ADVERTISEMENT

ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി വനിത എത്തിയതിനൊപ്പം പ്രധാന പുരസ്കാരങ്ങൾ നേടിയത് സ്ത്രീപക്ഷ ചിത്രങ്ങളാണെന്നതു ശ്രദ്ധേയമായി. മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെട്ട ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനും തിങ്കളാഴ്ച നിശ്ചയവും കുടുംബത്തിൽ സ്ത്രീക്കു നിഷേധിക്കപ്പെടുന്ന ജനാധിപത്യ അവകാശങ്ങളും ആൺകോയ്മയുമാണു പ്രമേയമാക്കുന്നത്. ഈ സിനിമകൾ ജൂറി ഏകാഭിപ്രായത്തോടെ തിരഞ്ഞെടുത്തതു സന്തോഷകരമാണെന്നു അധ്യക്ഷ സുഹാസിനി മണിരത്നം പറഞ്ഞു.

മൂന്നു പ്രത്യേക പുരസ്കാരങ്ങളും സ്ത്രീപക്ഷ അംഗീകാരമായി. ഗോത്ര സംസ്കൃതിയുടെ തനിമ നിറയുന്ന ‘കളക്കാത്ത സന്ദനമേറം...’ എന്ന ഗാനത്തെ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ജനപ്രിയമാക്കിയ ആലാപന മികവാണ് അട്ടപ്പാടി ഊരിലെ നാഞ്ചിയമ്മയ്ക്കു പ്രത്യേക പുരസ്കാരം നേടിക്കൊടുത്തത്.

 

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട തുറന്നു പറച്ചിലുകളിലൂടെ സദാചാര പൊയ്മുഖങ്ങളെ തകർത്തെറിഞ്ഞ നളിനി ജമീലയുടെ സർഗാത്മക മികവിനുള്ള അംഗീകാരമായി വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം. സമൂഹത്തിന്റെ വിവിധ തലങ്ങളിൽനിന്നു സിനിമയുടെ സർഗാത്മക മേഖലയിലേക്കു കടന്നു വരാനുള്ള പ്രയത്നത്തിനുള്ള അംഗീകാരമാണിതെന്നാണു ജൂറിയുടെ വിലയിരുത്തൽ. ലൈംഗിക തൊഴിലാളിയുടെ ജീവിതം പ്രമേയമായ ‘ഭാരതപ്പുഴ’യിൽ നളിനി ജമീലയുടെ നിർദേശങ്ങൾ അനുസരിച്ചായിരുന്നു വസ്ത്രങ്ങൾ ഒരുക്കിയത്. 

 

ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണു സിജി പ്രദീപ് പ്രത്യേക പുരസ്കാരം നേടിയത്. മികച്ച നടിക്കു വേണ്ടിയായിരുന്നു ഏറ്റവും കടുത്ത മത്സരമെന്നതു സന്തോഷിപ്പിക്കുന്നതാണെന്നു 1987ലും 2001ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും 1986ൽ ദേശീയ പുരസ്കാരവും നേടിയിട്ടുള്ള സുഹാസിനി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com