‘സത്യാ, അവരു പോയതിൽ വേദനിക്കരുത്; ഇതെല്ലാം പടച്ചോന്റെ തിരക്കഥയാണ്'
Mail This Article
ഒരു ദിവസം ഷൂട്ടിങ്ങിനിടയിൽ ഉച്ചയൂണിനു ശേഷം ലളിതച്ചേച്ചിയോടു സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞു, ‘വേണ്ടപ്പെട്ട പലരും പോയി. ഉണ്ണ്യേട്ടൻ (ഒടുവിൽ ഉണ്ണിക്കൃഷ്ണൻ), ശങ്കരാടി ചേട്ടൻ, തിലകൻ ചേട്ടൻ, സുകുമാരി ചേച്ചി, ഫിലോമിന ചേച്ചി എന്നിവരൊക്കെ പോയി. ഇവരില്ലാതെ എനിക്കു സിനിമ ചെയ്യാനാകുമോ എന്നറിയില്ല.’
ലളിതച്ചേച്ചി പറഞ്ഞു, ‘സത്യാ, അവരു പോയതിൽ വേദനിക്കരുത്. ഇതെല്ലാം പടച്ചോന്റെ തിരക്കഥയാണ്. ഓരോരുത്തർക്കും മൂപ്പരൊരു വേഷം തീരുമാനിച്ചിട്ടുണ്ട്. അതു കഴിയുമ്പോൾ അവർക്കു മാത്രം കർട്ടനിടും. നമ്മൾ കളി തുടരണം.’
ഇപ്പോഴിതാ ലളിത ചേച്ചിക്കും പടച്ചോൻ കർട്ടനിട്ടിരിക്കുന്നു. ലളിതച്ചേച്ചി എനിക്കു നടിയല്ല. അമ്മയും ചേച്ചിയും കൂട്ടുകാരിയുമെല്ലാമാണ്. ലളിതച്ചേച്ചിയെ മാറ്റി നിർത്തിയാൽ എന്റെ സിനിമാ ജീവിതത്തിൽ കാര്യമായ ഒന്നും ബാക്കിയുണ്ടാകില്ല. കൂടപ്പിറപ്പിനെപ്പോലെയാണു കൊണ്ടു നടന്നത്. എന്റെ ഭാര്യ നിമ്മി സിനിമയുടെ ആലോചന തുടങ്ങുമ്പോഴേ പറയും. ‘ലളിതച്ചേച്ചിയെ വിളിച്ചു ഡേറ്റു പറയാൻ മറക്കണ്ട.’
എന്റെ സിനിമയിൽ ചേച്ചിയുണ്ടെന്നാണ് ആദ്യം തീരുമാനിക്കുന്നത്. വേഷം പിന്നീടേ ആലോചിക്കൂ. ചേച്ചിയും ഒടുവിലും ശങ്കരാടി ചേട്ടനുമെല്ലാം അങ്ങനെയാണ്. അവർ സിനിമ തുടങ്ങിയാൽ വരും. സീൻ പിന്നീടുണ്ടാകും. ചേച്ചി വന്നിരുന്നത് എന്റെ സിനിമയിലേക്കല്ല. വീട്ടിലേക്കുതന്നെയാണ്. ചേച്ചിയെ ഞാനും ചേച്ചി എന്നേയും ചേർത്തു പിടിച്ചു. ഒന്നും മറച്ചുവച്ചില്ല. ഞാൻ ഇനി എന്റെ വീട്ടിലേക്കു കയറുമ്പോഴാണ് അറിയുക അവിടെ ചേച്ചിയില്ലെന്ന്. ‘സത്യാ’ എന്ന വിളി സെറ്റിലെ വിളിയായിരുന്നില്ല. വീട്ടിലെ വിളിയായിരുന്നു.
ഡോ.ബാലകൃഷ്ണന്റെ കൂടെ ഞാൻ സംവിധാനം പഠിക്കാൻ തുടങ്ങിയ കാലത്തു തുടങ്ങിയ ബന്ധമാണ് ലളിതച്ചേച്ചിയുമായുള്ളത്. ഒരിക്കൽപോലും അതു താളം തെറ്റിയിട്ടില്ല. ചേച്ചി രണ്ടു തവണ സിനിമ വിട്ടു. ഭരതേട്ടൻ ചേച്ചിയെ കല്യാണം കഴിച്ച സമയത്തു ചേച്ചി പറഞ്ഞു ഇനി സിനിമയിലേക്കില്ലെന്ന്. ‘അടുത്തടുത്ത്’ എന്ന എന്റെ സിനിമയിലേക്കു വരാനായി വിളിച്ചപ്പോൾ വിസമ്മതിച്ചു. ഞാൻ ഭരതേട്ടനെ വിളിച്ചു. അങ്ങനെയാണു ആദ്യ തിരിച്ചു വരവ്. അതോടെ കൂടുതൽ സജീവമാകുകയും ചെയ്തു.
ഭരതേട്ടൻ മരിച്ചപ്പോൾ ചേച്ചി വല്ലാത്ത മാനസികാവസ്ഥയിലായി. അപ്പോഴാണു ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയെക്കുറിച്ചു ഞാൻ ആലോചിക്കുന്നത്. ചേച്ചിയെ നിർബന്ധിച്ചു തിരിച്ചുകൊണ്ടുവന്നു. ആ സിനിമയിൽ നെടുമുടി വേണുവും ഉണ്ടായിരുന്നു. വേണുവും ഭരതനും അടുത്ത സുഹൃത്തുക്കളായിരുന്നു. വേണു അഭിനയിക്കാൻ വരുന്ന ദിവസം ചേച്ചി പറഞ്ഞു, ‘സത്യാ, വേണുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയില്ല’ എന്ന്. മേക്കപ്പിട്ടു രണ്ടുപേരും ക്യാമറയ്ക്കു മുന്നിൽ മുഖാമുഖം നിന്നു. അതുവരെ അവർ പരസ്പരം സംസാരിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ സീൻ പറഞ്ഞു കൊടുത്തു ക്യാമറയുടെ പുറകിലേക്കു മടങ്ങി. ‘ആക്‌ഷൻ’ എന്നു പറഞ്ഞതും ചേച്ചി ഉറക്കെ കരഞ്ഞുകൊണ്ടു തിരിച്ചുപോന്നു. അന്ന് അവരുടെ സീൻ ഷൂട്ടു ചെയ്തില്ല. വേണു വന്നു സമാധാനിപ്പിച്ച ശേഷമാണു ചേച്ചി ശാന്തയായത്.
‘മഴവിൽക്കാവടി’ എന്ന സിനിമയുടെ സമയത്തു പല തവണ വിളിച്ചിട്ടും ചേച്ചി വന്നില്ല. അവസാനം ഞാൻ പറഞ്ഞു, ‘സൗകര്യമുണ്ടെങ്കിൽ വരൂ’ എന്ന്. എന്റെ ശബ്ദത്തിൽ ദേഷ്യം പ്രകടമായിരുന്നു. ചേച്ചി വന്ന ഉടനെ കണ്ണീരോടെ പറഞ്ഞു, ‘സത്യൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു. ഇവിടേക്കു വരാനായി ഞാൻ ആ സെറ്റിൽ വഴക്കുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു’ എന്ന്.
ഓരോരുത്തരോടും സ്വന്തമാണെന്നു തോന്നിപ്പിക്കുന്ന തരംഅടുപ്പം ചേച്ചിക്കുണ്ടായിരുന്നു. മദ്രാസിലുള്ള സമയത്താണു ഒടുവിൽ ഉണ്ണികൃഷ്ണനു കുഞ്ഞുണ്ടായത്. ടിക്കറ്റിനു പണമില്ലാത്തതിനാൽ കാണാൻ പോയില്ല. പിന്നീട് ഉണ്ണ്യേട്ടനു വണ്ടിക്കൂലി കൊടുത്തു വിട്ടതു ചേച്ചിയാണ്. ഉണ്ണ്യേട്ടൻ ഇടയ്ക്കിടെ പറയും, ലളിതയ്ക്കു കൊടുക്കാനുള്ള കടം വീട്ടില്ലെന്ന്.
‘മകൾ’ എന്ന എന്റെ പുതിയ സിനിമയിലും ചേച്ചിക്കായി വേഷം കരുതിവച്ചിരുന്നു. ആരോ പറഞ്ഞു, ചേച്ചിക്കു സുഖമില്ലെന്ന്. ഷൂട്ടു തുടങ്ങുന്നതിനു മുൻപു നിർമാതാവു സേതു മണ്ണാർക്കാടിനെ ചേച്ചി വിളിച്ചു ചോദിച്ചു എന്നാണു വരേണ്ടതെന്ന്. കോസ്റ്റ്യൂം ചെയ്യുന്ന പാണ്ഡ്യനെ വിളിച്ചു പുതിയൊരു വിഗ്ഗ് വേണമെന്നു പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കേട്ടു ചേച്ചി ആശുപത്രിയിലാണെന്ന്. പക്ഷേ അന്നു രാവിലെ വീണ്ടും ചേച്ചി സേതുവിനെ വിളിച്ചു. സംശയം തോന്നിയപ്പോൾ ഞാൻ മകൻ സിദ്ധാർഥനെ വിളിച്ചു വിവരം തിരക്കി. അമ്മ ആശുപത്രിയിലാണെന്നും ഇടയ്ക്കു ഓർമകൾ മായുന്നുണ്ടെന്നും പറഞ്ഞു. മാറി മറയുന്ന ഓർമകൾക്കിടയിലും ചേച്ചിയുടെ മനസ്സിൽ എന്നോടൊപ്പമുള്ള സിനിമയായിരുന്നു. അതിലും വലിയൊരു അനുഗ്രഹം എനിക്കു കിട്ടാനില്ല.
‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന സിനിമയിൽ നായിക അറിയാതെ സ്വന്തം അച്ഛന്റെ മരണത്തിന് ഇടയാകുന്നൊരു സീനുണ്ട്. മോഹൻലാലിനോട് ആ സംഭവം മുഴുവൻ ലളിത ചേച്ചി പറയുന്നതാണ് സീൻ. വളരെ നീണ്ടൊരു സീനാണിത്. ആ സിനിമ റീ മേക്ക് ചെയ്ത ഭാഷയിലെല്ലാം ആ സംഭവം ഫ്ളാഷ് ബാക്കായി ഷൂട്ടു ചെയ്തു കാണിക്കുകയാണു ചെയ്തത്. എന്നാൽ ഈ സിനിമയിൽ മാത്രം ചേച്ചി ആ സീൻ പറയുകയായിരുന്നു. നെഞ്ചു പൊട്ടുന്ന ആ സീൻ പറയാൻ ചേച്ചിയെപ്പോലെ അത്യപൂർവ പ്രതിഭയായൊരു നടിക്കു മാത്രമേ കഴിയൂ. ചേച്ചിയല്ലെങ്കിൽ ഒരിക്കലും ആ സീൻ ഇതുപോലെ വലിയ സീനായി ആലോചിക്കുപോലുമില്ല. ചെറിയൊരു മൂളലിലൂടെപ്പോലും ചേച്ചി ഒരു സീൻ ജീവനുള്ളതാക്കും. അങ്ങനെ എത്രയെത്ര സീനുകൾ,വേഷങ്ങൾ.
ചേച്ചി പറഞ്ഞതുപോലെ, പടച്ചോന്റെ തിരക്കഥയിലെ ലളിത ചേച്ചിയുടെ വേഷം അവസാനിച്ചിരിക്കുന്നു. പക്ഷേ എന്റെ കൈത്തണ്ടയിൽ ഇപ്പോഴും ചേച്ചി മുറുക്കെ പിടിച്ചിട്ടുണ്ട്. എപ്പോഴും അങ്ങനെയായിരുന്നു, അടുത്തു നിൽക്കുമ്പോഴും യാത്ര പറയുമ്പോഴുമെല്ലാം മുറുക്കെ പിടിക്കും.സത്യത്തിൽ അതൊരു ധൈര്യമാണ്. നിനക്കു ഞാനുണ്ടെന്നു പറയുന്ന ധൈര്യം.