കപ്പേള തിയറ്ററിൽ 4 ദിവസം മാത്രം എല്ലാ ദുഃഖവും മായ്ച്ച് മുസ്തഫയ്ക്ക് പുരസ്കാരം
Mail This Article
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം മുഹമ്മദ് മുസ്തഫയ്ക്ക് എന്ന് അവാർഡ് ജൂറി പ്രഖ്യാപിക്കുമ്പോൾ മുസ്തഫ വീട്ടിലെ മുറിയിൽ എഴുത്തിന്റെ ലോകത്തായിരുന്നു. ‘കപ്പേള’യ്ക്കു ശേഷമുള്ള സിനിമയുടെ തിരക്കഥാരചനയിൽ. ആദ്യ സിനിമയ്ക്കു ലഭിച്ച മികച്ച പ്രതികരണം സംവിധായകൻ എന്ന നിലയിൽ ഉണ്ടാക്കിയ ഉത്തരവാദിത്തം ശരിക്കും നിറവേറ്റാനുള്ള ഒരുക്കം. അതിനിടെയാണ് പ്രതീക്ഷകൾക്കു കൂടുതൽ നിറം പകർന്നുകൊണ്ട് അവാർഡ് പ്രഖ്യാപനം ഉണ്ടാകുന്നത്.
മുസ്തഫയെ സംബന്ധിച്ചിടത്തോളം എല്ലാം ആകസ്മികമായിരുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ചെറിയ ചെറിയ നാടകങ്ങൾ കളിച്ചു നടന്ന മുസ്തഫ സിനിമാ ലോകത്ത് അപ്രതീക്ഷിതമായി എത്തിയതാണ്. കോഴിക്കോടൻ ഭാഷ പറഞ്ഞുകൊണ്ട് ചെറിയ വേഷത്തിലായിരുന്നു തുടക്കം. എന്നാൽ പെട്ടെന്നു തന്നെ മുസ്തഫ ദേശീയ തലത്തിൽ ശ്രദ്ധേയനായി. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘ഐൻ’ എന്ന സിനിമയിലെ വേഷമായിരുന്നു ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. 2014ൽ ജൂറിയുടെ പ്രത്യേക പുരസ്കാരം.
സംവിധായകൻ രഞ്ജിത്താണ് സിനിമയിൽ മുസ്തഫയുടെ തലതൊട്ടപ്പൻ.
നടൻ മുരളീമേനോനാണ് ചാനൽ ഷോയ്ക്കിടെ മുസ്തഫയോട് രഞ്ജിത്തിനെ പോയി കാണാൻ പറഞ്ഞത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘തിരക്കഥ’ യുടെ സെറ്റിൽ പോയി കണ്ടു. അപ്പോഴേക്കും ആ സിനിമയിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ അടുത്ത സിനിമയിൽ രഞ്ജിത്ത് മുസ്തഫയെ വിളിച്ചു. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൽ’ മുസ്തഫ അഭിനയിച്ചു. ചെറിയ സ്ക്രീനിൽ നിന്ന് അങ്ങനെ വലിയ സ്ക്രീനിലെത്തി. പിന്നീടുള്ള രഞ്ജിത്ത് സിനിമകളിലെല്ലാം മുസ്തഫയുണ്ടായിരുന്നു.
‘ഞാൻ’, ‘ലോഹം’ എന്നീ ചിത്രങ്ങളിൽ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്നാണു സ്വന്തം സിനിമയ്ക്കുള്ള കഥ അന്വേഷിക്കുന്നത്. രണ്ടര വർഷം മുൻപ് സുഹൃത്ത് വാഹിദ് പറഞ്ഞൊരു കഥയിൽനിന്നാണു കപ്പേളയുടെ ജനനം. വാഹിദ് പറഞ്ഞതുപോലെയൊരു അനുഭവം മുസ്തഫയ്ക്കും ഉണ്ടായിരുന്നു.
കോഴിക്കോട്ടെ സരോവരം പാർക്കിൽ ‘ഞാൻ’ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ദുൽഖറാണ്. ദുൽഖർ സൽമാനെ കാണാൻ ഒരു പെൺകുട്ടി സെറ്റിൽ ചുറ്റിനടക്കുന്നു. എന്തിന് ഒറ്റയ്ക്കിങ്ങനെ നടക്കുന്നുവെന്നു ചോദിച്ചപ്പോൾ അവളൊരു കാര്യം പറഞ്ഞു. വയനാട്ടിലെ ഹൈറേഞ്ചിൽനിന്നു കോഴിക്കോടു നഗരത്തിൽ അവൾ എന്തിനു വന്നു എന്ന കാര്യം.
വാഹിദ് പറഞ്ഞ കഥയും കോഴിക്കോട്ടെ പെൺകുട്ടിയുടെ അനുഭവവും ഒരേപോലെ! കഥയും തിരക്കഥയും വായിച്ച ഗുരു രഞ്ജിത്ത് ധൈര്യം പകർന്നതോടെ എല്ലാം വേഗത്തിലായി. ‘കപ്പേള’യിലെ പെൺകുട്ടിക്ക് ഉണ്ടായ അനുഭവം തന്നെയായിരുന്നു വയനാട്ടിലെ പെൺകുട്ടിക്കും. അങ്ങനെ ജെസി എന്ന കഥാപാത്രം ജനിച്ചു. വിഷ്ണു വേണുവിനെ നിർമാതാവായി ലഭിച്ചു. റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും നായകരായി.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടപ്പോൾ മുസ്തഫ ഉറപ്പിച്ചു– ജെസിയായി അന്ന ബെൻ തന്നെ. അന്നയോടു കഥ പറഞ്ഞു. അവൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ കാത്തിരുന്നു. ഏറെ പ്രതീക്ഷയോടെ കപ്പേള തിയറ്ററിലെത്തിയതും കോവിഡ് തരംഗം വന്നു. നാലുദിവസം മാത്രമാണു തിയറ്ററിൽ കളിക്കാനുള്ള യോഗമുണ്ടായത്. ആ ദുഖമെല്ലാം ഇപ്പോൾ മുസ്തഫ മറക്കുകയാണ്. കഷ്ടപ്പാടിനുള്ള അംഗീകാരമായി മുസ്തഫയ്ക്ക് ഈ അവാർഡ്.