100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു: അമ്പിളി ദേവി കോടതിയിൽ
Mail This Article
നടൻ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നതു വിലക്കി തൃശൂർ കുടുംബക്കോടതി. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽനിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി.
നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്നും സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യൻ കോടതിയിൽ വാദിച്ചു. വിവാഹത്തിനു മുൻപു സ്വർണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്സാപ് സന്ദേശം ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്കു കൈമാറിയായിരുന്നു വാദം.
മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്നും ഇയാൾ വാദിക്കുന്നു. അമ്പിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേസിൽ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.