‘ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ വന്ന് ഫോൺ എടുത്തു’; ദുൽഖർ പറഞ്ഞത് സത്യമെന്ന് മമ്മൂട്ടി
Mail This Article
‘കുറുപ്പ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ നടത്തിയ ഒരു പരാമർശം ആ സമയത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ നിന്ന് താൻ തന്നെയാണ് ‘കുറുപ്പി’ന്റെ പ്രമോഷൻ പോസ്റ്റ് ഇട്ടത് എന്നായിരുന്നു ദുൽഖറിന്റെ വെളിപ്പെടുത്തൽ. അതേക്കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഭീഷ്മ പർവം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഒരവതാരകനാണ് മമ്മൂട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചത്.
‘ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഫോൺ ഒന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ. കാര്യം ശരിയാ, അതൊന്നും നമ്മളത് വളിച്ചുകൂവരുതല്ലോ.’–മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ‘ഭീഷ്മ പർവവും’ ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. മാര്‍ച്ച് മൂന്നിനാണ് റിലീസ്. ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷത്തിന് ശേഷമാണ് അമല്‍ നീരദുമായി മമ്മൂട്ടി ഒന്നിക്കുന്നത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു.
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് നായികമാർ.