ഓപ്പറേഷൻ ജാവയിലെ സായ്പ് നമ്മുടെ ഓടക്കാലിക്കാരൻ
Mail This Article
തമിഴ്നാട്ടിലെ ചേരിയിൽ കള്ളിമുണ്ടും ടീഷർട്ടുമൊക്കെയിട്ടു ചില്ലറ തട്ടിപ്പുകളുമായി കഴിയുന്ന സായ്പ് സൈബർ സെല്ലിന്റെ വലയിൽ വീഴുന്നതു വരെ പ്രേക്ഷകർ കണ്ണിമചിമ്മാതെ കണ്ടിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമ കണ്ട പ്രേക്ഷകർ സായ്പിനെ മറക്കാൻ വഴിയില്ല. ചെമ്പൻ തലമുടിയും വെളുവെളുത്ത മുഖവുമുള്ള ഇദ്ദേഹം ഏതോ വിദേശ നടനാണെന്നു കരുതി സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞവർ എത്തിയത് പെരുമ്പാവൂർ ഓടക്കാലി സ്വദേശി ശരത് തേനുമൂലയിലാണ്.
അതേ, പക്കാ ‘ലോക്കൽ സായ്പ്’. ‘ജന്മനാ നിറം ഇങ്ങനെയാണ്. ചെറുപ്പകാലത്ത് പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ മാതാപിതാക്കളാണ് താങ്ങായി നിന്നത്. കോളജ് പഠനകാലത്ത് ഇത്തരം പരിഹാസങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടായെന്ന ധൈര്യം വന്നു. കാഴ്ചയുടെ പേരിൽ പരിഹസിക്കപ്പെടുമ്പോഴും കാഴ്ചയിലെ പ്രത്യേകതകളാൽ ഇപ്പോൾ അറിയപ്പെടുകയാണ്’ – നല്ല പച്ചമലയാളത്തിൽ ശരത് പറഞ്ഞു.
ഓടക്കാലി പൂമല തേനുമൂല അയ്യപ്പൻ കുട്ടിയുടെയും ശ്യാമളയുടെയും മൂത്ത മകനായ ശരത് 2018ൽ പുറത്തിറങ്ങിയ കുട്ടനാടൻ മാർപാപ്പയിലൂടെയാണ് സിനിമയിൽ എത്തിയത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ക്യാമറാമാൻ കഥാപാത്രത്തിന്റെ സഹായിയായ വിദേശിയായിട്ടാണ് അഭിനയിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ 2004–07 കാലത്ത് ഫിലോസഫി ബിരുദത്തിനു പഠിക്കുമ്പോൾ ജൂനിയറായിരുന്നവരാണ് കുട്ടനാടൻ മാർപാപ്പായുടെ സ്ക്രിപ്റ്റ് അസിസ്റ്റന്റുമാർ. അനുയോജ്യമായ കഥാപാത്രം വന്നപ്പോൾ ഇവർ ശരത്തിനെ നിർദേശിക്കുകയായിരുന്നു. ഈ ചിത്രത്തിൽ യേശുക്രിസ്തുവിന്റെ വേഷവും ചെയ്തു.
രണ്ടാമത്തെ ചിത്രമായ ഓപ്പറേഷൻ ജാവ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതോടെയാണു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത് വഴിയാണ് അവസരം ലഭിച്ചത്. ഇതിനു ശേഷം ചില ചിത്രങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലോക്ഡൗൺ മൂലം ഷൂട്ടിങ് തുടങ്ങിയിട്ടില്ല.
സംവിധാനമാണ് ലക്ഷ്യം. അഭിനയവും ഇഷ്ടമാണ്. ബെംഗളൂരുവിൽ നിന്ന് എംഎ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുണ്ട്. ഗവേഷണവും നടക്കുന്നു. 5 വർഷം ബെംഗളൂരുവിൽ ജോലി ചെയ്തു. എറണാകുളം ആസ്ഥാനമായ അയനിക എന്ന മാനസിക ആരോഗ്യ ഗവേഷണ സ്ഥാപനത്തിലാണ് 2015 മുതൽ. സന്നദ്ധ സംഘടനകൂടിയായ ഈ സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണിപ്പോൾ. സിനിമ പോലെ പാഷനാണ് മാനസിക ആരോഗ്യ ഗവേഷണ മേഖല. മാനസികാരോഗ്യം ഇതുവരെ ആരും കാര്യമായി എടുത്തിരുന്നില്ല. കോവിഡ് കാലത്ത് ഏറെ പ്രസക്തിയുള്ള മേഖലയായി ഇതു മാറി.
ഇപ്പോഴും പ്രസക്തി മനസ്സിലാകാത്ത മാനസിക ആരോഗ്യത്തെ കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ സെലിബ്രിറ്റികൾ വേണം. തന്റെയും സുഹൃത്തുക്കളുടെയും പ്രശസ്തി ഇത്തരം ബോധവൽക്കരണങ്ങൾക്കു കൂടി ഉപയോഗപ്പെടുത്താനാണ് ശരത്തിന്റെ തീരുമാനം. പ്രതീക്ഷ എന്ന പേരിൽ ഹെൽപ് ഡെസ്ക് ശരത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.