കണ്ടു നിന്നവർപോലും കരഞ്ഞുകൊണ്ട് കയ്യടിച്ചു; ജോജുവിന്റെ മാസ്മരിക പ്രകടനം; വിഡിയോ
Mail This Article
ജോജു ജോർജ് പ്രധാനവേഷത്തിലെത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ വൈകാരികരംഗം പങ്കുവച്ച് സംവിധായകൻ അഖിൽ മാരാർ. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തിൽ ജോജുവിന്റെ അഭിനയം കണ്ട് കണ്ണുനിറയുന്ന സംവിധായകനെ വിഡിയോയിൽ കാണാം. ഈ രംഗം ചിത്രീകരിച്ചു കഴിഞ്ഞതിനു ശേഷം ജോജു തന്നോട് പറഞ്ഞ വാക്കുകൾ കുറിപ്പിലൂടെ അഖിൽ പങ്കുവയ്ക്കുകയും ചെയ്തു.
അഖിൽ മാരാറുടെ വാക്കുകൾ:
ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തു എന്നും ഞാൻ പിന്നീട് ഒരു യാത്രയിൽ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.
‘എടാ ഒരാൾ താടിയും മുടിയും ഒക്കെ വളർത്തി, ഒരു ഭ്രാന്തനെ പോലെ നടക്കണമെങ്കിൽ അയാൾ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ. ദാ ഒന്ന് കണ്ണടച്ചാൽ മതി, എനിക്ക് ഒരു നൂറു വിഷമങ്ങൾ ഒരേ സമയം ഓർക്കാൻ.’
അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു. ചിലരെ പ്രകൃതി അനുഭവങ്ങൾ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യൻ ആണ്..
അനുഭവങ്ങളുടെ തീച്ചൂളയിൽ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ശുദ്ധൻ അല്ലെങ്കിൽ ജോജു ചേട്ടന്റെ തന്നെ ഭാഷയിൽ പൊട്ടൻ..
Behind and after the scence