ADVERTISEMENT

കേരളക്കരയെ ഉത്സവ പ്രതീതിയിലാഴ്ത്താന്‍ ഉറച്ചു തന്നെയാണ് അജഗജാന്തരം തിയറ്ററുകളിൽ എത്തുന്നത്. ആനയും അമ്പാരിയും കൊട്ടും പാട്ടും മാത്രമല്ല, നല്ല നാടൻ തല്ലുമുള്ള ആവേശത്തിന്റെ പൂരപ്പറമ്പിലേക്കു പ്രേക്ഷകരെ കൊണ്ടുപോകാൻ ചിത്രത്തിനു കഴിയുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ക്രിസ്മസ് – പുതുവത്സര റിലീസായ അജഗജാന്തരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ടിനു പാപ്പച്ചനും നടൻ ആന്റണി വർഗീസ് പെപ്പേയും.

ഇതു കിച്ചുവിന്റെ അനുഭവകഥ

‘‘ഞങ്ങളുടെ സുഹൃത്തും നടനുമായ കിച്ചു ടെല്ലസാണ് ഈ കഥ അവതരിപ്പിച്ചത്. ആനക്കമ്പക്കാരനായ കിച്ചു പണ്ടൊരിക്കൽ ഒരു ആനയെ ലീസിനെടുത്ത്, പൂരത്തിനു കൊണ്ടുപോയതും തുടർന്നുണ്ടായ വഴക്കും ബഹളവും അൽപം ഭാവന ചേർത്തും കൂടുതൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുമാണ് അജഗജാന്തരം ചെയ്തിരിക്കുന്നത്. കിച്ചു ടെല്ലസും വിനീത് വിഃ‌ശ്വവും ചേർന്നാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തിലും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്.

ഏകദേശം നാൽപത്തൊന്‍പത് ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങായിരുന്നു അജഗജാന്തരത്തിന്റേത്. വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയായിരുന്നു ഷൂട്ടിങ്. ഇതിന്റെ പിന്നണിയിലുള്ള ഓരോരുത്തരും ഈ സിനിമയ്ക്കു വേണ്ടി നടത്തിയിട്ടുള്ള പരിശ്രമം വളരെ വലുതാണ്. സത്യത്തിൽ ഈ സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യേണ്ടതായിരുന്നു. എന്നാൽ തുടർച്ചയായി മൃഗങ്ങളെ വച്ചുകൊണ്ട് സിനിമ ചെയ്യേണ്ട എന്നു കരുതിയാണ് ലിജോ ചേട്ടൻ അതു വേണ്ടെന്നു വച്ചത്. ഈ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് ആന എന്നായിരുന്നു. എന്നാൽ ലിജോ ചേട്ടനാണ് അജഗജാന്തരം എന്ന പേരു നിർദ്ദേശിച്ചത്. ഞങ്ങൾ സുഹൃത്തുക്കൾ തന്നെയാണ് ഈ സിനിമയ്ക്കു പിന്നിലും മുന്നിലുമുള്ളത്. അർജുൻ അശോകൻ, ജാഫർ ഇടുക്കി, വിജിലേഷ് എന്നിവരെ കഥാപാത്രത്തിന് അനുയോജ്യരായവർ എന്നു കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത്.’’

ആനയെ ഡയറക്ട് ചെയ്തപ്പോള്‍

‘‘നെയ്ശ്ശേരി പാർഥൻ എന്നാണ് ഇതിലെ ആനയുടെ പേര്. യഥാർഥ പേര് നടക്കൽ ഉണ്ണികൃഷ്ണന്‍ എന്നാണ്. കഥ പറയുമ്പോൾ ആന ഒരു വിഷയമേ അല്ലായിരുന്നു. എന്നാൽ ആനയെ കൊണ്ടുവന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ആനയെ വച്ച് ഷൂട്ട് ചെയ്യാന്‍ വളരെ പ്രയാസമുണ്ടായിരുന്നു.’’

എന്തുകൊണ്ട് ഒരേ സ്വഭാവമുള്ള സിനിമകൾ

സ്വാതന്ത്ര്യം അർദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകൾ ഏകദേശം ഒരേ രീതിയിലുള്ള സ്വഭാവം കാത്തുസൂക്ഷിക്കുമ്പോൾ എന്തുകൊണ്ടാണ് വ്യത്യസ്തമായ ശൈലികളിലേക്ക് ശ്രദ്ധ ചെലുത്താത്തത് എന്ന ചോദ്യത്തിന് ടിനു പാപ്പച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഞാൻ രണ്ടാമത് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമയല്ലായിരുന്നു അജഗജാന്തരം. ആ സിനിമ മറ്റു പല കാരണങ്ങളാലും നടന്നില്ല. കിച്ചുവും പെപ്പേയും ഈ കഥയുമായി വന്നപ്പോൾ അതു ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. മറ്റൊന്ന്, ഈ സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ എനിക്ക് കൂടുതൽ റിലേറ്റ് ചെയ്യാനായി. അമ്പലവും അതോടനുബന്ധിച്ചു നടക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന പൂരവും പൂരം കൊഴുപ്പിക്കുന്ന കാഴ്ചകളും.. അതൊക്കെത്തന്നെയാണ് അജഗജാന്തരത്തിൽ പ്രേക്ഷകർക്കു കാണാൻ കഴിയുന്നതും.

പെപ്പേ എന്ന മൃഗസ്നേഹി?

അഭിനയിച്ച സിനിമകളിലെ മൃഗങ്ങളെപ്പറ്റി കേട്ടാൽ പെപ്പേ ഒരു മൃഗസ്നേഹിയാണെന്നു തോന്നുമെങ്കിലും അവയെ കണ്ടാൽ മുണ്ടും മടക്കിയോടുമെന്നാണ് ടിനു പാപ്പച്ചന്റെ കമന്റ്. അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, അജഗജാന്തരം എന്നീ സിനിമകളിലെല്ലാം മൃഗങ്ങളുമുണ്ട്. തുടർച്ചയായി ഫൈറ്റ് സിനിമകളുടെ ഭാഗമാകുന്നതിന്റെ കാരണമെന്താണ് എന്ന ചോദ്യത്തിന്, സാഹചര്യവശാൽ മാത്രമാണ് അത്തരം സിനിമകളുടെ ഭാഗമായിട്ടുള്ളത് എന്നാണ് പെപ്പേയുടെ മറുപടി. തനിക്ക് റൊമാന്റിക് നായകനാകാനാണ് താൽപര്യമെന്നും പെപ്പേ പറയുന്നു. ‘‘വളരെ സമയമെടുത്തും കൂട്ടുകാരുടെ സിനിമകളിൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്നും ചില തെറ്റായ ധാരണകൾ നിലവിലുണ്ട്. കൊറോണയ്ക്ക് മുമ്പ്, ഇനി സിനിമകൾ തുടർച്ചയായിത്തന്നെ ചെയ്യണം എന്നു കരുതിയപ്പോളാണ് ലോക്ഡൗൺ വന്നത്. അതോടെ അക്കാര്യം പാതിവഴിയിലായി. ഇനി നല്ല സ്ക്രിപ്റ്റുകൾക്കൊപ്പം മുന്നോട്ടു പോകണം.’’

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സിനിമ

ലാലേട്ടനൊപ്പം ഒരു സിനിമ എന്നത് വിദൂരതയിലുള്ള ഒരു സ്വപ്നമാണെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. ‘‘മമ്മൂക്കയ്ക്ക് വേണ്ടി ഒരു കഥയുണ്ടായിരുന്നു, എന്നാൽ ഒരുപാട് ലെജൻഡ്സിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തെ ഒരു കഥ പറഞ്ഞു കൺവിൻസ് ചെയ്യിക്കാൻ എളുപ്പമല്ല. എന്റെ ആദ്യ സിനിമ മമ്മൂക്കയെ വച്ചു ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാൽ അതു നടന്നില്ല. ലാലേട്ടനെ വച്ചൊരു സിനിമയുണ്ടായാൽ അതൊരു രഹസ്യ സ്വഭാവമുള്ള സിനിമയായിരിക്കും. എന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്തവുമായിരിക്കും. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാമുഖ്യമില്ലാത്ത സിനിമകളാണ് ഞാൻ ചെയ്ത രണ്ടു സിനിമകളും. എന്നാൽ ആ കുറവു പരിഹരിക്കുന്നതാവും അടുത്ത ചിത്രങ്ങള്‍’’– ടിനു പാപ്പച്ചന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com