അവാർഡ് ‘നൈറ്റ് ഡ്രൈവി’ൽ ആഹ്ളാദത്തോടെ അന്ന!
Mail This Article
സംസ്ഥാന ചലച്ചിത്ര പുരസ്കാര വാർത്തയെത്തുമ്പോൾ ആലുവ ചൂണ്ടിയിൽ ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അന്ന ബെൻ. മികച്ച നടി അന്നയാണെന്നറിഞ്ഞതോടെ സെറ്റ് ആഘോഷത്തിലായി. പുരസ്കാരത്തിനർഹയാക്കിയ കപ്പേള എന്ന ചിത്രത്തിലെ നായകൻ റോഷനൊപ്പം ‘നൈറ്റ് ഡ്രൈവിൽ’ വീണ്ടും ഒരുമിച്ചഭിനയിക്കുന്നതിനിടെ അവാർഡ് വാർത്തയെത്തിയത് ആകസ്മികത.
അന്ന സംസാരിക്കുന്നു:
∙ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലാണല്ലോ അന്ന മിക്കവാറും അഭിനയിക്കുന്നത്. അതിന്റെ സമ്മർദമുണ്ടോ?
ഇല്ലെന്നു മാത്രമല്ല ഞാൻ അത് ആസ്വദിക്കുന്നുമുണ്ട്. മികച്ച സിനിമകളിൽ കേന്ദ്ര കഥാപാത്രങ്ങളാകാൻ അവസരം ലഭിക്കുക എന്നതു ചെറിയ കാര്യമല്ല. ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണത്.
∙ കോവിഡ് പ്രതിസന്ധി മൂലം തിയറ്ററുകളിൽ അധികമാളുകൾ കാണാത്ത ചിത്രമാണ് കപ്പേള?
അതു വലിയ വിഷമമുണ്ടാക്കിയിരുന്നു. ഏറെ കഠിനാധ്വാനം വേണ്ടി വന്ന ചിത്രമായിരുന്നു. നന്നായി ചെയ്തു എന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. തിയറ്ററിൽ എല്ലാവരും ചിത്രം കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, നെറ്റ്ഫ്ലിക്സിൽ കപ്പേള ഹിറ്റായതോടെ ആ വിഷമം കുറഞ്ഞു. രാജ്യത്തും വിദേശത്തുമുള്ള സിനിമാസ്വാദകരിലേക്കു ചിത്രമെത്തി. വലിയ അഭിനന്ദനവും കിട്ടി.
∙ അച്ഛനിൽ നിന്നു ലഭിക്കുന്ന പിന്തുണ?
ആദ്യ ഓഡിഷനു പോയപ്പോൾ അപ്പയുടെ മകളാണെന്നതു പറഞ്ഞില്ല. എന്നാൽ, സിനിമയിലെത്തിയപ്പോൾ അപ്പാ എല്ലാക്കാര്യത്തിലും ഒരുപാടു സപ്പോർട്ട് ചെയ്തു. എന്റെ ആഗ്രഹങ്ങൾക്കും താൽപര്യങ്ങൾക്കും ഒരിക്കലും എതിരു നിന്നിട്ടില്ല. സിനിമയെക്കുറിച്ച് എല്ലാ സംശയങ്ങളും തീർക്കാനും വഴികാട്ടാനും ഒരാളുണ്ട് എന്നതു ചെറിയ കാര്യമല്ല.
∙ അടുത്ത വർഷത്തെ അവാർഡ് കമ്മിറ്റിക്കു മുന്നിലും അന്നയുടെ മികച്ച ചിത്രങ്ങളുണ്ട്?
അക്കാര്യമൊന്നും ചിന്തിച്ചിട്ടില്ല. നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം കിട്ടുക എന്നതാണു പ്രധാനം.