ഡാനിയൽ ക്രെയ്ഗിനു വിട; ‘ജെയിംസ് ബോണ്ട്’ ചിത്രത്തിന് ഗംഭീര പ്രതികരണം
Mail This Article
ബ്രിട്ടിഷ് രഹസ്യ ഏജന്റ് ജെയിംസ് ബോണ്ട് നമ്മെ ത്രസിപ്പിക്കാൻ വീണ്ടും എത്തി. 59 വർഷം മുമ്പ് തുടങ്ങിയ ബോണ്ട് എന്ന അദ്ഭുത മനുഷ്യന്റെ പടയോട്ടം എന്നും ആവേശത്തോടെ ആസ്വദിച്ച പ്രേക്ഷകരുടെ ഇടയിലേക്ക് 25-ാമത്തെ ബോണ്ട് ചിത്രമായാണ് 'നോ ടൈം ടു ഡൈ' (No Time To Die) എത്തുന്നത്.
ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽ ആൽബർട് ഹാളിൽ വൻ സദസിനു മുമ്പാകെ ആദ്യ പ്രദർശനം അരങ്ങേറിയ ചിത്രത്തിന്റെ പ്രദർശനത്തിന് ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസിങ് കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. അഞ്ചു ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി വേഷമിട്ട ഡാനിയൽ ക്രെയ്ഗ് ഈ ചിത്രത്തോടെ ബ്രിട്ടീഷ് സീക്രട്ട് ഏജന്റിന്റെ വേഷം അഴിച്ചു വയ്ക്കുകയാണ്.
2006 ൽ 'കാസിനോ റോയലിൽ' ബോണ്ട് ആയി അഭിനയിച്ചു തുടങ്ങിയ ക്രെയ്ഗ്, ക്വാണ്ടം ഓഫ് സൊലേസ് (2008), സ്കൈ ഫാൾ (2012), സ്പെക്ടർ (2015 ) എന്നീ ചിത്രങ്ങളിൽ ജെയിംസ് ബോണ്ട് ആയി. നാല് ചിത്രങ്ങളിൽ അഭിനയിച്ചതോടെ ബോണ്ട് ചിത്രങ്ങളിലെ അഭിനയം മതിയാക്കാൻ ക്രെയ്ഗ് തീരുമാനമെടുത്തിരുന്നുവത്രെ. എന്നാൽ അവസാന നിമിഷം അഞ്ചാമത്തെ ചിത്രത്തിലും അദ്ദേഹം തന്നെ ബോണ്ട് ആയി അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ചിത്രത്തിൽ മറ്റൊരു ബോണ്ടിനെയാകും പ്രേക്ഷകർ കാണുക.
ബോണ്ടിനെപ്പോലെ എക്കാലത്തും പ്രശസ്തയായിരുന്നു ബോണ്ട് ഗേളും. ആൻ ഡി അർമാസ് ആണ് പുതിയ സിനിമയിൽ ബോണ്ട് ഗേളായി അഭിനയിക്കുന്നത്. ചൊവ്വാഴ്ച റോയൽ ആൽബർട്ട് ഹാളിൽ നിന്ന റെഡ് കാർപ്പറ്റ് പ്രീമിയറിൽ ഡാനിയൽ ക്രെയ്ഗിനൊപ്പം അവരും പങ്കെടുത്തിരുന്നു. പ്രധാന വില്ലനായ ലൂറ്റ്സിഫർ സഫിൻ ആയി റാമി മാലേക് ആണ് അഭിനയിക്കുന്നത്. ലീ സൈഡെക്സ്, റാൽഫ് ഫിയൻസ്, ക്രിസ്റ്റോഫ് വാൽസ്, നവോമി ഹാരിസ് ബെൻ വിഷോ ,റോറി കിന്നിയർ, ലേഷ്ന ലിൻച്ച്, ബില്ലി മാഗ്നുസൻ, ജെഫ്രി റൈറ്റ് തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം ക്രെയ്ഗ് നടത്തിയ വിടവാങ്ങൽ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഞ്ചു സിനിമകളിൽ തന്റെ സഹപ്രവർത്തകരായിരുന്നവരോട് യാത്ര പറയുമ്പോൾ അമ്പത്തിമൂന്നുകാരനായ ക്രെയ്ഗിന്റെ ശബ്ദമിടറി, കണ്ണുകൾ ഈറനണിഞ്ഞു. ചിത്രങ്ങളിൽ ഉരുക്കുമനുഷ്യനായി പ്രത്യക്ഷപ്പെടുന്ന ബോണ്ട് ഹൃദയ വികാരങ്ങളുള്ള ഒരു സാധാരണ മനുഷ്യനായി !. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ജമൈക്കയിൽ വച്ച് ക്രെയ്ഗിനു പരുക്കേറ്റിരുന്നെങ്കിലും രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം ലണ്ടനിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തി.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒട്ടേറെ അതിസാഹസിക രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് അതിന്റെ ടീസറിൽ നിന്നു വ്യക്തമാണ്. തന്റെ നേർക്ക് തുരുതുരെ വെടി ഉതിർക്കുന്നവരിൽ നിന്നു ബോണ്ട് രക്ഷപ്പെടുന്നതാണ് ടീസറിലെ ഹൈലൈറ്റ്.
ഇയാൻ ഫ്ലെമിങ്ങിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി നിർമിച്ച ബോണ്ട് ചിത്രം ഡോ. നോ ഇറങ്ങിയത് 1962 ൽ. ഷോൺ കോണറിയായിരുന്നു ആദ്യ ബോണ്ട്. അദ്ദേഹം 7 സിനിമകളിൽ ബോണ്ട് ആയി. ഷോണിനു പകരക്കാരനായി എത്തിയ ജോർജ് ലാസൻബി ബോണ്ട് ആയത് ഒരു തവണ മാത്രം. പിന്നീട് എത്തിയ റോജർ മൂർ ഏഴ് എണ്ണത്തിലും തിമോത്തി ഡാൽട്ടൺ 2 എണ്ണത്തിലും ബോണ്ട് ആയി. ബോണ്ട് നായകരിൽ ഏറ്റവും സുന്ദരനായ പിയേഴ്സ് ബ്രോസ്നൻ 4 തവണ ബോണ്ട് ആയി. ഓരോ ബോണ്ട് ചിത്രവും ഇറങ്ങുന്നതിനു മുമ്പു തന്നെ അടുത്ത ബോണ്ട് ആരെന്ന ചർച്ചയും തുടങ്ങുക പതിവാണ്. മുൻ ബോണ്ട് തുടരുമോ പുതിയ ബോണ്ട് വരുമോ എന്നൊക്കെ ആരാധകർ ആകാംഷയോടെ ചർച്ച ചെയ്യുന്നു.
നിലവിലെ ബോണ്ട് വിരമിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇത്തവണയും ചർച്ച സജീവമാണ്. ഇനി വരാൻ പോകുന്നത് ഒരു വനിതാ ബോണ്ട് ആകുമോ എന്ന ചർച്ചയും ഇതിനിടെ പൊടിപൊടിക്കുന്നുണ്ട്. നിർമാതാക്കളുടെ ഭാഗത്തു നിന്നു സൂചനകളോ പ്രഖ്യാപനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളും സിനിമാ പ്രേമികളുമാണ് ചർച്ചകളുമായി രംഗത്തുള്ളത്. ഡാർക്ക് നൈറ്റ് റൈഡ്സ്, മാഡ് മാക്സ്: ഫ്യൂരിറോഡ് തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ടോം ഹാർഡിയുടെ പേരാണ് പറഞ്ഞുകേൾക്കുന്ന പേരുകളിൽ ഒന്ന്.
ദ് വയർ , ദ് സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഡ്റിസ് എൽബയുടെ പേരാണ് മറ്റൊന്ന്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഇഡ്റിസിന്റെ ഒരു വാചകമാണ് ഇതിനു കാരണം ബോണ്ടിന്റെ പ്രശസ്തമായ ' മൈ നെയിം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട് ' എന്ന ഡയലോഗിനെ അനുകരിച്ച് ' മൈ നെയിം ഈസ് എൽബ, ഇഡ്റിസ് എൽബ' എന്നായിരുന്നു ആ വാചകം. എന്നാൽ ഇതേക്കുറിച്ച് ഒരു അഭിപ്രായ പ്രകടനത്തിനും എൽബ മുതിർന്നില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഉള്ള ചാൻസ് കൂടി ഇല്ലാതാകുമെന്നായിരുന്നു എൽബയുടെ ആകെയുള്ള പ്രതികരണം.
ഒടുവിൽ ഏവരെയും നടുക്കിക്കൊണ്ട് ഒരു വനിതാ ബോണ്ട് രംഗപ്രവേശം ചെയ്യുമോ? അതാണ് ഇനി അറിയാനുള്ളത്. അങ്ങനെ സംഭവിച്ചാൽ ആർക്കായിരിക്കും നറുക്കു വീഴുക? കറുത്ത വർഗക്കാരിയായ ലേഷ്ന ലിൻച്ച് ലേഡി ബോണ്ട് ആയി മാറുമെന്നാണ് ഒരു അനുമാനം. ഏറ്റവും പുതിയ ബോണ്ട് ചിത്രത്തിൽ ബ്രിട്ടീഷ് സീക്രട്ട് ഏജന്റായി അവർ എത്തുന്നുണ്ട്.
ബോണ്ട് സിനിമകൾക്ക് ലക്ഷക്കണക്കിനു ആരാധകരുള്ള ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി ചിത്രത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പല സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടഞ്ഞു കിടക്കുന്നു.തുറന്ന സ്ഥലങ്ങളിൽ തന്നെ കോവിഡ് നിയന്ത്രണങ്ങൾ.ഇതെല്ലാം മറികടന്ന് തങ്ങളുടെ ഇഷ്ടനായകനെ വരവേൽക്കാൻ ബോണ്ട് ആരാധകർക്ക് കഴിയുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.