വിവേക് ഒരുപാട് കൊതിച്ചു; ഈ ചിത്രം ഒന്നു കാണാൻ
Mail This Article
ചെന്നൈ∙ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഓർമകളുടെ ഒരു കടലിരമ്പമുണ്ട്. 38 വർഷത്തെ സൗഹൃദത്തിന്റെ കഥയുണ്ട്. ഫോട്ടോ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചയാൾ പക്ഷേ, ഇനിയൊരിക്കലും വശങ്ങൾ ദ്രവിച്ചു തുടങ്ങിയ ഈ ചിത്രം കാണില്ല. 1983 മധുര തല്ലക്കുളം പോസ്റ്റൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലെ ട്രെയിനികളുടെ ചിത്രമാണിത്. മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം വിട പറയുന്ന സമയത്തെടുത്തത്. ട്രെയിനികളിൽ ഒരാളെ തമിഴകമറിയും. കഴിഞ്ഞ ദിവസം നമ്മോടു വിടപറഞ്ഞ ചിന്ന കലൈവാനർ വിവേക്. സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഈ ഫോട്ടോയെക്കുറിച്ച് വിവേക് അന്വേഷിച്ചിരുന്നു.
എന്നാൽ, കണ്ടെത്താനായില്ല. വിവേക് മരിച്ചു മണിക്കൂറുകൾക്കു ശേഷം സുഹൃത്തുക്കളിലൊരാളായ മാധ്യമ പ്രവർത്തകൻ ജെൻറാം ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. മധുര അമേരിക്കൻ കോളജിലെ ബികോം പഠനത്തിനു ശേഷം വിവേകിനു ജോലി ലഭിച്ചതു പോസ്റ്റൽ ആൻഡ് ടെലി കമ്യുണിക്കേഷൻ വകുപ്പിലാണ്. അദ്ദേഹമുൾപ്പെടെ 29 പേർക്കാണു ആ ബാച്ചിൽ പ്രവേശനം കിട്ടിയത്. മൂന്നു മാസം ബാച്ചിനു മധുര തല്ലക്കുളത്തെ ഓഫിസിലായിരുന്നു പരിശീലനം. ശേഷം വിവേകിനു മധുരയിലായിരുന്നു പോസ്റ്റിങ്. ജെൻറാം ചെന്നൈയിലും.
പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി വിവേകിനു ജോലി ലഭിച്ചു. കെ.ബാലചന്ദറിനെ പരിചയപ്പെട്ടു. താരമായി മാറി. ജെൻറാം പോസ്റ്റൽ ഡിപ്പാർട്മെന്റിലെ ജോലി ഉപേക്ഷിച്ചു മാധ്യമപ്രവർത്തകനായി മാറി. 15 വർഷം മുൻപ് ജെൻറാമും വിവേകും ചെന്നൈയിൽ കണ്ടുമുട്ടിയിരുന്നു. പഴയ കാലത്തെക്കുറിച്ച് ഒരുപാട് സംസാരിച്ച വിവേക് വിടവാങ്ങൽ സമയത്തെടുത്ത ഫോട്ടോയെക്കുറിച്ച് അന്വേഷിച്ചുവെന്നു ജെൻറാം പറയുന്നു. വിവേകിന്റെ മരണ വാർത്തയറിഞ്ഞതിനു പിന്നാലെ പഴയ സഹപ്രവർത്തകരിലൊരാളാണു ജെൻറാമിനു ഫോട്ടോ വാട്സാപ്പിൽ നൽകിയത്.
2 സ്വപ്നങ്ങൾ ബാക്കി
ചെന്നൈ∙മൂന്നു പതിറ്റാണ്ടു തമിഴ് വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന വിവേക് വിട പറയുന്നതു 2 സ്വപ്നങ്ങൾ ബാക്കിയാക്കി. അതിലൊന്നു സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. സിനിമ സംവിധാനം ചെയ്യുകയെന്നതാണു ഇതുവരെ പൂർത്തിയാകാത്ത സ്വപ്നങ്ങളിലൊന്ന്. രജനി മുതൽ വിജയ് വരെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടെങ്കിലും ഉലക നായകൻ കമലിനൊപ്പം അഭിനയിക്കാനാകാത്തതാണു മറ്റൊരു ദുഃഖം. ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ചിത്രം ഇന്ത്യൻ ടുവിനായി കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ, അതു സ്വപ്നമായി തന്നെ അവശേഷിപ്പിച്ചു വിവേക് യാത്രയായി.