ADVERTISEMENT

ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ആറായിരം രൂപ നഷ്ടപ്പെട്ട അസം തൊഴിലാളിയും അറുപതിനായിരം രൂപ നഷ്ടപ്പെട്ട ബാങ്ക് മാനേജരും സൈബർ സെൽ ഓഫിസിൽ ഒരേ ബെഞ്ചിലിരിക്കുന്നത് ഓപ്പറേഷൻ ജാവയിലെ കിടു സീനുകളിലൊന്നായിരുന്നു. ഇതിലെ ബാങ്ക് മാനേജരെ എല്ലാവരും അറിയും; നടനും തിരക്കഥാകൃത്തുമായി മലയാള സിനിമയിൽ തിളങ്ങിയ, അടുത്തിടെ അന്തരിച്ച പി.ബാലചന്ദ്രൻ. എന്നാൽ, ബെഞ്ചിന്റെ മറ്റേയറ്റത്ത് ഏതോ ‘ഭായി’യെന്നു കരുതി പ്രേക്ഷകർ വിട്ടുകളഞ്ഞത് ജാവയുടെ തന്നെ അസിസ്റ്റന്റ് ഡയറക്ടറെയാണ്; നിതിൻ പുളിമൂട്ടിലിനെ. 

 

പാലാരിവട്ടം വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽനിന്ന് സംവിധാനം പഠിച്ചിറങ്ങിയ നിതിന്റെ കന്നിച്ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ. ആദ്യ ചിത്രത്തിൽ സംവിധാനസഹായി എന്നതിനു പുറമേ, അഭിനയിക്കാൻ കൂടി അവസരം കിട്ടിയതും അത് താൻ ഏറെ ആരാധിക്കുന്ന പി.ബാലചന്ദ്രന്റെ കൂടെ ആയതും നിയോഗം പോലെയാണ് നിതിൻ കാണുന്നത്. നാടക രംഗത്തും പിന്നീട് സിനിമാ തിരക്കഥാ രചനയിലും അഭിനയത്തിലുമൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച പി.ബാലചന്ദ്രന്റെ അവസാന സിനിമയായിരുന്നു ഓപ്പറേഷൻ ജാവ. അതിലെ അദ്ദേഹത്തിന്റെ അവസാന ഷോട്ടാണ് നിതിനോടൊപ്പം ബെഞ്ചിലിരിക്കുന്നത്. 

 

സംവിധായകൻ തരുൺ മൂർത്തിയാണ് അസംകാരനായ പർവീണിനെ സ്വന്തം സെറ്റിൽനിന്നു തന്നെ കണ്ടെത്തിയത്. ഏതാനും ഷോട്ടുകളേ ഉള്ളൂവെങ്കിലും മേക്കപ് ടെസ്റ്റും ഓഡിഷനും കടന്നാണ് നിതിൻ ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്നതാണ് ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹം. കഴിഞ്ഞ വർഷം നിതിൻ സംവിധാനം ചെയ്ത ഓട്ടോപ്സി എന്ന ത്രില്ലർ ഷോർട്ഫിലിം ഇതിനോടകം ഒന്നരലക്ഷത്തിലധികം പേരാണ് യുട്യൂബിൽ കണ്ടത്. കോട്ടയം പൂവൻതുരുത്ത് പുളിമൂട്ടിൽ സലിമിന്റെയും പനച്ചിക്കാട് പഞ്ചായത്തംഗം വാസന്തിയുടെയും മകനാണ് നിതിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com