ADVERTISEMENT

'അതു കിടുക്കി... തിമിർത്തു... കലക്കി' കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കോട്ടയം പ്രദീപ് പറഞ്ഞ ഈ ഡയലോഗ് മലയാളികളുടെ നിത്യസംഭാഷണങ്ങളുടെ ഭാഗമാണിപ്പോൾ. ഡയലോഗ് പറയുന്നതിലെ കോട്ടയം പ്രദീപ് ശൈലിയാണ് അത്തരമൊരു സംഭാഷണം സിനിമയിലുൾപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് ഓർത്തെടുക്കുകയാണ് സംവിധായകൻ നാദിർഷ. തിരക്കഥാകൃത്ത് എഴുതിവച്ചതിന്റെ ഇരട്ടി പ്രകടനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്ന കലാകാരനായിരുന്നു കോട്ടയം പ്രദീപെന്ന് നാദിർഷ അനുസ്മരിച്ചു. അകാലത്തിൽ വേർപിരിഞ്ഞ പ്രിയസഹപ്രവർത്തകന്റെ ഓർമകൾ നാദിർഷ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ. 

 

അഭിനയത്തിന്റെ കോട്ടയം പ്രദീപ് ശൈലി 

 

പ്രദീപേട്ടൻ ചെറിയ വേഷങ്ങൾ ചെയ്തു സിനിമയിലെത്തിയ ആളാണ്. അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടാക്കിയെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കാരണം ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരുപാട് ആർടിസ്റ്റുകൾ സിനിമയിലുണ്ട്. അവർ അത്തരം വേഷങ്ങൾ മാത്രം ചെയ്ത് ഒതുങ്ങിപ്പോകുന്ന സാഹചര്യം പണ്ടു മുതലെ സിനിമയിൽ കണ്ടിട്ടുള്ളതുമാണ്. പക്ഷേ, പ്രദീപേട്ടന് അദ്ദേഹത്തിന്റേതായ ശൈലി സൃഷ്ടിക്കാൻ സാധിച്ചതിന്റെ പേരിലാണ് അദ്ദേഹം സിനിമയിൽ കേറി വന്നതും ജനമനസുകളിൽ ഇത്രയധികം സ്വാധീനം സൃഷ്ടിക്കാൻ സാധിച്ചതും. തീർച്ചയായും പ്രതിഭയുള്ള കലാകാരനായിരുന്നു അദ്ദേഹം. 

 

ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല

 

ഞാൻ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ പ്രദീപേട്ടൻ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കാണുന്ന ഊർജ്ജം അദ്ദേഹത്തിന്റെ നടപ്പിലും ഇരിപ്പിലും സംസാരത്തിലും ഉണ്ടായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ അദ്ദേഹത്തെ സെറ്റിൽ കാണാൻ കഴിയില്ല. പലപ്പോഴും ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്, ചേട്ടാ... ചേട്ടന്റെ ഈ ചിരി... അത് പിടിച്ചിരുത്തുന്ന ചിരിയാണ് എന്ന്. കാലത്ത് സെറ്റിൽ വന്നിട്ട് ഒരു ഗുഡ് മോണിങ് പറയുമ്പോൾ തന്നെ ഫുൾ എനർജിയിലാണ്. നമ്മൾ എത്ര ടെൻഷനടിച്ചോ സങ്കടപ്പെട്ടോ ബോറടിച്ചോ ഇരിക്കാണെങ്കിലും പ്രദീപേട്ടന്റെ ചിരിച്ചുകൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ നമ്മളും ആ മൂഡിലാവും. എപ്പോഴും പ്രസന്നതോടെ മാത്രമേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളൂ. നിരാശ ഒരിക്കലും ആ മുഖത്ത് ഞാൻ കണ്ടിട്ടില്ല. ഈ രണ്ട് സിനിമയിൽ വർക്ക് ചെയ്തപ്പോഴും അങ്ങനെ തന്നെയായിരുന്നു. 

 

ഒരു രംഗം മതി അദ്ദേഹത്തിന് ചിരിപ്പിക്കാൻ

 

കൊച്ചു കുട്ടികളെപ്പോലെയാണ് പ്രദീപേട്ടന്റെ സംസാരം. ആ നിഷ്കളങ്കത അദ്ദേഹത്തിന് സ്വാഭാവികമായി ഉള്ളതാണ്. ഉള്ളിന്റെ ഉള്ളിൽ നിന്ന് പ്രകടമാകുന്ന ഭാവങ്ങളാണ് അവ. അതിലൊരു ഏച്ചുകെട്ടലുണ്ടായിരുന്നില്ല. ഒരു രംഗം മാത്രമേ സിനിമയിൽ ഉള്ളൂവെങ്കിലും അതിൽ വന്ന് ചിരിപ്പിച്ചു പോകാൻ കെൽപ്പുള്ള, അതിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. അതിനു തക്കവിധമുള്ള രൂപവും ഭാവവും അഭിനയചാതുരിയുമുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി അദ്ദേഹത്തിന്റെ വിയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com