ADVERTISEMENT

ചുരുളി’ സിനിമയ്ക്കെതിരെ നിയമനടപടി എടുക്കാനാവി‌ല്ലെന്ന് പൊലീസിന്റെ പ്രത്യേകസംഘം. ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്ക് ഉതകുന്നതുമാണ്. ഒടിടി പൊതു ഇടമായി കണക്കാക്കാനാവില്ലെന്നും പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്‍കി.

 

സിനിമയിൽ പറയുന്നത് ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

 

‘ചുരുളി’ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർക്കുകയായിരുന്നു.  സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 

 

പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.  ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

 

ജസ്റ്റിസ് എൻ. നാഗേഷ് ആണ് ഹർജി പരിഗണിക്കുന്നത്.  ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം. ഹർജിയിൽ നേരത്തെ തന്നെ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ പ്രദർശിപ്പിക്കുന്നതെന്നും ഒടിടി റിലീസിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും നേരത്തെ സെൻസർബോർഡ് കോടതിയെ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com