സായികുമാറിന്റെ ഇളയസഹോദരി ശൈലജ സിനിമാത്തിരക്കുകളിലേക്ക്
Mail This Article
അഭിനയപ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ മക്കളിൽ ഒരാൾകൂടി സിനിമയിൽ സജീവമാകുന്നു. സായികുമാറിന്റെയും ശോഭ മോഹന്റെയും ഏറ്റവും ഇളയ സഹോദരി ശൈലജയാണ് ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’, ദുൽഖർ സൽമാന്റെ ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ഏതൊരു തുടക്കക്കാരിയെയും പോലെ ഓഡിഷനിൽ പങ്കെടുത്താണ് ശൈലജ സിനിമയിലെത്തിയത്. ഓഡിഷനിൽ വച്ചു മാത്രമാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളാണെന്ന് അണിയറക്കാർ തിരിച്ചറിഞ്ഞത്.
ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും ശൈലജ നിരസിച്ചിരുന്നു. പഠിച്ച് ഒരു ജോലി നേടുക മാത്രമായിരുന്നു മനസ്സിൽ. വർഷങ്ങളായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്തായിരുന്നു ജോലി. ട്രാവൻകൂർ മെഡിക്കൽ കോളജ്, എസ്‌യുടി സൂപ്പർ സ്പെഷ്ൽറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത സമയത്താണ് നടൻ മുകേഷിന്റെ സഹോദരി സന്ധ്യമോഹൻ സീരിയലിലേക്കു ക്ഷണിച്ചത്. അഭിനയം വഴങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. ‘അച്ഛന്റെ മോളാണെന്നുള്ള ധൈര്യം പോരേ’ എന്ന സന്ധ്യയുടെ വാക്കുകളാണ് ധൈര്യം പകർന്നത്.
‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ഓഡിഷൻ കൊട്ടാരക്കര വച്ചാണ് നടത്തിയത്. എന്റെ ചേച്ചിയുടെ മകളാണ് എനിക്കു വേണ്ടി ആപ്ലിക്കേഷൻ നൽകിയത്. സീരിയിലുകളിൽ അഭിനയിച്ചു തുടങ്ങിയതോടെ അഭിനയം എനിക്കു കംഫർട്ടബിൾ ആയി തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ അമ്മയുടെ വേഷമാണ്. സല്യൂട്ട്, സിദ്ധി, കുമാരി എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
സിനിമയിലെ ഫോട്ടോകൾ വഴിയാണ് മോഡലിങ്ങിനും അവസരം ലഭിച്ചത്. ഇപ്പോൾ മഹാലക്ഷ്മി സിൽക്സിന്റെ ബ്രാന്റ് മോഡലാണ്. അമ്മ അറിയാതെ , കെ.കെ.രാജീവിന്റെ പ്രണയവർണങ്ങൾ എന്നീ സീരിയലുകളിലും അഭിനയിക്കുന്നു.
ഭർത്താവ് കൃഷ്ണകുമാർ നീലഗീരിസ് ഗ്രൂപ്പിന്റെ റീട്ടെയ്ൽ വിഭാഗം മേധാവിയാണ്. മൂത്തമകൻ ശ്രീചന്ദ് എൻജിനീയറിങ് പൂർത്തിയാക്കി, സ്വകാര്യ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയമകൻ സായി കൃഷ്ണ പത്താം ക്ലാസ് വിദ്യാർഥിയാണ്.