ഒന്നും പറയാനാകുന്നില്ല: ശബ്ദമിടറി മോഹൻലാൽ
Mail This Article
നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചെന്നും ഈ അവസരത്തിൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിയോഗം നടുക്കവും തീരാനഷ്ടവുമാണ് ഉണ്ടാക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഫഹദ് ഫാസില്‍, ദിലീപ്, മഞ്ചു പിള്ള, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രാത്രി തന്നെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്: ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.
അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.
തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെ.പി.എ.സി. ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിൽസയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ല്‍അധികം സിനിമകളില്‍ അഭിനയിച്ചു. 1969ല്‍ ഇറങ്ങിയ കെ.എസ്.സേതുമാധവന്‍റെ 'കൂട്ടുകുടുംബ'മാണ് ആദ്യചിത്രം. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് മകനാണ്. അന്തരിച്ച സംവിധായകന്‍ ഭരതന്‍റെ ഭാര്യയാണ്. േകരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.