സഹസംവിധായകനായി ആദ്യം ക്ലാപ്പടിച്ചത് മോഹൻലാൽ – ഉർവശി ജോടികൾക്ക്: ഒാർത്തെടുത്ത് ദിലീപ്
Mail This Article
ക്രിസ്മസ് – ന്യൂ ഇയർ റിലീസായി നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. നാദ് ഗ്രൂപ്പിന്റെ ബാനറിൽ ദിലീപും നാദിർഷയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അറുപത് വയസ്സുകാരന്റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ദിലീപിന് പുറമേ ഉർവശി, നസ്‌ലെൻ, ജൂണ്‍ സിനിമ ഫെയിം വൈഷ്ണവി, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഗണപതി, പൊന്നമ്മ ബാബു, ഹരീഷ് കണാരൻ, ഹരിശ്രീ അശോകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. കേശു ഈ വീടിന്റെ നാഥന്‍ സിനിമയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് ദിലീപും നാദിർഷയും നസ്‌ലെനും.
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ..
ഏറ്റവും അടുത്ത സുഹൃത്തായിരുന്നിട്ടു പോലും ദിലീപിനെ നായകനാക്കി ഒരു സിനിമയെടുക്കാൻ ഇത്രയും സമയമെടുത്തത് അദ്ദേഹത്തിന് ചേർന്ന ഒരു സിനിമ ഇതുവരെ തനിക്ക് വന്നുചേരാത്തതുകൊണ്ട് മാത്രമായിരുന്നെന്നാണ് നാദിർഷ പറയുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു അറുപത് വയസ്സുള്ള ഡ്രൈവിങ് സ്കൂൾ അധ്യാപകനാണ്. രണ്ടു മക്കളുടെ അച്ഛനും മൂന്ന് സഹോദരിമാരുടെ ചേട്ടനും അൽപം കുശുമ്പും കുസൃതിയുമുള്ള വയോധികനാണ്. ആദ്യം സിനിമ നിർമിക്കുക എന്നു മാത്രമേ ഇരുവരും തീരുമാനിച്ചിരുന്നുള്ളു. കേശുവായി നെടുമുടി വേണു ചേട്ടനെയും ഇന്നസെന്റേട്ടനെയും സുരാജിനെയുമെല്ലാം മനസ്സിൽ കണ്ടു വെക്കുകയും ചെയ്തു.
എന്നാൽ പിന്നീടാണ് എന്തുകൊണ്ട് കേശുവിനെ തനിക്ക് തന്നെ അവതരിപ്പിച്ചുകൂടാ എന്ന ചിന്ത ദിലീപിന് ഉണ്ടാകുന്നത്. അപ്പോൾ തന്നെ നാദിർഷയോട് ഇക്കാര്യത്തെ പറ്റി സൂചിപ്പിക്കുകയും ചെയ്തു. ‘എന്തിനും നമുക്കൊരു കോൺഫിഡൻസ് വേണം. അതിനായി ആദ്യം മേക്കപ്പ് മാനെ വിളിച്ച് കേശു എങ്ങനെയായിരിക്കണമെന്ന് സ്കെച്ച് ചെയ്യിപ്പിച്ചു. ശേഷം മേക്കപ്പ് ചെയ്തു നോക്കി. മൂന്നാലു മണിക്കൂർ നീണ്ടുനിന്ന മേക്കപ്പിന് ശേഷം കേശു രൂപപ്പെട്ടു വന്നപ്പോളാണ് അൽപം കോൺഫിഡൻസായത്. പിന്നീട് തല മൊട്ടയടിച്ചു കഥാപാത്രം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.’ - ദിലീപ് കേശുവിലേക്കുള്ള വരവിനെ പറ്റി പറയുന്നതിങ്ങനെ.
ആദ്യം ക്ലാപ്പടിച്ചത് മോഹൻലാൽ – ഉർവശി ജോഡികൾക്ക്
"ഉർവശി ചേച്ചിക്കൊപ്പം ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ആദ്യ സീന്‍ തന്നെ ട്രെയിലറിൽ കാണുന്ന രക്തം ചന്ദനം പുരട്ടി നിൽക്കുന്ന സീനാണ്. എന്നെ സംബന്ധിച്ച് ഒരമ്മ എങ്ങനെയാണോ മകനെകൊണ്ടു നടക്കുന്നത് അതുപോലായിരുന്നു ഉർവശി ചേച്ചി. സിനിമയിലെ പല ഭാഗത്തും ആ ഒരു അടുപ്പം നന്നായി തന്നെ വന്നിട്ടുണ്ട്." - നസ്‌ലെൻ ഉർവശിക്കൊപ്പമുള്ള അനുഭവം പങ്കുവച്ചു.
അസിസ്റ്റന്റ് ഡയറക്ടറായി മോഹൻലാൽ – ഉർവശി ജോഡികൾക്ക് സൈലന്റ് ക്ലാപ്പടിച്ച രംഗം ദിലീപ് ഓർത്തെടുത്തു.‘മലയാള സിനിമയിൽ ഞാൻ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സൈലന്റ് ക്ലാപ്പടിക്കുന്നത് ലാലേട്ടനും ഉർവശി ചേച്ചിക്കുമാണ്. അന്നാണ് ഞാൻ ഉർവശി ചേച്ചിയെ കാണുന്നത്. പിന്നീട് ഞങ്ങൾ പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ഒന്നിച്ചഭിനയിച്ചു. അതിന് ശേഷം കേശു ഈ വീടിന്റെ നാഥനിലേക്ക് വന്നപ്പോളാണ് ഉർവശി ചേച്ചിയെ പറ്റി ആലോചിക്കുന്നത്. അത്തരത്തിൽ ഒരു കോമ്പോ എന്തുകൊണ്ടും നന്നായിരിക്കും എന്ന അഭിപ്രായം വന്നതോടെ ഉർവശി ചേച്ചിയെ തന്നെ നിശ്ചയിക്കുകയായിരുന്നു. ഇതേ പറ്റി ഉർവശി ചേച്ചിയോടു പറഞ്ഞപ്പോളും ആ കോമ്പോ നന്നായിരിക്കും എന്നു തന്നെയാണ് ചേച്ചിയും പറഞ്ഞത്. സിനിമയിൽ അത് നന്നായി തന്നെ പ്രതിഫലിച്ചിട്ടുണ്ട്.’
പാട്ടു പാടി പാടുപെട്ടു
സംഗീത സംവിധാനം നാദിർഷയായിരുന്നെങ്കിലും സിനിമയിൽ പാട്ടിന്റെ കാര്യത്തിൽ പാട്ടു പാടി പാടുപെട്ടത് താനാണെന്നാണ് ദിലീപ് പറയുന്നത്. പാട്ടു പാടാൻ കാര്യമായി അറിയില്ലെങ്കിലും എങ്ങനെയും പാടണം എന്ന ആഗ്രഹം കൊണ്ടാണ് ഈ സിനിമയിൽ നാരങ്ങ മിഠായി എന്ന പാട്ട് ചെയ്യുന്നത്. റ്റൂ കണ്‍ട്രീസ് സിനിമയുടെ സമയത്തു തന്നെ ഈ പാട്ടിന്റെ ചർച്ചകൾ തുടങ്ങിയിരുന്നു. അന്ന് വരികൾ ഇങ്ങനെയായിരുന്നില്ല എന്ന് നാദിർഷയും ഓർക്കുന്നുണ്ട്. കോവിഡ് കാലഘട്ടമായപ്പോൾ പതുക്കെ പാട്ടിന്റെ പ്രീ പ്രൊഡക്ഷന്‍ വർക്കുകളിലേക്ക് കടക്കാമെന്നായപ്പോളാണ് പാട്ട് പാടാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നത്. "പാടാൻ പോയി നിന്നപ്പോൾ മതിയായ കോൺഫിഡൻസും വരുന്നില്ല, നാദിർഷ പാട്ടു പാടി തന്നു പാടിക്കാന്‍ നോക്കിയിട്ടു നടക്കുന്നുമില്ല. അങ്ങനെ വിനീത് ശ്രീനിവാസനെ വച്ച് പാടിക്കാം എന്ന ആലോചനയിൽ വരെയെത്തി കാര്യങ്ങൾ. അവസാനം എനിക്കൊരവസരം തരാമോ, ഞാൻ തനിയെ പാടിക്കോളാമെന്ന് പറഞ്ഞശേഷം സ്റ്റുഡിയോയിൽ കേറി പാടിയപ്പോളാണ് പാട്ട് പാട്ടായത്."- ദിലീപ് പറയുന്നു. പിന്നീട് ഈ ഗാനം ട്രന്റിംഗിൽ ഇടം പിടിച്ചിരുന്നു.
കേശു ഈ വീടിന്റെ നാഥനിലെ 'പുന്നാര പൂങ്കാട്ടിൽ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ യേശുദാസാണ്. നാലഞ്ച് വർഷങ്ങൾക്കു ശേഷം യേശുദാസ് പാടുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. കൂടാതെ ആ കഥാപാത്രത്തിനനുസരിച്ച് മോഡുലേഷൻ വരുത്തിയാണ് യേശുദാസ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
കേശു ഒടിടിയിൽ
"അച്യുതൻ എന്ന പേരായിരുന്നു ആദ്യം ഈ കഥാപാത്രത്തിന്, പിന്നീട് നാദിർഷയാണ് കേശു ഈ വീടിന്റെ നാഥൻ എന്ന റ്റൈറ്റിൽ കൊടുക്കുന്നത്. തീയറ്ററുകൾ തുറന്നെങ്കിൽ പോലും ഇപ്പോളും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. സത്യത്തിൽ ഈ സിനിമ, കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായത്തിലുമുള്ള ആളുകളും കണ്ടിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെയാണ് കേശു ഒടിടിയിലെത്തുന്നത്. ഞാൻ ഇന്നേ വരെ ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് കേശു." – ദിലീപ് പറയുന്നു.