‘ചുരുളി’യിൽ ചുറ്റികിടക്കുന്ന ആന്റണിയും ഷാജീവനും
Mail This Article
‘ചുരുളി’ സത്യത്തിൽ മനസിലാവണമെന്ന് ഒട്ടും നിർബന്ധമില്ലാത്ത ഒരു സിനിമയാണ്. ആസ്വദിക്കാൻ കാടിന്റെ വൈൽഡ് ആയ ആമ്പിയൻസ് തന്നെ ധാരാളം. ജെല്ലിക്കെട്ടിൽ ഉന്മാദികളായ മനുഷ്യനെ മാത്രമാണ് കണ്ടതെങ്കിൽ ‘ചുരുളി’ കാടിനും ഉന്മാദമുണ്ടെന്നു കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ ആദ്യം പറയുന്ന മാടന്റെ കഥയാണ് ഈ സിനിമ എന്ന് പറയാം. അനന്തമായ ഒരു ചുറ്റുള്ള കഥ.
ടൈം ലൂപ്പ് എന്ന അവസ്ഥയുടെ പ്രശ്നം അതാണ്, ഒരിക്കൽ കയറിപ്പോയാൽ പിന്നെ അവിടെ നിന്നും മടക്കമുണ്ടാവില്ല, ഒരു വൃത്തം പോലെ അതിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും. അങ്ങനെയൊരു വൃത്തത്തിലേയ്ക്ക് ഒരിക്കൽക്കൂടി ആന്റണിയും ഷാജീവനും വന്നു കയറുന്നതോടെയാണ് ചുരുളി ആരംഭിക്കുന്നത്.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള റെഫറൻസുകൾ ആദ്യം തന്നെയുണ്ട്. അങ്ങനെ രണ്ടു കഥാപാത്രങ്ങളെ ഷാജീവൻ നേരിടുന്നുമുണ്ട്. ഒരുപക്ഷേ ആന്റണിയും ഷാജീവനും തന്നെയാണ് ആ ഏലിയൻസ് എന്നും തോന്നിപ്പിച്ചു. കാരണം ഇത് ആദ്യമായല്ല അവർ ചുരുളിയിൽ എത്തുന്നത്. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുകയാണ്, അതുകൊണ്ടാണ് ചുരുളിയിലെ ക്രിമിനലുകൾക്ക് അവരെ എവിടെയോ വച്ച് കണ്ട പരിചയമുണ്ടാവുന്നത്.
‘ചുരുളി’യിൽ വരുന്ന ഓരോരുത്തരും ആദ്യം പറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി മാറും. അവരിൽ ഒരാൾ വഴി തെറ്റി അലയുന്ന തിരുമേനിയും മറ്റെയാൾ മാടനും. അത് സ്വാഭാവികമായി ആ കാട് അവരിൽ ചെയ്യുന്ന മാറ്റമാണ്. ക്രിമിനലുകളുടെ ഇടമാണ് ചുരുളി. തെറ്റ് ചെയ്യുന്നവരെല്ലാം ഒളിച്ചെത്തുന്ന ഒരിടം. അവരെ തിരഞ്ഞു ഒരുത്തനും വരില്ലെന്ന ധൈര്യം അവർക്കുണ്ട്. കാരണം മനുഷ്യന്റെ ഏറ്റവും വൈൽഡ് ആയ അവസ്ഥയെ മാത്രം ഉൾക്കൊള്ളുന്ന ഒരു കാടാണത്. അതുകൊണ്ടാണ് നന്നായി വെടി വയ്ക്കാൻ പോലും അറിയാത്ത , റേപ്പ് ചെയ്യാത്ത ഷാജീവൻ കാട്ടു മൃഗത്തെ വെടി വയ്ക്കുന്നതും ഒരു കുട്ടിയെ അയാൾ പോലുമറിയാതെ റേപ്പ് ചെയ്യുന്നതും. അയാളുടെ ഉള്ളിലെ ക്രിമിനലിനെ ആ കാട് ഇനിയും വളർത്തുക തന്നെ ചെയ്യും. അങ്ങനെയാണ് ഓരോരുത്തരോടും ‘ചുരുളി’ ചെയ്തുകൊണ്ടിരിക്കുന്നത്, തെറി വിളിയൊക്കെ അതിന്റെ ഭാഗം മാത്രം.
ക്രിമിനലുകൾ അല്ലാതെ അവരിൽ ഒരാളെ തിരഞ്ഞു വന്നതുകൊണ്ടാണ് ആന്റണിക്കും ഷാജീവനും ‘ചുരുളി’യിൽ ചുറ്റേണ്ടി വരുന്നത്. അവരുടെ ആ ചുറ്റ് ഒരിക്കലും അവസാനിക്കാത്തതുമാണ്. ആ ചുരുളിയുടെ യഥാർഥ തുടക്കത്തിലേയ്ക്ക് അവർ ക്ലൈമാക്സിൽ എത്തിപ്പെടുമ്പോൾ നമുക്ക് തോന്നും ഇനി അവർ ഉണ്ടാവാൻ പോകുന്നില്ലെന്ന്..
പക്ഷേ ജോയ് പറഞ്ഞത് പോലെ, കളികൾ അവർ കണ്ടു ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. കഥകളെല്ലാം നേരത്തെ തന്നെ അറിയാമായിരുന്ന നാട്ടുകാർ...ആന്റണിയും ഷാജീവനും വീണ്ടും വരും ‘ചുരുളി’യിലേയ്ക്ക്...
കാട്ടിലെ ആ കട കഴിഞ്ഞു വിണ്ടു കീറിയ തടിപ്പാലം കടന്നു, കാട് കടന്നു, ജോയിയെ തിരഞ്ഞു കൊണ്ട്...അവർ തന്നെ ഏതോ ഒരു കാലത്തിൽ നിന്നും അവരെ തന്നെ കാണാൻ ഏലിയൻസിന്റെ രൂപത്തിലുമെത്തും. കഥകളൊക്കെ അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ കളി കാണാൻ നാട്ടുകാരും.
ഇത് തന്നെ ആവണമെന്നൊന്നും ഇല്ല ചിത്രം. ചില കലകൾ അങ്ങനെയാണ്, പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കും. അവരവർക്ക് തോന്നുന്നത് വിശ്വസിക്കുക , ആസ്വദിക്കുക അത്രമാത്രം. ടൈം ലൂപ്പ് കൺസപ്റ്റ് ഇഷ്ടപ്പെട്ടു. മനുഷ്യന്റെ വൈൽഡ് ആയ സ്വഭാവവും...