ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന ഒട്ടേറെ സിനിമാപ്രവർത്തകര്‍ നമുക്കിടയിൽ ഉണ്ടെന്ന് നടി പ്രവീണ. സൈബർ ഇടങ്ങളിലെ ദുരുപയോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിനെ അറിയിക്കണമെന്നും എങ്കില്‍ മാത്രമാണ് ഇതിനൊരു അവസാനം ഉണ്ടാകൂവെന്നും നടി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി.

 

‘സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവർത്തകർ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാൾ ഉപയോഗിച്ചു. മുൻപ് ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ എന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സൈബർ ഇടങ്ങളിൽ അത്ര സജീവമല്ല. ഇതോടെ ഞാൻ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പിന്നാലെ ഇയാൾ അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ‍ഞാൻ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവർത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ വൈരാഗ്യത്തോടെ ഇയാൾ വീണ്ടും ചെയ്തു.’-പ്രവീണ പറഞ്ഞു.

 

‘പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതോെടയാണ് പരാതിയുമായി പോയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നിൽ െകാണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവർത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.’ പ്രവീണ ചോദിക്കുന്നു.

 

പ്രവീണ നൽകിയ പരാതിയിൽ ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളജ് വിദ്യാർഥി അറസ്റ്റിലായിരുന്നു. നഗ്ന ചിത്രങ്ങളിൽ മലയാള സീരിയൽ–സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ചാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. പ്രവീണയും കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും ഇയാൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതോടെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്.

 

എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ തെളിവുകൾ സഹിതം കോളജ് വിദ്യാർഥി പിടിയിലാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com