിരുന്ന വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സീൻ ആണെന്ന് താരം ആരോപിക്കുന്നു.
മൻസൂർ പറയുന്നത്: ‘ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.
ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കിൽ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് തരൂ, കോവിഡ് വാക്സീൻ എടുക്കുന്നവർക്ക്. ഇത് രാഷ്ട്രീയമാണ്. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് െകാടുക്ക്. അവർക്ക് ജീവിക്കണം...’ രോഷത്തോടെ അദ്ദേഹം പറയുന്നു. ഈ വിചിത്രം വാദങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. മൻസൂറിന്റെ വാദം രോഷം കൊണ്ടാണെന്നും അദ്ദേഹം പറയുന്നതിൽ വാസ്തവമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അന്തരിച്ച നടൻ വിവേക് വ്യാഴാഴ്ച കോവാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നത്.