ADVERTISEMENT

ഹരിപ്പാട് ഗ്രാമപഞ്ചായത്ത്– എന്ന സിനിമയിൽ രമേശ് ചെന്നിത്തലയും എ.എം.ആരിഫ് എംപിയും രാഷ്ട്രീയ നേതാക്കളായി മുഖത്തു ചായം തേക്കുന്നു. രമേശ് ചെന്നിത്തല ഉന്നത രാഷ്ട്രീയ നേതാവായി അഭിനയിക്കുന്ന സിനിമയിൽ എ.എം.ആരിഫ് രാഷ്ട്രീയക്കാരനായ അശോകൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചെറിയ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പിന്നീട് എംപിയാകുന്ന അശോകന്റെ വേഷമാണ് അഭിനയിക്കുന്നത്. 

 

എം.ജി. ശ്രീകുമാർ ആലപിച്ച ഗാനത്തിൽ എ.എം.ആരിഫ് എംപി അഭിനയിക്കുന്ന ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. രമേശ് ചെന്നിത്തല അഭിനയിക്കുന്ന ഭാഗം കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാലുടൻ ആരംഭിക്കും. വലിയ ആൾക്കൂട്ടം വേണ്ട സീനുകളായതിനാലാണ് രമേശ് ചെന്നിത്തലയുടെ ഷൂട്ടിങ് താമസിക്കുന്നത്. പണ്ട‌ു നാടകത്തിൽ അഭിനയിച്ചിട്ടുള്ള രമേശ് ചെന്നിത്തല ചില ഡോക്കുമെന്ററികളിലും മുഖം കാണിച്ചിട്ടുണ്ട്. കെഎസ്‌യുവിന്റെയും അഖില കേരള ബാലജന സഖ്യത്തിന്റെയും ഭാരവാഹിയായിരുന്ന കാലത്തു രമേശ് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാട്ടിലെ ക്ലബുകളിലും ചങ്ങനാശേരി എൻഎസ്എസ് കോളജിലുമൊക്കെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ ആദ്യമായിട്ടാണ്. 

 

ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടുത്തെ രാഷ്‌ട്രീയ പശ്ചാത്തലവും നർമത്തിൽ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും അഭിനയിക്കുന്നുണ്ട്. ഹരിപ്പാട്ട് 5 കൊല്ലം മുമ്പ് നടന്ന തിരഞ്ഞെടുപ്പും കോവിഡാനന്തര തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് സിനിമയിലുള്ളത്. റെജുകോശി എഴുതി നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് എന്ന സിനിമയുടെ നിർമാണം കോഡിബ്രൈനി ആണ്. ലോക്ഡൗൺ മൂലമുള്ള വിലക്ക് മാറിയാൽ ഒരു മാസത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിയുമെന്ന് നിഖിൽ മാധവ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com