അക്കാലത്ത് ഞാന് രോഹിണിയെ അഭിമുഖം ചെയ്തിട്ടുണ്ട്: രൺജി പണിക്കർ
Mail This Article
പന്ത്രണ്ട് വര്‍ഷങ്ങൾക്ക് ശേഷം ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ. റസൂൽ പൂക്കുട്ടി, രമേശ് നാരായണൻ, രവി വർമൻ, സാബു സിറിൾ, തുടങ്ങി പ്രഗത്ഭരായ ഒട്ടനേകം പ്രതിഭകൾ അണിനിരക്കുന്ന ചലച്ചിത്രം. അത്തരത്തിൽ സവിശേഷതകൾ ഏറെയാണ് ‘കോളാമ്പി’ എന്ന ചിത്രത്തിന്. രഞ്ജി പണിക്കർ, രോഹിണി, നിത്യാ മേനോൻ, സിദ്ധാർത്ഥ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ ദേശീയ–സംസ്ഥാന അവാർഡുകൾ നേടിക്കഴിഞ്ഞു. ‘കോളാമ്പി’യുടെ വിശേഷങ്ങളുമായി രഞ്ജി പണിക്കരും രോഹിണിയും മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.
‘കോളാമ്പി’ കഥപറയുമ്പോൾ..
കോളാമ്പി എന്ന പദം തന്നെ ശബ്ദത്തെ സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലഘട്ടങ്ങളെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവയാണ് കോളാമ്പികൾ. ചരിത്രത്താളുകളിൽ പോലും അവയ്ക്ക് കൃത്യമായ പങ്കുണ്ട്. സംസ്കാരത്തിന്റെ രൂപീകരണത്തിൽ, ജനകീയ കലാരൂപങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ, സംഗീതത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിലെല്ലാം കോളാമ്പികൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
അത്തരത്തിൽ സുപ്രധാനമായ ‘കോളാമ്പി’ ഇന്ന് നിശബ്ദമാക്കപ്പെടുമ്പോൾ, നിശബ്ദമാകുന്ന മറ്റു പലതുമുണ്ട്. അതിനെ ഉയർത്തിക്കാണിക്കുമ്പോൾ കോളാമ്പിക്ക് ഈ പുതിയകാലത്തുണ്ടാകുന്ന പുതിയ മാനങ്ങളാണ് കഥയുടെ ഇതിവൃത്തം.
കോളാമ്പിക്ക് മിനുക്ക് തേക്കുന്നവർ
സിനിമയുടെ ഒഴിച്ചുനിര്‍ത്താനാകാത്ത ഘടകം അതിലെ ക്യാമറ തന്നെയാണ്. രവി വർമ്മന്റെ ക്യാമറ അനായാസേന തന്നെ കോളാമ്പിയിലെ അഗ്രഹാരത്തെയും പാട്ടു കാപ്പിക്കടയേയും ഒപ്പിയെടുത്തു വക്കുന്നുണ്ട്. വൃദ്ധ ദമ്പതികളുടെ കഥ പറയുമ്പോളും അതിനെ വളരേ ലളിതവും സുന്ദരവുമായി പറഞ്ഞുവെക്കാൻ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സഹായകമാണ്. വളരേ ഇടുങ്ങിയ അഗ്രഹാരത്തിന്റെ മുറികളിൽ നിന്നുള്ള ദൃശ്യങ്ങളാണ് അവയെന്ന തിരിച്ചറിവ് ഏതൊരു പ്രേക്ഷകനേയും അത്ഭുതപ്പെടുത്തും. കോളാമ്പിയുടെ കഥ പറയുന്നതുകൊണ്ടു തന്നെ ഇതിലെ ശബ്ദവും വളരേ പ്രാധാന്യം അർഹിക്കുന്നുണ്ട്. ലൈവ് സൗണ്ടും ശബ്ദമിശ്രണത്തിലെ റസൂൽ പൂക്കുട്ടി ടച്ചും ചിത്രത്തെ ഒരുപടി മുകളിലേക്കുയർത്തുന്നു. പാട്ടു കാപ്പിക്കടയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. അതുകൊണ്ടു തന്നെ പാട്ടിനും ഈ ചിത്രത്തിൽ വളരേ പ്രാധാന്യമുണ്ട്. സിനിമയിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പല മേഖലകളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ ഇത്തരത്തിൽ ഒത്തുചേരുമ്പോൾ അതിന്റെ ഫലം പ്രേക്ഷകർക്ക് നല്ലൊരനുഭവം നൽകും.
അത് രൺജിയേട്ടൻ തന്നെയാണോ?
ഉഗ്രൻ മേക്കോവറിലാണ് രൺജി പണിക്കർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ മേക്കോവർ കണ്ടിട്ട് റസൂൽ പൂക്കുട്ടിക്കു പോലും മനസ്സിലായില്ലെന്നാണ് രഞ്ജി പണിക്കർ പറഞ്ഞത്. ഒരുപാട് കഠിനാധ്വാനം ചെയ്തതു തന്നെയാണ് ഞങ്ങൾ ഇതിൽ അഭിനയിച്ചിട്ടുള്ളത്. ഏകദേശം രണ്ടും മൂന്നും മണിക്കൂറാണ് മേക്കപ്പിനു വേണ്ടിവന്നത്. ആ മേക്കപ്പുമായി ആറു മണിക്കൂറോളം അഭിനയം തുടരും. കുട്ടികളില്ലാത്ത രണ്ടു വൃദ്ധദമ്പതികളെ അവതരിപ്പിക്കുമ്പോൾ, അവരുടെ കുസൃതിയും പാട്ടും ഇഴചേരുന്നൊരു ബന്ധം പ്രേക്ഷകർക്കു മുമ്പിൽ എത്തും. ആ ബന്ധം റൊമാൻസ് എന്ന പദത്തേയും മറിക്കടക്കും.
സംവിധായിക റോളിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ
"സംവിധായിക ആയതുകൊണ്ടു തന്നെ പ്രൊഡ്യൂസറിനെ കിട്ടാൻ അൽപം ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇന്ന് ആ ബുദ്ധിമുട്ടില്ല. അതിന് ഇന്നത്തെ സംവിധായികമാർക്ക് തന്നെ നന്ദി പറയണം. സിനിമ അധികം വൈകാതെ തന്നെ പ്രേക്ഷകർക്കു മുമ്പിൽ എത്തും. ഇപ്പോവ്‍ അതിന്റെ സെൻസറിംഗും മറ്റും നടന്നുകൊണ്ടിരിക്കുകയാണ്."- രോഹിണി പറഞ്ഞു.
അക്കാലത്ത് രോഹിണിയുടെ അഭിമുഖം ഞാൻ എടുത്തിട്ടുണ്ട്
രണ്ടു പേരും ഒരുപോലെ കത്തിനിന്നിരുന്ന എൺപതുകളും തൊണ്ണൂറുകളും ഉണ്ടായിട്ടും, ഒന്നിച്ചു പ്രവർത്തിക്കാൻ എന്തുകൊണ്ടു വൈകിയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് രൺജി പണിക്കരാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഞാൻ സിനിമയിലേക്ക് കടന്നു വന്നപ്പോൾ, രോഹിണി തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയിരുന്നു. എന്നാൽ രോഹിണിയിടെ തുടക്കകാലത്ത് താൻ രോഹിണിയെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. സത്യത്തിൽ അക്കാലത്ത് രോഹിണിയേക്കാൾ എനിക്ക് കൂട്ട് രോഹിണിയുടെ അച്ഛനോടായിരുന്നു. രൺജി പണിക്കർ ഓർത്തെടുക്കുന്നു.
മലയാളം എന്നെ അഭിനയം പഠിപ്പിച്ചു
മലയാളത്തിലെ തന്റെ ആദ്യ ചിത്രം കക്കയാണ്. പിന്നെയാണ് പത്മരാജന്റെ പറന്നു പറന്നു പറന്നു ചെയ്യുന്നത്. അന്നൊക്കെ മലയാളം അറിയില്ലായിരുന്നു. ഭാഷ പഠിച്ചാണ് ഞാൻ സിനിമ ചെയ്യാൻ വന്നത്. എന്നാൽ അഭിനയിക്കാൻ ഞാൻ പഠിക്കുന്നത് മലയാള സിനിമയിൽ വന്നതിനു ശേഷമാണ്. എന്നെ വേണ്ട മാർഗനിർദ്ദേശങ്ങൾ തന്നു നയിച്ചവരിൽ മുൻപന്തിയുള്ളത് നെടുമുടി വേണുചേട്ടനാണ്. – രോഹിണി മനസ്സു തുറന്നു.
ട്രോൾ ചെയ്യപ്പെടുന്ന തന്റെ ഡയലോഗുകൾ
രൺജി പണിക്കരുടെ ചില ഡയലോഗുകൾ പലപ്പോളും ട്രോൾ ചെയ്യപ്പെടാറുണ്ട്. ലേലത്തിലെ ഡയലോഗ് അത്തരത്തിലൊന്നാണ്. ട്രോളുകളെ ട്രോളുകളായി തന്നെ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ആ സീനിലെ സാഹചര്യം, സിനിമ, അതിലെ അഭിനേതാക്കൾ എന്നിവരെ പറ്റി ഓർക്കുമ്പോൾ അവയെ എങ്ങനെ എൻജോയ് ചെയ്യണം എന്നറിയില്ല എന്നും രൺജി പണിക്കർ കൂട്ടിച്ചേർത്തു.
്