മാർപാപ്പയുടെ ആശീർവാദം ലഭിച്ച ബേബി ശാലിനി
Mail This Article
ഞാനും എസ്.എൻ. സ്വാമിയും ജഗൻ പിക്‌ചേഴ്‌സ് അപ്പച്ചനും കൂടിയാണ് 'എന്റെ മാമാട്ടിക്കുട്ടിയമ്മ' കാണാൻ പോയത്. മോഹൻലാലും ഭരത് ഗോപിയുമാണ് നായകന്മാരായി വരുന്നതെങ്കിലും ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു വേഷമായിരുന്നു ബേബി ശാലിനിയുടേത്. മൂന്നു വയസ്സു മാത്രം പ്രായമുള്ള ശാലിനിയുടെ മുഖത്തു മിന്നി മറയുന്ന അഭിനയ മുഹൂർത്തങ്ങളും ആ ഇണക്കവും പിണക്കവും വാശിയും കുസൃതിയുമൊക്കെ കണ്ട് ഞങ്ങൾ വിസ്‌മയം പൂണ്ടിരുന്നു പോയി. പിന്നെ ഞങ്ങൾക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. അന്നു രാത്രി തന്നെ ഫാസിലിനെ വിളിച്ച് ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു.
മദ്രാസിലുള്ള മലയാളിക്കുട്ടിയാണ്. നല്ല സ്‍മാർട്ടാണ്. നന്നായിട്ട് അഭിനയിക്കുകയും ചെയ്യും തുടങ്ങിയ പോസിറ്റീവായ എല്ലാ ഗുണഗണങ്ങളും വിവരിച്ചുകൊണ്ട് അവളുടെ അച്ഛൻ ബാബുവിന്റെ ഫോൺ നമ്പരും ഫാസിൽ തന്നു.
പിറ്റേന്ന് തന്നെ പ്രൊഡക്‌ഷൻ കൺട്രോളർ ഷണ്മുഖം, ബാബുവിനെ പോയി കണ്ടു. കോൾ ഷീറ്റ് പറഞ്ഞുറപ്പിച്ചു അഡ്വാൻസും കൊടുത്തു പോന്നു. എറണാകുളത്തായിരുന്നു ചക്കരയുമ്മയുടെ ഷൂട്ടിങ്. മമ്മൂട്ടിയുടേയും കാജൽ കിരണിന്റെയും മകളുടെ വേഷമാണ് ശാലിനിക്ക്. ചക്കരയുമ്മയുടെ നാലഞ്ചു ദിവസത്തെ ഷൂട്ടിങ് കലൂരുള്ള എന്റെ വീട്ടിൽ വച്ചായിരുന്നു. മമ്മൂട്ടിയും കാജൽ കിരണും കൂടി താമസിക്കാനെത്തുന്ന വാടകവീടായിട്ടായിരുന്നത്. സൂപ്പർ താരപദവിയിലേക്കു ഉയർന്നു വരുന്ന മമ്മൂട്ടിയെക്കാളും കൂടുതലായി സ്ത്രീകളും കുട്ടികളും ശാലിനിയെ കാണാനായി തിക്കും തിരക്കും കൂട്ടിയപ്പോൾ ഞങ്ങളുടെ വീടിന്റെ ഒരു ഭാഗത്തെ മതിലു വരെ പൊളിഞ്ഞു വീണു. അന്നേ വരെ സിനിമയിൽ ഉണ്ടായിട്ടുള്ള ബാലതാരങ്ങളിൽ ഇത്രയും ക്യൂട്ട് ആയിട്ടുള്ള ഒരു കൊച്ചു പെൺസൂനത്തെ വേറെ കാണാൻ കഴിഞ്ഞിട്ടില്ല.
ഈ സമയത്തു തന്നെയാണ് ജൂബിലിയുടെ 'സന്ദർഭ'ത്തിന്റെ തിരക്കഥ ഒരുക്കാനായി ഞാനിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടേതാണ് കഥ. ഞാനും ജോഷിയും കൂടി ചെയ്‌ത ജൂബിലിയുടെ 'ആ രാത്രി'യുടെ വൻ വിജയത്തിനു ശേഷം ഉടനെ ഒരു ഫാമിലി ചിത്രം കൂടി ചെയ്യണമെന്നുള്ള ജോയിയുടെ നിർബന്ധ പ്രകാരമാണ് ഞങ്ങൾ 'സന്ദർഭ'ത്തിലേക്ക് വരുന്നത്.
ആ രാത്രിയിലൂടെയാണ് മമ്മൂട്ടി ഞങ്ങളുടെ ടീമിലേക്ക് വരുന്നത്. ആ രാത്രി ഒരു ഫാമിലി ഫിലിമായിരുന്നെങ്കിലും കുറേക്കാലത്തിനു ശേഷം സാധാരണ കണ്ടു വരുന്ന കുടുംബ കഥകളിൽ നിന്നും ചെറിയ പുതുമ അവകാശപ്പെടാവുന്ന കഥാ തന്തുവായിരുന്നു ആ രാത്രിയുടേത്.
‘ചക്കരയുമ്മ’യുടെ ഷൂട്ടിങ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ‘സന്ദർഭം’ തുടങ്ങുന്നത്. ഇതും ഒരു കുടുംബ കഥയായിരുന്നു. മമ്മൂട്ടിയും ബേബി ശാലിനിയുമാണ് അച്ഛനും മകളുമായി വേഷമിടുന്നത്. കണ്ണൂരായിരുന്നു ലൊക്കേഷൻ.
അന്നൊക്കെ കൂടുതൽ ചിത്രങ്ങളും ഫെസ്റ്റിവൽ സീസണിലാണ് റിലീസ് ചെയ്യുന്നത്. ഓണം, വിഷു, ക്രിസ്‌മസ്, ഈസ്‌റ്റർ തുടങ്ങിയ ആഘോഷ നാളുകളിൽ അഞ്ചും ആറും ചിത്രങ്ങളാണ് ഒരേ സമയം റിലീസ് ചെയ്‌തിരുന്നത്. ഈ സീസണിൽ കിട്ടുന്ന കലക്‌ഷൻ വേറെ ഏത് സമയത്തും ചെയ്‌താലും വരില്ലെന്ന് എല്ലാ നിർമാതാക്കൾക്കും നന്നായിട്ടറിയാം.
ചക്കരയുമ്മയും, സന്ദർഭവും വിഷുവിന് ചെയ്യാനായിരുന്നു അപ്പച്ചനും ജോയി തോമസും തീരുമാനിച്ചിരുന്നത്. അവർ രണ്ടു പേരും തമ്മിൽ നല്ല ഹാർമണിയുള്ളതു കൊണ്ട് ഒരു മത്സരം ഒഴിവാക്കാനായി സന്ദർഭം വിഷുവിന് റിലീസ് ചെയ്യാതെ മേയ് മാസത്തിലേക്ക് മാറ്റി വയ്ക്കാൻ ജോയി സന്മനസ്സ് കാണിച്ചു. അപ്പോഴാണ് ബാലചന്ദ്രമേനോന്റെ ഏപ്രിൽ പതിനെട്ടും വിഷുവിനുണ്ടെന്നറിഞ്ഞത്. കേൾക്കാത്ത ശബ്‌ദം, കാര്യം നിസ്സാരം തുടങ്ങിയ കുടുംബചിത്രങ്ങൾ ചെയ്‌തു വിജയം കൊയ്തു മേനോൻ ഒരു ഹോട്ട് കേക്കായി വിലസുന്ന സമയമാണ്. ചക്കരയുമ്മയും ഏപ്രിൽ പതിനെട്ടും കുടുംബചിത്രങ്ങളുമാണ്.
വേറെയും ചില ചിത്രങ്ങൾ കൂടി വിഷുവിന് റിലീസ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ അപ്പച്ചൻ ടെൻഷനായി. പക്ഷേ വിതരണക്കാരായ സെൻട്രൽ പിക്‌ചേഴ്‌സ് നേരത്തെ തന്നെ ഡെയിറ്റെടുത്തിരിക്കുന്നതു കൊണ്ട് വിഷുവിന് തന്നെ ചിത്രം പുറത്തിറക്കി. ഞങ്ങളുടെ രണ്ടു ചിത്രങ്ങളും വൻ സാമ്പത്തിക ലാഭം നേടുകയും ചെയ്‌തു.
ഈ രണ്ടു ചിത്രങ്ങളുടേയും ജനപ്രീതി ബേബി ശാലിനിയുടെ ഗ്രാഫ് വല്ലാതെ ഉയർത്തിയിരുന്നു. 'സന്ദർഭം' 150 ദിവസത്തോളം പല പ്രമുഖ കേന്ദ്രങ്ങളിലും നിറഞ്ഞോടിയതോടെ കലൂർ ഡെന്നിസ് -ജോഷി - മമ്മൂട്ടി ടീമിന്റെ സിനിമകൾക്കായി പല നിർമാതാക്കളും കാത്തു നിൽക്കാൻ തുടങ്ങി. ഞാൻ തിരക്കഥ എഴുതാനിരിക്കുന്ന മാതാ ടൂറിസ്‌റ്റ് ഹോമിൽ വന്ന് പല നിർമാതാക്കളും റൂമെടുത്ത് ദിവസങ്ങളോളം താമസിച്ചിട്ടുമുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഉണ്ടെങ്കിലും എല്ലാവർക്കും ബേബി ശാലിനിയെ വച്ചുള്ള കുടുംബ ചിത്രമാണ് വേണ്ടത്. ഒരേ പാറ്റേണിലുള്ള സിനിമകൾ ചെയ്യാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും ഓരോ നിർമാതാക്കളുടെയും നിർബന്ധത്തിന് വഴങ്ങി എനിക്കും ജോഷിക്കും പല ചിത്രങ്ങളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഓരോ കാലത്തും ഓരോ ട്രെൻഡ് ഉണ്ടെന്നും ട്രെന്റിനനുസരിച്ച് ചിത്രങ്ങൾ ചെയ്താലേ വിജയിക്കുകയുള്ളൂ എന്നുമുള്ള നിർമാതാക്കളുടെ വിശ്വാസത്തിന്റെ കൂടെ നിൽക്കാനേ അന്നു ഞങ്ങൾക്കും കഴിഞ്ഞിരുന്നുള്ളൂ.
ഈ സമയത്താണ് ഒരു ദിവസം ജോഷി പെട്ടെന്ന് എന്നെ വിളിക്കുന്നത്.
'എടാ ജർമനിയിൽ വച്ച് സിനിമ ചെയ്യാനുള്ള കഥ വല്ലതും നിന്റെ കയ്യിലുണ്ടോ? അവിടെ വച്ച് പടം ചെയ്യാൻ ഒരു പ്രൊഡ്യൂസർ വന്നിട്ടുണ്ട്. നീ ഒരു കഥ വേഗം ഉണ്ടാക്ക്.'
വിദേശത്തു വച്ച് സിനിമ ചെയ്യാനുള്ള കഥയൊന്നും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. പെട്ടെന്ന് എങ്ങനെയാണ് ഒരു കഥ ഉണ്ടാക്കുക? മമ്മൂട്ടിക്ക് ഡേറ്റ് ഇല്ലാത്തതു കൊണ്ട് രണ്ടാം നിര നായകന്മാരെ വച്ചായാലും മതി എന്നാണ് ജോഷി പറയുന്നത്.
ജർമനിയിലുള്ള അഗസ്റ്റിൻ എലഞ്ഞിപ്പിള്ളിയും തൃശൂരുള്ള സ്വപ്‌ന ബേബിയുമാണ് നിർമാതാക്കൾ. അവർ ഒരു കണ്ടീഷനെ പറഞ്ഞിട്ടുള്ളൂ, ബേബി ശാലിനി മസ്റ്റാണ്. റോമിൽ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ശാലിനിയെ ആശീർവദിക്കുന്ന ഒരു സീനും വേണം. മറ്റ് ആർട്ടിസ്റ്റുകൾ ആരായാലും പ്രശ്നമില്ല.
അപ്പോഴാണ് സംവിധായകൻ ജേസിയെ കാണാനായി പോയപ്പോൾ സാജൻ എന്നൊരു പയ്യൻ എന്നെ വന്നു പരിചയപ്പെടുന്നത് (ഇപ്പോൾ തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. സാജൻ). സാജൻ സിനിമയിൽ കഥ എഴുതുവാനുള്ള മോഹവുമായി നടക്കുന്ന കാലമാണ്. ഞാൻ സാജനോട് ഒരു ജർമൻ കഥ ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. സാജൻ രണ്ടു ദിവസത്തിനകം തന്നെ ഒരു കഥയുമായിവന്നു. അവന്റെ കൂടെ ശശി എന്ന് പേരുള്ള ഒരു കൂട്ടുകാരനും ഉണ്ട്.
അവർ രണ്ടുപേരും ചേർന്ന് ഉണ്ടാക്കിയ കഥയാണ്. ഞാൻ ജോഷിയോട് കഥയുടെ രൂപരേഖ പറഞ്ഞു.
ജർമനിയിൽ നഴ്‌സായി ജോലി ചെയ്യുന്ന അമ്മയുടെ അടുത്തേക്ക് പോകുന്ന മിനിമോൾ എന്നൊരു കൊച്ചുകുട്ടി. അവളുടെ കയ്യിലുള്ള ഒരു പാവക്കുട്ടിക്കകത്ത് ആരും കാണാതെ ഡയമണ്ട് വച്ചു വിടുന്ന സ്മഗ്‌ളർ സംഘത്തിൽ പെട്ട രണ്ടു ചെറുപ്പക്കാരും അവരുടെ പലായനവും അതേത്തുടർന്നുണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ സസ്പെൻസ് ഫാമിലി സ്റ്റോറി ജോഷിക്കും നന്നായി ഇഷ്ടപ്പെട്ടു.
'മിനിമോൾ വത്തിക്കാനിൽ' എന്നാണ് ചിത്രത്തിന് പേരിട്ടത്. ടൈറ്റിൽ റോളിലെത്തുന്ന മിനിമോളായി ബേബി ശാലിനിയെയും അമ്മയായി സരിതയെയുമാണ് ആദ്യം തീരുമാനിച്ചത്. കൂടാതെ സോമൻ, സ്വപ്‌ന, രതീഷ്, രവീന്ദ്രൻ, ലാലു അലക്‌സ്, ക്യാപ്റ്റൻ രാജു, പ്രതാപ ചന്ദ്രൻ എന്നിവരെയും ബുക്ക് ചെയ്‌തിരുന്നു. ആനന്ദക്കുട്ടനായിരുന്നു ഛായാഗ്രാഹകൻ.
1984 ൽ ഒക്ടോബർ ആദ്യ വാരത്തിലാണ് ഞങ്ങൾ ജർമനിയിലേക്ക് പുറപ്പെട്ടത്. ഫ്ലൈറ്റിൽ ഭൂരിഭാഗവും സിനിമാക്കാരായതു കൊണ്ട് ഒരു വലിയ കുടുംബം ഒന്നിച്ചു കൂടിയ പ്രതീതി ആയിരുന്നു എല്ലാവർക്കും. എയർഹോസ്‌റ്റസുമാരിൽ രണ്ടു മലയാളി യുവതികൾ ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങൾക്ക് പ്രത്യേക അറ്റൻഷൻ കിട്ടിയിരുന്നു. പിന്നെ ബേബി ശാലിനിയുടെ കുസൃതിത്തരങ്ങളും മാനറിസങ്ങളും ഒക്കെയായി പത്തു പതിനൊന്ന് മണിക്കൂർ പോയതു പോലും അറിഞ്ഞില്ല.
പിറ്റേന്ന് നേരം പുലർന്ന് തുടങ്ങിയപ്പോഴാണ് ഞങ്ങൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെത്തിയത്. കാറിൽ അവിടെ നിന്ന് താമസ സ്ഥലത്തേക്ക് മുന്നൂറു കിലോമീറ്ററിലധികം ദൂരമുണ്ടെങ്കിലും രണ്ടു മണിക്കൂർ സമയം കൊണ്ടു ഞങ്ങൾ താമസസ്ഥലത്തെത്തി.
നിർമാതാവ് അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി വളരെ ഹൃദ്യമായ സ്വീകരണത്തോടെയാണ് ഞങ്ങളെ വരവേറ്റത്. എന്നാൽ അവിടെ ചെന്നപ്പോൾ എനിക്ക് ആകെക്കൂടി ഉണ്ടായ വിഷമം ഇനി ഇവിടെ നിന്ന് പോകുന്നതു വരെ ജർമൻ ഫുഡ്കഴിക്കണമല്ലോ എന്നായിരുന്നു. പക്ഷേ ഞാൻ വിചാരിച്ചതിന്റെ വിപരീത ഫലമായിരുന്നു അവിടെ കണ്ടത്. നമ്മുടെ കേരളീയ സ്‌റ്റൈലിലുള്ള അപ്പം, പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, വെജിറ്റബിൾ കറി, ചോറ്, ചിക്കൻ കറി, ചിക്കൻ ഫ്രൈ, ബീഫ് ഉലർത്തിയത്, മീൻ കറി തുടങ്ങിയ സമൃദ്ധമായ ആഹാരക്കൂട്ടുകളുടെ കലവറയാണ് അഗസ്റ്റിൻ അവിടെ ഒരുക്കിയിരുന്നത്.
എന്റെ തൊട്ടടുത്ത റൂമിലായിരുന്നു ശാലിനിയും അച്ഛൻ ബാബുവും താമസിച്ചിരുന്നത്. ശാലിനി എപ്പോഴും ഓരോ സംശയങ്ങളും കുസൃതി ചോദ്യങ്ങളുമായി എന്റെ മുറിയിലേക്ക് ഓടി വന്നുകൊണ്ട് എന്റെ കൈവിരലിൽ തൂങ്ങി അങ്ങനെ നടക്കും.
ജർമനിയിൽ ഔട്ട് ഡോറിലുള്ള സീനുകളായിരുന്നു കൂടുതലും എടുക്കാനുണ്ടായിരുന്നത്. ഇതിനിടയിൽ ശാലിനി റോമിൽ പോയി മാർപാപ്പയുടെ അനുഗ്രഹം വാങ്ങുന്നതും, സോമനും സരിതയും ശാലിനിയും കൂടി വത്തിക്കാൻ സിറ്റിയൊക്കെ ചുറ്റിക്കറങ്ങി നടക്കുന്നതുമൊക്കെ ഷൂട്ട് ചെയ്യാനുള്ള പ്രത്യേക അംഗീകാരം അഗസ്റ്റിൻ നേരത്തെ തന്നെ വാങ്ങി വച്ചിരുന്നു.
റോമിലെ സെന്റ് പീറ്റേഴ്‌സ് ചർച്ചിനകത്ത് വച്ച് മാർപാപ്പ ശാലിനിയെ ആശീർവദിക്കുന്ന സീൻ എടുക്കുന്ന സമയത്ത് ജോഷി, ക്യാമറാമാൻ ആനന്ദക്കുട്ടൻ, സോമൻ, സരിത എന്നിവർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് ആശീർവാദം ലഭിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു സിനിമാതാരം ബേബി ശാലിനിയായിരുന്നു.
ഷൂട്ടിങ് തീരുന്നതിന് നാലഞ്ചു ദിവസം മുൻപ് തന്നെ സരിത, രതീഷ്, ബേബി ശാലിനി, സ്വപ്‌ന, രവീന്ദ്രൻ തുടങ്ങിയവർ മദ്രാസിലേക്ക് പോന്നു. അവരോടൊപ്പം ഞാനും ഉണ്ടായിരുന്നു. എനിക്ക് ഇവിടെ വന്നിട്ട് ജോഷിയുടെ തന്നെ മുഹൂർത്തം പതിനൊന്ന് മുപ്പതിന്റെ സ്ക്രിപ്റ്റ് എഴുതാനുള്ളതു കൊണ്ടാണ് ജോഷി എന്നെ നേരത്തെ വിട്ടത്.
മുഹൂർത്തം 11.30 ലും മമ്മൂട്ടിയുടെ മകളായി തന്നെയാണ് ശാലിനി വരുന്നത്. തുടർന്ന് ഞങ്ങൾ ചെയ്‌ത ഒരു കുടക്കീഴിൽ, കഥ ഇതുവരെ, വന്നു കണ്ടു കീഴടക്കി, സംവിധായകൻ സാജൻ ചെയ്‌ത കൂട്ടിനിളംകിളി, ഒരു നോക്കു കാണാൻ എന്നിവയിലും ബേബി ശാലിനി ഉണ്ടായിരുന്നു. ഒരു നോക്കു കാണാനിൽ ഡബിൾ റോളിൽ വന്ന് മിന്നുന്ന പ്രകടനമാണ് ശാലിനി കാഴ്ച വച്ചത്. ഞാൻ തന്നെ എഴുതിയ പി. ജി. വിശ്വംഭരന്റെ ഒന്നാണ് നമ്മൾ (കഥ) പ്രത്യേകം ശ്രദ്ധിക്കുക, ശശികുമാർ സാറിന്റെ 'എന്റെ എന്റേതു മാത്രം' എന്ന മോഹൻലാൽ ചിത്രത്തിലും ശാലിനിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
കലൂർ ഡെന്നിസ് -ജോഷി- മമ്മൂട്ടി ടീമിന്റെ ചിത്രങ്ങളിലാണ് ശാലിനി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഞങ്ങളുടെ എല്ലാ ചിത്രങ്ങളും വൻ വിജയം നേടുന്നത് കണ്ട് ഈ വിജയ കൂട്ടുകെട്ടിനെ എങ്ങനെയെങ്കിലും തകർക്കണമെന്നുള്ള രഹസ്യമായി ഗൂഢാലോചനകളും അന്ന് അണിയറയിൽ നടന്നിരുന്നു. കുട്ടി -പെട്ടി- മമ്മൂട്ടി എന്നീ ആരോപണങ്ങൾ ചൊരിഞ്ഞ് പത്രമാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ട് ഞങ്ങളുടെ മേൽ ഒരു കടന്നാക്രമണം തന്നെ അന്ന് പലരും നടത്തുകയുണ്ടായി. ഇതിനിടയിൽ ഞാനും മമ്മൂട്ടിയും തമ്മിൽ ചില അസ്വാരസ്യങ്ങളും ഉണ്ടായി. അപ്പോഴേക്കും ശാലിനിയുടെ 'ബേബിത്വ'ത്തിനും മാറ്റം വന്നു തുടങ്ങിയിരുന്നു.
വർഷങ്ങൾ പലതു കടന്നു പോവുകയായിരുന്നു. ശാലിനി വളർന്ന് കുമാരി ശാലിനിയായപ്പോൾ ഫാസിൽ തന്നെ 'അനിയത്തിപ്രാവി'ലൂടെ അവളെ നായികയാക്കി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളിൽ നായികയായി അഭിനയിക്കാനും ശാലിനിക്ക് കഴിഞ്ഞു.
ഈ സമയത്താണ് അനിൽ -ബാബു സംവിധാനം ചെയ്യുന്ന ഊഞ്ഞാൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അനിലിനെ കാണാൻ ഞാൻ ചെല്ലുന്നത്. അവിടെ വച്ച് അവിചാരിതമായിട്ടാണ് ശാലിനിയുടെ അച്ഛനെ ഞാൻ കാണുന്നത്. അതിൽ ദിലീപിന്റെ നായികയായിട്ടാണ് ശാലിനി അഭിനയിക്കുന്നത്. വളരെ വർഷങ്ങൾക്കു ശേഷം ഞാൻ ബാബുവിനെ കാണുകയാണ്. പഴയ സ്നേഹാദരവോടെ തന്നെ ബാബു എന്റെ അടുത്തേക്ക് ഓടി വന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ബാബു ശാലിനിയെ വിളിച്ചു കൊണ്ടു വന്നു. എന്നെ ശാലിനിക്ക് മനസ്സിലായതേയില്ല. കുട്ടിയായിരിക്കുമ്പോൾ കണ്ടതാണല്ലോ എങ്ങനെ ഓർക്കാനാണ്. ബാബു ശാലിനിയോട് ചോദിച്ചു.
"ഈ അങ്കിളിനെ നീ അറിയുമോ"
അപരിചിത ഭാവത്തിൽ എന്നെ നോക്കിയിട്ട് അവൾ ഇല്ല എന്ന് തലയനക്കി.
'നിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുള്ള അങ്കിളാണ് - കലൂർ ഡെന്നിസ്.
അവൾ എന്റെ നേരെ നോക്കി കൈകൂപ്പി വിസ്‌മയം പൂണ്ടു നിന്നു...
(തുടരും )
അടുത്തത് : ഞാൻ കണ്ട ആദ്യത്തെ സിനിമാ ഷൂട്ടിങ്