മൂന്നാറിലെ പാലാമഠം ബംഗ്ലാവിൽ മമ്മൂട്ടിയുടെ പിറന്നാളാഘോഷം; കേക്ക് പ്രിയ ചാക്കോച്ചന് വക
Mail This Article
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് മൂന്നാറിന്റെ മടിത്തട്ടിൽ 70–ാം പിറന്നാൾ ആഘോഷം. അടിമാലിക്ക് സമീപം കല്ലാറിലുള്ള ‘പാലാമഠം (സൽ മനത്ത്)’ എന്ന സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു പിറന്നാൾ ആഘോഷം.
തിങ്കളാഴ്ച രാത്രി തന്നെ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ സുറുമി, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പം മമ്മൂട്ടി ഏലത്തോട്ടത്തിലുള്ള ഈ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഇന്നലെ കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങൾക്കൊപ്പം നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, നടൻ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ചതായിരുന്നു മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക്.
മൂന്നാറിൽനിന്നും അടിമാലിയിൽനിന്നുമൊക്കെ രാവിലെ മുതൽ തങ്ങളുടെ പ്രിയപ്പെട്ട നായകനെ കാണാനായി ആളുകളുടെ ഒഴുക്കായിരുന്നു. എന്നാൽ ആർക്കും അദ്ദേഹം മുഖം കൊടുത്തില്ല. പിറന്നാൾ ദിനം മുഴുവൻ തോട്ടത്തിലും വീട്ടിലുമായാണ് സമയം ചിലവഴിച്ചത്. സ്വകാര്യമായ സന്ദർശനമായതിനാൽ കുടുംബത്തോടൊപ്പം ജന്മദിനം ചെലവഴിക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള വീടും അടുത്തകാലത്ത് നിർമിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്.
പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിനിമയിലെ സഹപ്രവർത്തകർക്കും രാഷ്ട്രീയ, സംസ്കാരിക മേഖലകളിലുള്ളവർക്കും ആരാധകർക്കും പ്രേക്ഷകർക്കും മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. അമിതാഭ് ബച്ചൻ, മോഹൻലാൽ, കമലഹാസൻ തുടങ്ങി സിനിമാ ലോകമൊന്നാകെ മമ്മൂട്ടിക്ക് ഇന്നലെ പിറന്നാൾ ആശംസകൾ നേർന്നു.