ADVERTISEMENT

കുരുതി സിനിമ പറഞ്ഞുവയ്ക്കുന്നത് സന്ദേശമല്ല, യാഥാർഥ്യം തന്നെയാണെന്ന് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. അഭിനയത്തിൽ മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനും പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു.

 

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍:

 

‘കുരുതി’ കണ്ടു. പരിചിതമായ കുറെ ജീവിതങ്ങൾ. മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാൾ കടന്നുവരുന്നത് കല്ലുകടിയാണ്. ‘നത്തിങ് പെ-ർ-സനൽ' എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലിഷ് പറയുന്ന ലായിഖ് പക്ഷേ ‘നാറ്റ്സി' എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല.

 

ലായിഖിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് കടന്നുവന്നത് യുക്തിഭദ്രമായി. യൂറോപ്പിൽ ഏറ്റവുമധികം മുസ്‌ലിങ്ങൾ ഉള്ള രാജ്യമാണ് ഫ്രാൻസ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്നിൽ പാരിസ് സെന്റ് ജെർമയ്ൻ (പിഎസ്ജി) ഫുട്ബോൾ ടീമിന്റെ ലോഗോയാണ്. ഫ്രാൻസിൽ ഇസ്‌ലാമോഫോബിയ വർധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്‌ലിം വിഭാഗത്തെ ഒപ്പം ചേർത്തുനിർത്തുന്ന ക്ലബ്ബാണ് പിഎസ്ജി.

 

ഇങ്ങനെയുള്ള ചെറിയ വിവരങ്ങളിൽ പുലർത്തിയ സൂക്ഷ്മത പക്ഷേ വലിയ കാര്യങ്ങളിൽ ഉണ്ടായില്ല. ഒരു വീട്ടിൽ രണ്ടോ മൂന്നോ റൗണ്ട് വെടിവപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയർന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കിൽ ശബ്ദം അടുത്ത വീട്ടിൽ മാത്രമല്ല കേൾക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകൾ കഴിഞ്ഞവൻ പയറുപോലെ നിൽക്കുകയാണ്. നേരം വെളുത്തിട്ടും പാലത്തിൽ കത്തിയുമായി നിൽക്കുന്നയാളിന് ആൾക്കാർ കാണുമെന്ന ചിന്തയുമില്ല. 

 

രാത്രിദൃശ്യങ്ങൾ, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലർത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാൽ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങളുടെ ചുവടുപിടിച്ച് തീവ്രനിലപാടുകൾ വളർത്തുന്നവർ ഉണ്ടെന്നത് ദുരവസ്ഥയാണ്. കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്‌ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവയ്ക്കുന്നത് ഒരു സന്ദേശമല്ല, യാഥാർഥ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com