‘ആരോപണത്തിന് മറുപടി പറയൂ, എന്നിട്ട് പ്രമോഷൻ’: മറുപടി പറഞ്ഞ് ശ്രീകാന്ത് വെട്ടിയാർ
Mail This Article
മീടു ആരോപണം നേരിട്ട് ലൈംഗികാതിക്രമത്തിന് കേസെടുത്ത വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ. തന്റെ പുതിയ സിനിമയായ ‘ഉസ്കൂളി’ന്റെ വിവരങ്ങൾ പങ്കുവച്ച പോസ്റ്റിനു താഴെയാണ് ആളുകൾ വിമർശനങ്ങളും ട്രോളുകളുമായി എത്തുന്നത്.
ചില വിമർശനങ്ങൾക്ക് താരം തന്നെ മറുപടിയും കൊടുക്കുന്നുണ്ട്. 'താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ' എന്നായിരുന്നു ഒരാളുടെ ചോദ്യം.
‘കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല’– എന്നായിരുന്നു ശ്രീകാന്തിന്റെ മറുപടി.
‘കവി ഉദ്ദേശിച്ചത്’ എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം പി.എം. തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉസ്കൂൾ.’
ഈ വര്‍ഷം റിലീസ് ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും ചെറിയ വേഷത്തിൽ ശ്രീകാന്ത് വെട്ടിയാർ പ്രത്യക്ഷപ്പെട്ടിരുന്നു.
ആലുവയിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് ശ്രീകാന്തിനെതിരെ കേസ് ഉണ്ടായിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
<p>നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം ലഭിച്ച ശ്രീകാന്ത് വെട്ടിയാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായിരുന്നു.