കോവിഡ് അതിജീവനം വിഡിയോയാക്കി ജീത്തു ജോസഫിന്റെ മകൾ
Mail This Article
മകളുടെ കോവിഡ് അതിജീവനകഥ പ്രേക്ഷകരുമായി പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ്. കോവിഡ് രോഗബാധിതയായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ ഇളയ മകൾ കറ്റീനാ ആൻ തയ്യാറാക്കിയ 'ഇതും കടന്നു പോകും' എന്ന ഹ്രസ്വവിഡിയോ ജീത്തു ജോസഫ് ആരാധകർക്കായി പങ്കുവച്ചു. അടച്ചിട്ട മുറിയിലെ കാഴ്ചകളും രോഗാവസ്ഥയിലിരിക്കുമ്പോഴുള്ള ചിന്തകളും അതിമനോഹരമായി കറ്റീനാ ആൻ തന്റെ വിഡിയോ ഡയറിയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.
ഏപ്രിൽ 18നാണ് കറ്റീനാ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് 13 ദിവസങ്ങൾ വീട്ടിൽ തന്നെ കറ്റീനാ ക്വാറന്റീനിലായിരുന്നു. പ്രിയപ്പെട്ടവർ ഒരു വിളിക്കപ്പുറം അടുത്തുണ്ടായിരുന്നിട്ടും രോഗദിവസങ്ങളിൽ അകാരണമായ ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നതായി കറ്റീനാ പറയുന്നു. രാത്രിയും പകലുകളും കടന്നു പോയി. കൂട്ടിന് നിഴൽ മാത്രം. ലോകം തന്നെ കീഴ്മേൽ മറിയുന്നതായി അനുഭവപ്പെട്ടെന്നാണ് ആ ദിവസങ്ങളെക്കുറിച്ചുള്ള കറ്റീനായുടെ നിരീക്ഷണം. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നെന്നും കറ്റീനാ പറയുന്നു. ഇതിനിടയിൽ മണം നഷ്ടപ്പെട്ടു. ശ്വാസതടസം മൂലം വിഷമിച്ചെന്നും കറ്റീനാ വെളിപ്പെടുത്തി.
കോവിഡ് നെഗറ്റീവായതിനു ശേഷം പുറത്തിറങ്ങിയപ്പോൾ ഒരു പുതിയ ലോകം തനിക്ക് മുന്നിൽ വെളിപ്പെടുകയായിരുന്നു. ചുറ്റുമുള്ള മണങ്ങൾ തിരികെ അനുഭവിക്കാൻ സാധിച്ചപ്പോഴുള്ള സന്തോഷവും കറ്റീനാ പങ്കുവയ്ക്കുന്നുണ്ട്. കോവിഡ് ദിനങ്ങൾ ആശങ്കകളുടേതാണെങ്കിലും ഇതും കടന്നു പോകുമെന്ന് ഓർമിപ്പിച്ചാണ് വിഡിയോ ഡയറി അവസാനിക്കുന്നത്.
കറ്റീനായുടെ വിഡിയോ ഡയറിക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. അച്ഛനെപ്പോലെ മകളും മനോഹരമായി കഥ പറയുന്നുണ്ടല്ലോ എന്നാണ് കറ്റീനായുടെ വിഡിയോയ്ക്ക് പ്രേക്ഷകരുടെ കമന്റ്.