എം. മോഹനന്റെ സിനിമാക്കഥകൾ
Mail This Article
സിനിമയ്ക്കുള്ള കഥ എവിടെ നിന്നു കണ്ടെത്തുന്നു എന്നു ചോദിച്ചാൽ സംവിധായകൻ എം. മോഹനൻ പറയുക ‘വാർത്തകളിൽ’ നിന്നാണെന്നാണ്. രണ്ടാമത്തെ സിനിമയായ ‘മാണിക്യക്കല്ല്’ എന്ന ചിത്രം മുതൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന സിനിമയുടെ വരെ കഥ കണ്ടെത്തിയത് പത്രങ്ങളിൽ നിന്നായിരുന്നു. സൊമാലിയൻ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മലയാളികളെക്കുറിച്ചാണ് മോഹനന്റെ പുതിയ സിനിമ. അതിനുള്ള കഥ കണ്ടെത്തിയതും മാധ്യമങ്ങളിൽ നിന്നു തന്നെ.
ആദ്യ ചിത്രത്തിനു മാത്രമേ മോഹനന് കഥയും തിരക്കഥയും പുറത്തുനിന്നു കണ്ടെത്തേണ്ടിയിരുന്നുള്ളൂ. 2007ൽ റിലീസ് ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതിയത് സഹോദരീ ഭർത്താവായ ശ്രീനിവാസനായിരുന്നു. മമ്മൂട്ടിയും ശ്രീനിവാസനും തുല്യപ്രാധാന്യമുള്ള വേഷം ചെയ്ത ചിത്രം വൻ ഹിറ്റായതോടെ മോഹനൻ സംവിധായകൻ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. രണ്ടാമത്തെ ചിത്രത്തിന് കഥയും തിരക്കഥയും എഴുതാൻ സ്വയം തീരുമാനിച്ചപ്പോൾ കഥയും കഥാപാത്രങ്ങളും മുന്നിലേക്കു വരികയായിരുന്നു.
‘വനിത’ മാഗസിനിൽ വന്ന കുട്ടിക്കുറ്റവാളികളെക്കുറിച്ചുള്ള ഫീച്ചറിൽ നിന്നാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ തുടക്കം. ഇവരെക്കുറിച്ചുള്ള കഥ വികസിക്കുമ്പോഴാണ് തലശേരിയിലെ ഒരു സർക്കാർ സ്കൂൾ പടുകുഴിയിൽ നിന്നു കയറിയ വാർത്തയും പത്രത്തിൽ വായിക്കുന്നത്. നൂറുശതമാനം പരാജയപ്പെട്ടിടത്തു നിന്ന് ഒരു സർക്കാർ സ്കൂൾ നൂറുശതമാനം വിജയത്തിലെത്തിയ കഥ. രണ്ടും കൂടി ചേർന്നപ്പോൾ പൃഥ്വിരാജ് നായകനായ ‘മാണിക്യക്കല്ല്’ എന്ന ചിത്രം പിറന്നു.
അടുത്ത ചിത്രമായ 916, മൈ ഗോഡ് എന്നീ ചിത്രങ്ങളിലെ കഥകളും പത്രങ്ങളിലൂടെ കണ്ടെത്തിയതായിരുന്നു. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിനു പിന്നിലും മാഗസിൻ ഫീച്ചർ തന്നെ. മലയാള മനോരമ വാർഷികപ്പതിപ്പിൽ വന്ന ഗീതാബക്ഷിയുടെ ഓർമക്കുറിപ്പാണ് ഈ സിനിമയ്ക്കു സഹായിച്ചതെന്ന് മോഹനൻ പറഞ്ഞു. യാത്രയ്ക്കിടെ കൂടപ്പിറപ്പിനെ നഷ്ടമായ കഥ. വളരെയധികം ഹൃദയസ്പർശിയായ ആ അനുഭവം തന്നെ വല്ലാതെ വേട്ടയാടിയിരുന്നെന്നും അരവിന്ദന്റെ അതിഥിയുടെ തിരക്കഥാരചനാവേളയിൽ ഇതു സഹായിച്ചെന്നും മോഹനൻ പറഞ്ഞു. വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിൽ അമ്മയെ നഷ്ടമായ മകന്റെ അന്വേഷണമാണ്. മകനെ നഷ്ടമായ അമ്മ 12 വർഷമായി അവനെ അന്വേഷിക്കുന്നതിനെക്കുറിച്ചു ‘വനിത’യിൽ വന്ന ഫീച്ചറും ഈ സിനിമയുടെ തിരക്കഥയ്ക്കു ഗുണം ചെയ്തു.
മലയാള മനോരമ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച ‘കനലും കടന്ന് കടലും കടന്ന്’ എന്ന ഫീച്ചറിൽ അവതരിപ്പിച്ച സൊമാലിയൻ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ രണ്ടുപേരുടെ ജീവിതമാണ് പുതിയ സിനിമയുടെ കഥാതന്തുവെന്ന് മോഹനൻ പറഞ്ഞു. കടൽക്കൊള്ളക്കാരുടെയും അവർ ബന്ദിയാക്കിയവരുടെയും ജീവിതത്തിനു തുല്യപ്രാധാന്യം നൽകിയാണ് സിനിമയൊരുക്കുന്നത്. എറണാകുളം കൂത്താട്ടുകുളം സ്വദേശി ജോർജ് ജോസഫ്, പത്തനംതിട്ട മല്ലപ്പള്ളി പരിയാരം താഴത്തുവീട്ടിൽ ടി.ബി.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ബന്ദി ജീവിതമായിരുന്നു മനോരമയിൽ പ്രസിദ്ധീകരിച്ചത്. ഫീച്ചർ വായിച്ച് മോഹനനും തിരക്കഥാകൃത്ത് ജി.എസ്. അനിലും ജോർജ് ജോസഫിനെ സന്ദർശിച്ചു. കേരളത്തിലും ആഫ്രിക്കയിലും വച്ചായിരിക്കും ചിത്രീകരണം. താരനിർണയം പൂർത്തിയായി വരുന്നേയുള്ളൂ.
പത്രമോ ആനുകാലികങ്ങളോ വായിക്കുമ്പോൾ അതിൽ ഹൃദയസ്പർശിയായ വാർത്തകളും ഫീച്ചറുകളും സൂക്ഷിച്ചുവയ്ക്കുക മോഹനന്റെ സ്വഭാവമാണ്. അതു പിന്നീടുള്ള സിനിമയ്ക്കു ഗുണം ചെയ്യുമെന്നറിയാം. അതുകൊണ്ടാണല്ലോ മാണിക്യക്കല്ലും അരവിന്ദന്റെ അതിഥിയുമെല്ലാം കുടുംബങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമയായതും.