വിജയശാന്തി എന്ന ലേഡി സൂപ്പർസ്റ്റാർ
Mail This Article
സ്മിത അൽപം മടിയോടെയാണെങ്കിലും തന്റെ സ്വകാര്യതയുടെ ചെപ്പു തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. അവളുടെ മുഖത്ത് നിസ്സംഗത പടര്‍ന്നു കയറിയതു പോലെ എനിക്ക് തോന്നി.
അവൾ മെല്ലെ പറഞ്ഞു തുടങ്ങി: ‘മദ്രാസിലെ അയ്യപ്പൻ കോവിലിന്റെ തിരുനടയിൽ വച്ചാണ് ‘നമ്മ ആളെ’ ഞാൻ ഫസ്റ്റ് ടൈം കാണുന്നത് (അവളുടെ ലൈഫ് പാർട്ണറെ നമ്മ ആളെന്നാണ് വിളിച്ചിരുന്നത്. ഞാൻ അത് മലയാളീകരിച്ച് അദ്ദേഹമാക്കി മാറ്റുകയാണ്). പിന്നീട് ഒന്നു രണ്ടു പ്രാവശ്യം കൂടി ഞാൻ ഈ ദൈവസന്നിധിയിൽ വച്ച് അദ്ദേഹത്തെ കാണുകയുണ്ടായി. ആദ്യം കൊച്ചു കൊച്ചു വാക്കുകളിലൂടെയുള്ള സംസാരം. അതിവിനയം, ഭവ്യത ഇവയെല്ലാം കൂടി കണ്ടപ്പോൾ വളരെ സിംപിളായ സോഫ്റ്റ് ആന്റ് ഗുഡ് പഴ്സൻ എന്ന് എന്റെ മനസ്സിൽ തോന്നുകയും ചെയ്തു.’
ഞാൻ അവളുടെ നിഷ്കളങ്കമായ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു. അവൾ തുടര്‍ന്നു.
‘അതിനു ശേഷം അദ്ദേഹത്തെ കാണുന്നത് എന്റെ സിനിമാ ഗുരുവായ ഈസ്റ്റ്മാൻ ആന്റണി സാറിന്റെ ‘വയലി’ ൽ അഭിനയിക്കാൻ എറണാകുളത്തു വന്നപ്പോഴാണ്. മാതാ ടൂറിസ്റ്റ് ഹോമിലാണ് ഞാൻ താമസിച്ചിരുന്നത്. ഒന്നു രണ്ടു പ്രാവശ്യം അദ്ദേഹം എന്നെ കാണാൻ മുറിയിൽ വന്നത് ആന്റണി സാർ അറിഞ്ഞു. ഒത്തിരി വഴക്കു പറയുകയും മേലാൽ ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ഇവിടെ ഉണ്ടാകരുതെന്നു വിലക്കുകയും ചെയ്തു. പിന്നെ മദ്രാസിൽ വന്നപ്പോൾ ഒട്ടും നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഒരു പ്രത്യേക ഇൻസിഡന്റിൽ നിന്നുണ്ടായ വലിയൊരു സൗഹൃദം. സ്മിത എന്ന സാധാരണ പെൺകുട്ടിയുടെ കരിയറിലെ ഇൻവോൾവ്മെന്റ്, കെയർ, കരുതൽ അങ്ങനെയുള്ള പൗരുഷ ലക്ഷണങ്ങൾ.... എന്റെ മനസ്സിൽ അറിയാതെ കടന്നു കൂടിയ ആ ഇൻഫാക്ച്വേഷന്‍ വളർന്നു വലുതായപ്പോൾ അദ്ദേഹം മാരീഡാണോ അൺമാരീഡാണോ എന്നൊന്നും നോക്കാൻ എനിക്കായില്ല. പിന്നെ യാതൊരു ഫോർമാലിറ്റീസുമില്ലാതെ, ഒരു താലിച്ചരടിന്റെയും ബലമില്ലാതെ ഒന്നിച്ചുള്ള ഒരു ജീവിതം.’
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ വല്ലാതെ പരവശയായതു പോലെ, ടീപ്പോയിൽ ഇരിക്കുന്ന തണുത്ത വെള്ളമെടുത്ത് ആര്‍ത്തിയോടെ കുടിച്ചിട്ട് നിമിഷനേരം മൗനം പൂണ്ടിരുന്നു. ആ മൗനത്തിലും അവൾ എന്തൊക്കെയോ സംവദിക്കുന്നതു പോലെ എനിക്കു തോന്നി, പിന്നെ ഏതോ ഓർമയിൽ ബാക്കിയുള്ള പൂരണം പോലെ അവൾ വാചാലയായി.
‘അദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുണ്ടെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു. കണ്ടാൽ അങ്ങനെ തോന്നില്ലായിരുന്നു. ഞാനയാളുടെ ഹിസ്റ്ററിയൊന്നും അന്വേഷിക്കാനും പോയില്ല. ഒന്നു രണ്ടു വർഷം കഴിഞ്ഞു ഞാൻ എല്ലാം അറിഞ്ഞപ്പോൾ. മനസ്സു തുറന്നുള്ള ഒരു കുറ്റസമ്മതം. ഭാര്യയുള്ള കാര്യം തുറന്നു പറഞ്ഞാൽ ഞാൻ നഷ്ടപ്പെടുമോ എന്നുകൂടി വളരെ ഫീലിങ്ങോടെ പറയുന്നതു കേട്ടപ്പോൾ എനിക്കയാളെ വെറുക്കാനായില്ല.’
അവളുടെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു. തുടർന്ന് ഒന്നും പറയാനാവാതെ അവൾ നിമിഷനേരം എന്നെ നോക്കിയിരുന്നു. മുറിയിൽ തെല്ലു നേരത്തെ നിശബ്ദത പരന്നു. പിന്നെ മൗനത്തിന് ഭംഗം വരുത്തിയത് ഞാനാണ്.
‘നിന്റെ വെർഷനിൽ നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഞാനൊന്നു ചോദിക്കട്ടെ, നീ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ട് നിന്റെ കയ്യിൽ സ്വന്തമെന്നു പറയാൻ എന്താണുള്ളത്. എന്തെങ്കിലും ബാങ്ക് ബാലൻസ്, വീട്, കാർ... നത്തിങ്.... ഒന്നുമില്ല.’
അതു കേട്ടപ്പോൾ അവൾ ചെറുതായി ഒന്നു ഭയന്നതു പോലെ എനിക്ക് തോന്നി.
‘ഇത് സിനിമയാണ്. നാളെ നിന്റെ ഗ്ലാമർ കുറഞ്ഞ് അവസരങ്ങൾ നഷ്ടപ്പെട്ടാൽ നിന്റെ അവസ്ഥ എന്താകും? നിന്റെ കൂടെ ആരുമുണ്ടാവില്ല. അത് നീ ഓർക്കുന്നത് നന്നായിരിക്കും, നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. അങ്ങനെയൊന്നും സംഭവിക്കില്ലായിരിക്കാം. എന്നാലും ഇനിയെങ്കിലും നിന്റെ ഫ്യൂച്ചറിനെക്കുറിച്ച് ചിന്തിച്ചില്ലെങ്കിൽ നിന്റെ ലൈഫ് വല്ലാത്ത ഒരു ട്രാജഡിയായി മാറും.’
എന്റെ വാക്കുകൾ കേട്ട് അവൾ തെല്ല് അമ്പരപ്പോടെ എന്നെ നോക്കി. കണ്ണുകളിൽ അറിയാതെ നനവ് ഊറിക്കൂടി വരുന്നതു പോലെ എനിക്കു തോന്നി. അപ്പോഴേക്കും കോളിങ് ബെൽ ശബ്ദം കേട്ടു. അവൾ വേഗം കണ്ണു തുടച്ചു കണ്ണാടിയിൽ നോക്കി മുഖം മിനുക്കിക്കൊണ്ട് ചെന്ന് വാതിൽ തുറന്നു.
ഷോട്ട് റെഡിയായി എന്നു പറയാൻ വന്നിരിക്കുകയാണ് അസിസ്റ്റന്റ് ഡയറക്ടർ. അവൾ പോകാൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
‘സാറിന് പോയിട്ട് ധൃതിയുണ്ടോ? എന്റെ െചറിയൊരു സീൻ എടുത്തു കഴിഞ്ഞിട്ടു പോയാൽ പോരേ? എനിക്ക് സാറിനോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്.'
അവൾ മുറിയിൽ നിന്നിറങ്ങിയപ്പോൾ ഞാനും അവളോടൊപ്പം ഇറങ്ങി. അര മണിക്കൂറിനുള്ളിൽ ആ സീൻ തീർന്ന് അവളും ഞാനും കൂടി മുറിയിൽ വന്നു. അവൾക്ക് പ്രത്യേകം പറയാനുണ്ടായിരുന്നത് ആറു മാസങ്ങൾക്കു മുൻപ് മദ്രാസിൽ വച്ചു സൂചിപ്പിച്ചതിന്റെ ഒരാവർത്തനം തന്നെയായിരുന്നു.
അവൾക്ക് പോസിറ്റീവായ, അഭിനയ സാധ്യതയുള്ള ഒരു നല്ല നായികാ കഥാപാത്രം വേണം. ഗ്ലാമർ റോളുകളിൽ മാത്രമല്ല, എല്ലാ റോളുകളിലും അഭിനയിക്കാനറിയാവുന്ന ഒരു മികച്ച അഭിനേത്രിയാണ് താനെന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കണം. അവളുടെ ആഗ്രഹം എത്രയും വേഗം സഫലമാകുമെന്നുള്ള പ്രത്യാശ നൽകിക്കൊണ്ടു ഞാൻ അപ്പോൾത്തന്നെ അവിടെനിന്നിറങ്ങി.
അങ്ങനെയാണ് ജയരാജിന്റെ ‘തുമ്പോളിക്കടപ്പുറ’ത്തിലെ ക്ലാര എന്ന നായികാ കഥാപാത്രം ഞാൻ അവൾക്കു കൊടുക്കുന്നത്. ആദ്യം ജയരാജിന് അത്ര താൽപര്യമുണ്ടായില്ലെങ്കിലും എന്റെ നിർബന്ധത്തിനു മുന്നിൽ അയാളും പച്ചക്കൊടി കാണിക്കുകയായിരുന്നു.
ആ പടം റിലീസായപ്പോൾ അവളുടെ ക്ലാരയെക്കുറിച്ചാണ് എല്ലാവരും പറഞ്ഞത്. അവൾ മദ്രാസിൽനിന്ന് എന്നെ വളിച്ചിട്ട് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുകയും ചെയ്തു. അതേത്തുടർന്ന് നായികയായി അഭിനയിക്കാനുള്ള രണ്ടുമൂന്ന് ഓഫറുകൾ അവളെത്തേടി എത്തുകയും ചെയ്തതാണ്. പക്ഷേ അവളുടെ മനസ്സിലെ ആ വലിയ മോഹം ഒരു മുഴം കയറിൽ അവസാനിക്കുകയായിരുന്നു.
ഇനി വിജയശാന്തി എന്ന ലേഡി സൂപ്പർ സ്റ്റാറിലേക്ക് വരാം...
ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന വിശേഷണവുമായി ഒരു വ്യാഴവട്ടക്കാലം ചലച്ചിത്ര ലോകം അടക്കിവാണിരുന്ന നായികാ ബിംബമായിരുന്നു വിജയശാന്തി. ഒരു നായികാ താരത്തിന്റെ പേരില്‍ വിപണനം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആക്‌ഷൻ രംഗങ്ങളിൽ പുരുഷതാരങ്ങളെക്കാൾ കളം നിറഞ്ഞാടിയ ഈ നായികാ വിസ്മയത്തെ കണ്ട് ജനം അദ്ഭുതം കൂറിയിരുന്നിട്ടുണ്ട്.
എവിടെ നോക്കിയാലും ‘വിജയശാന്തിമയം’ എന്നായപ്പോൾ എന്റെ മനസ്സിലും ആ ‘മയം’ കടന്നു വന്നു. മമ്മൂട്ടിയെയും വിജയശാന്തിയെയും വച്ച് ഒരു സിനിമ ചെയ്താലോ? അതിനു പറ്റിയ ഒരു കഥയും അപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നു.
അപ്പോഴാണ് ഇതേ ആശയവുമായി നിർമാതാവായ സിംന ഹമീദ് വരുന്നത്. ഹമീദിനു വേണ്ടി ഞാനെഴുതിയ ‘വെൽകം ടു കൊടൈക്കനാൽ’ വിജയിച്ചിരിക്കുന്ന സമയമാണ്. വിജയശാന്തി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നതിന്റെ ഒരു പുതുമയും അതിലുണ്ട്. ഇത്രയും തിരക്കുള്ള വിജയശാന്തി മലയാളത്തിൽ അഭിനയിക്കുവാൻ വരുമോ എന്നുള്ള സംശയമായിരുന്നു ഞങ്ങൾക്ക്.
അതിനുള്ള പോംവഴിയായി എന്റെ മനസ്സിലേക്ക് ഒരു മിന്നായം പോലെയാണ് ക്യാപ്റ്റൻ രാജു കടന്നു വന്നത്. ഞാൻ എഴുതിയ ‘രക്തം’ എന്ന ചിത്രത്തിലാണ് ക്യാപ്റ്റൻ ആദ്യമായിട്ട് അഭിനയിക്കുന്നത്. അന്നു മുതലുള്ള സൗഹൃദം എന്നും ക്യാപ്റ്റന് എന്നോട് ഉണ്ടായിരുന്നു. അതുകേട്ടപ്പോൾ ഹമീദിനും പെരുത്തു സന്തോഷമായി.
ഐഎഎസ് v/s ഐപിഎസ് ക്ലാഷാണ് ഇതിന്റെ ഇതിവൃത്തം. അതിനാടകീയ മുഹൂർത്തങ്ങളും സസ്പെൻസും ത്രില്ലും നിറഞ്ഞ ഈ ചിത്രം സംവിധാനം ചെയ്യാൻ അപ്പോൾ ഞങ്ങളുടെ മനസ്സിൽ വന്നത് ജോഷിയായിരുന്നു. മമ്മൂട്ടിയുടെ കാര്യം സമീദ് ഏറ്റു. അന്ന് മമ്മൂട്ടിയെയും ഹിന്ദിയിലെ അംജത്ഖാനെയൊക്കെ വച്ച് സിനിമയെടുത്തു ഹമീദ് തിളങ്ങി നില്‍ക്കുന്ന സമയമാണ്. ഞാൻ ഉടനെ ക്യാപ്റ്റനെ വിളിച്ച് വിവരം അറിയിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ക്യാപ്റ്റന്റെ അറിയിപ്പു വന്നു. വിജയശാന്തി ഇപ്പോൾ മദ്രാസിലുണ്ട്. നാളെ രാവിലെ തന്നെ നിങ്ങൾ മദ്രാസിൽ എത്തിയാൽ നമുക്ക് അവരെ കാണാം.
പറഞ്ഞതു പോലെ ഞങ്ങൾ പിറ്റേന്ന് രാവിലെതന്നെ മദ്രാസില്‍ എത്തി. വിജയശാന്തിയും ക്യാപ്റ്റനുമുള്ള ഒരു ചിത്രത്തിന്റെ ലോക്കേഷനിലായിരുന്നു വിജയശാന്തി. ഞങ്ങളെ കാത്ത് ക്യാപ്റ്റൻ ഗേറ്റിന്റെ മുൻപിൽ നിൽപുണ്ടായിരുന്നു. ഞങ്ങളെ കോമ്പൗണ്ടിനകത്തുള്ള ഒരു ഓഫിസ് കെട്ടിടത്തിലെ മുറിയിൽ കൊണ്ടിരുത്തിയിട്ട് ക്യാപ്റ്റൻ വിജയശാന്തിയുടെ അടുത്തേക്ക് പോയി.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ക്യാപ്റ്റനോടൊപ്പം ഒരു സ്ത്രീരൂപം നടന്നു വരുന്നതു കണ്ടു. പട്ടുസാരിയുടുത്ത് നെറ്റിയിൽ ചന്ദനവും പൊട്ടുമൊക്കെയായി വരുന്ന വിജയശാന്തിയെ കണ്ടിട്ട് ആദ്യം ഞങ്ങൾക്കു മനസ്സിലായില്ല. അത്ര ഉയരമൊന്നുമില്ലാത്ത സാധാരണ ഒരു സ്ത്രീ. അപ്പോൾ ഞാൻ അവരുടെ സ്ക്രീൻ പ്രസൻസിനെക്കുറിച്ചു ഓർക്കുകയായിരുന്നു.
ക്യാപ്റ്റൻ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തിയപ്പോൾ വിനയപുരസ്സരം എന്നോട് ‘ഹലോ’ പറഞ്ഞു കൊണ്ട് അവർ കഥ കേൾക്കാനായി ഇരുന്നു. പത്തു മിനിറ്റു കൊണ്ടാണ് ഞാൻ കഥയുടെ രൂപരേഖ പറഞ്ഞത്. കേട്ടപാടെ അവർ പറഞ്ഞത് ഇങ്ങനെയാണ്: ‘റൊമ്പ പ്രമാദമായിരിക്കേ. മമ്മൂട്ടി സാറിന്റെ വേഷവും നല്ലായിരിക്കെ.’
താരജാഡയോ അഹങ്കാരമോ ഒന്നുമില്ലാതെയുള്ള വളരെ നിഷ്കളങ്കമായ മൊഴി കേട്ട് ഞാനും ഹമീദും വിസ്മയം പൂണ്ടു നിന്നു. വിജയശാന്തി തെലുങ്കിലും തമിഴിലുമായി ഒത്തിരി ചിത്രങ്ങൾ കമ്മിറ്റു ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ ഡേറ്റ് അനുസരിച്ച് കോൾ ഷീറ്റ് തരാമെന്നുള്ള ഉറപ്പോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്.
പിന്നീടുള്ള എല്ലാ കാര്യങ്ങളും ദ്രുതഗതിയിലാണ് നീങ്ങിയത്. ഞാനിരുന്ന് സീൻ ഓര്‍ഡർ എഴുതാൻ തുടങ്ങി. പക്ഷേ കാലം നമ്മൾ വിചാരിക്കാത്ത ചില കോലങ്ങൾ വരയ്ക്കുമല്ലോ. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എന്റെ ആ ഡ്രീം പ്രോജക്ട് അന്ന് നടന്നില്ല.
ഒരു വർഷം കഴിഞ്ഞപ്പോൾ ആ കഥയ്ക്ക് ഒരു പുനർജന്മമുണ്ടായി. ഇത്തവണ മലയാളത്തിലല്ല, തമിഴിൽ നിർമിക്കാനുള്ള ഒരു ഓഫറാണ് വന്നത്. ഞാൻ എഴുതിയ ‘ജനുവരി ഒരു ഓർമ’ എന്ന സിനിമയൊക്കെ എടുത്ത തരംഗിണി ശശിയാണ് അതിന്റെ സൂത്രധാരൻ. തമിഴിലെ നടൻ സത്യരാജിന്റെ മാനേജരായ രാമനാഥനാണ് നിര്‍മാതാവായി വന്നിരിക്കുന്നത്. സത്യരാജിനെയും വിജയശാന്തിയെയും നായികാനായകന്മാരാക്കി ഐഎഎസ് v/s ഐപിഎസ് എടുത്താൽ ഗംഭീര വിജയമായിരിക്കുമെന്നുള്ള വൻ പ്രതീക്ഷയിലാണവർ വന്നിരിക്കുന്നത്.
ആദ്യം സത്യരാജിനോടു കഥ പറയണം. കഥ പറയാൻ ഞാൻ വളരെ മോശമാണ്. ആലങ്കാരികമായി പറഞ്ഞൊന്നും എനിക്ക് കഥ വിശദീകരിക്കാനാവില്ല. എത്ര വലിയ കഥയാണെങ്കിലും പത്തു മിനിറ്റിനുള്ളിൽ ഞാൻ പറഞ്ഞവസാനിപ്പിക്കും.
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മദ്രാസിൽ ചെന്നു. സത്യരാജിന്റെ വീട്ടിൽ ചെന്ന് കഥ പറയണമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ അദ്ദേഹം ഞാൻ താമസിക്കുന്ന പാം ഗ്രോവ് ഹോട്ടലിലേക്കാണ് കഥ കേൾക്കാൻ വന്നത്.
സത്യരാജിനോട് ഇരിക്കാൻ പറഞ്ഞിട്ടും അദ്ദേഹം എന്റെ മുന്നിൽ ഇരുന്നില്ല. വളരെ വിനയാന്വിതനായി നിൽക്കുന്ന അദ്ദേഹത്തെ ഞാൻ നിർബന്ധംപിടിച്ച് കസേരയില്‍ ഇരുത്തി. ഞാൻ കഥ പറയാൻ തുടങ്ങി, പകുതിയായപ്പോൾ സത്യരാജ് പറഞ്ഞു: ‘പോതും സാർ റൊമ്പ പ്രമാദമായിട്ടിരിക്കേ സർ. നമുക്കിതു പണ്ണലാം സാർ. നാൻ ജോഷി സാറെ വിളിച്ച് പേശലാം.’
രജനികാന്തിനെപ്പോലെ, വിജയശാന്തിയെപ്പോലെ, തമിഴിലെ മറ്റൊരു നായകന്റെ പരിചരണരീതികണ്ട് എന്റെ മനസ്സ് സ്വയം പറഞ്ഞു: ‘ഇവർ എല്ലാവരും അഭിനയിക്കുകയായിരുന്നോ അതോ തമിഴ് സംസ്കാരത്തിന്റെ പ്രതിഫലനമാണോ ഇത്?’
തുടരും..
അടുത്തത്: അമിതാഭ് ബച്ചനും മമ്മൂട്ടിയും