ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബൈജു കൊട്ടാരക്കരയ്ക്കെതിരെ അരുൺ ഗോപി
Mail This Article
ചാനൽ ചർച്ചയ്ക്കിടയിൽ അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് ബൈജു കൊട്ടാരക്കരക്കെതിരെ സംവിധായകൻ അരുണ്‍ ഗോപി വക്കീല്‍ നോട്ടീസ് അയച്ചു. ‘ഒരാൾക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെ. അല്ലെങ്കില്‍ നേരിട്ട് അറിയാവുന്ന കാര്യമായിരിക്കണം. ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. അപകീർത്തിപ്പെടുത്തി എന്നതാണ് വിഷയം.’–അരുൺ ഗോപി മനോരമ ഓൺൈലനിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അരുണ്‍ ഗോപിയുടെ മൊബൈലിൽ വിളിച്ചുവെന്നും ആ കോൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം. ഈ ഫോൺ കോൾ തിരിച്ചെടുക്കാൻ അരുൺ ഗോപിയുടെ മൊബൈൽ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആളാണ് ബൈജു കൊട്ടാരക്കര. തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് ബൈജു സിനിമ സംവിധാനം ചെയ്തത്. 1999ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ആണ് ബൈജുവിന്റെ അവസാന ചിത്രം.