കോശി കുര്യനെ കാണാൻ ‘ബ്രോ ഡാഡി’ സെറ്റിൽ ഡാനിയൽ ശേഖർ
Mail This Article
‘കോശി കുര്യനെ’ കാണാൻ തെലുങ്കില്‍ നിന്നും ‘ഡാനിയൽ േശഖർ’ എത്തി! ഒരേ കഥാപാത്രം വിവിധ ഭാഷകളിൽ അവതരിപ്പിച്ച രണ്ടുപേർ. പൃഥ്വിരാജും റാണാ ദഗ്ഗുബാട്ടിയുമാണ് ആ താരങ്ങൾ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഭീംല നായിക്കിൽ റാണയെത്തുന്നത്.
ബ്രോ ഡാഡിയുടെ സെറ്റിൽ വച്ചായിരുന്നു പൃഥ്വിരാജിന്റെയും റാണയുടെയും കൂടിക്കാഴ്ച. ‘ബ്രോ ഡാഡിയുടെ സെറ്റിൽ ഡാനിയൽ ശേഖർ, കോശി കുര്യനെ കാണാനെത്തിയപ്പോൾ’ എന്നായിരുന്നു റാണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഉണ്ണി മുകുന്ദൻ, മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയാകും റിലീസിനെത്തുക.
അതേസമയം ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ റീമേക്കായ ഭീംല നായക് അടുത്തവർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരെ തെലുങ്കിൽ പുനരവതരിപ്പിക്കുന്നത് പവൻ കല്യാൺ ആണ്.