ഒറ്റമുറി വീട്ടിൽ അവാർഡ് തിളക്കം
Mail This Article
ഇൻസൾട്ടല്ല. സാഹചര്യമാണ് ഒരുവനെ വളരാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നതെന്ന് തെളിയിക്കുകയാണ് എസ്.നിരഞ്ജൻ. തിരുവനന്തപുരം നാവായിക്കുളത്തെ ഒറ്റമുറി വീട്ടിലേക്ക് നിരഞ്ജൻ കൊണ്ടുവന്നത് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ മകൻ എന്ന ചിത്രത്തിലെ ബിലാൽ എന്ന വേഷത്തിനാണ് നിരഞ്ജൻ അവർഡ് നേടിയത്. നാവായിക്കുളം ആർ.എസ്.ലാൻഡിൽ സുമേഷിന്റെയും സുജയുടെയും മകനായ ഈ 17കാരൻ നാവായിക്കുളം ജിഎച്ച്എസിൽ പ്ലസ്ടു വിദ്യാർഥിയാണ്. സുമേഷ് കൂലിപ്പണി ചെയ്ത് ലഭിക്കുന്നതാണ് വീട്ടിലെ ഏക വരുമാനം. ഒറ്റമുറി വീട്. എന്നാൽ അഭിനയ താൽപ്പര്യമുണ്ടായിരുന്ന മകനെ സാപ്പിയൻസ് നാടക അക്കാദമിയിൽ ചേർക്കാൻ തന്റെ കീശ തപ്പിയില്ല സുമേഷ്. അവിടെ നിന്നാണ് നിരഞ്ജന്റെ അവാർഡിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ഏഴാം ക്ലാസിന്റെ അവധിക്കാലത്ത് നിരഞ്ജൻ സാപ്പിയൻസിലെത്തി. നിരഞ്ജന്റെ അഭിനയ കഴിവുകൾ ആദ്യം മനസ്സിലാക്കുന്നത് അവിടെ നിന്നുമാണ്. ഒരു വർഷത്തിനുള്ളിൽ തന്നെ നാടകങ്ങളിൽ ബാല താരമായി അരങ്ങിൽ കയറി തുടങ്ങി. സാപ്പിയൻസിലൂടെ ലഭിച്ച ഓരോ ചെറിയ അവസരവും നിരഞ്ജനെ സംബന്ധിച്ച് വലിയ അവസരങ്ങളായിരുന്നു. തന്റെ കഴിവിന്റെ പരമാവധി അവൻ തട്ടിൽ കാട്ടി. അവിടെ നിന്നുമാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. കാസിമിന്റെ മകൻ ഓഡിഷൻ വിവരം അറിയുന്നതും പോകാൻ നിർദേശിക്കുന്നതും സാപ്പിയൻസിൽ നിന്നു തന്നെ. നാടകമാണോ സിനിമയാണോ ഇഷ്ടം എന്നും ചോദിച്ചാൽ നിരഞ്ജൻ ഒന്നും പതറും. പിന്നെ പറയും, നാടകമാണ് ഇഷ്ടം. അതിലൂടെയാണ് ഞാൻ ഇവിടെ എത്തിയത്. എന്നാൽ സിനിമയിൽ അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയിക്കുമെന്നും നിരഞ്ജൻ പറഞ്ഞു. നിലവിൽ അവസരങ്ങളൊന്നും തേടി വന്നിട്ടില്ലെങ്കിലും അവാർഡിനൊപ്പം അതും എത്തും എന്ന പ്രതീക്ഷയിലാണ് നിരഞ്ജൻ.
അഭിനയത്തിനൊപ്പം പാടാനുള്ള കഴിവും നിരഞ്ജനുണ്ട്. അച്ഛൻ സുമേഷും പാടും. ഇവ രണ്ടും കഴിഞ്ഞാൽ പിന്നെ ഫുട്ബോളാണ് പ്രിയം. ക്ലബ് ടീമുകളിൽ മധ്യനിര കളിക്കാരനായി കളത്തിലിറങ്ങുന്ന നിരഞ്ജന്റെ പ്രിയ താരം മെസ്സിയാണ്. ഇഷ്ട ടീം അർജന്റീന. ബാർസലോണയിൽ നിന്നുള്ള മെസ്സിയുടെ കൊഴിഞ്ഞുപോക്ക് ചെറുതായൊന്നുമല്ല നിരഞ്ജനെ വിഷമിപ്പിച്ചത്. കാസിമിന്റെ മകൻ ഷൂട്ടിങ് ലൊക്കേഷൻ രസകരമായിരുന്നുവെന്നാണ് നിരഞ്ജൻ പറയുന്നത്. ശ്യാമപ്രസാദ് ഉൾപ്പെടുയുള്ളവർ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. നിരഞ്ജൻ പറഞ്ഞു. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ഗായത്രിയാണ് സഹോദരി.