ADVERTISEMENT

ഞാൻ സിനിമയിൽ വന്നശേഷം ഒത്തിരി കലാകാരന്മാരും കലാകാരികളുമൊക്കെയായി സൗഹൃദം പങ്കിട്ടിട്ടുണ്ടെങ്കിലും ഒന്ന് പരിചയപ്പെടണമെന്ന് വളരെ ആഗ്രഹിച്ചിരുന്ന ഒരു മഹദ്‌വ്യക്തിത്വമുണ്ടായിരുന്നു. അത് മറ്റാരുമല്ല മലയാള സിനിമയിലെ ആദ്യ നായകനടനും സവ്യസാചി എന്ന വിശേഷണത്തോടെ എല്ലാവരും വിളിച്ചിരുന്ന സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു ആ അഭിനയ പ്രതിഭ. തിരുവനന്തപുരത്തു വച്ചാണ് തിക്കുറിശ്ശിയുടെ തിരുമുഖം ഞാൻ ആദ്യം ദർശിക്കുന്നത്. 

 

ഞാൻ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നതെങ്കിലും ഏതോ പൂർവപരിചയമുള്ളതുപോലെയാണ് എന്നോട് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.  മലയാള സിനിമയുടെ ഒരു വലിയ ചരിത്ര പുസ്തകമാണ് എന്റെ മുന്നിലിരിരുന്നു അപദാനങ്ങൾ ചൊരിയുന്നതെന്ന് എനിക്ക് തോന്നിപ്പോയി.  സംസാരിക്കുമ്പോൾ അൽപം കൊഞ്ചിപ്പും വാക്കുകൾ തിരിയാത്തതു പോലെയൊക്കെ തോന്നിയെങ്കിലും മലയാള സിനിമയുടെ നാൾവഴികളിലൂടെയുള്ള ഒരു സഞ്ചാരിയുടെ കമന്ററിപോലെയാണ് ആ വായ്മൊഴിത്തരികൾ ഒഴുകിക്കൊണ്ടിരുന്നത്. 

 

ഞങ്ങളുടെ സംസാരം ഒരു ദിശയിലെത്തിയപ്പോൾ മലയാളത്തിലെ ആദ്യകാല നായികമാരുടെയെല്ലാം ആദ്യ നായകനാണ് താനെന്നും ബി. എസ്. സരോജ മുതൽ ഷീലയും, ശാരദയും, ജയഭാരതിയുമടക്കം മലയാള സിനിമയിലെ പഴയകാല നടികളുടെ ഉൽഭവത്തെക്കുറിച്ചും താരപദവിയെക്കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഇടയിൽ കയറി ഒരു സജഷൻ പറഞ്ഞു. 

 

‘മലയാള സിനിമയിൽ പെട്ടെന്ന് ഒരു മെക്സിക്കൻ വേവു പോലെ അലകളുയർത്തി വന്ന്‌ ഒറ്റ ദിവസം കൊണ്ട് താരപദവിയിലേക്ക് കടന്നുവന്ന ഒരു നായികാസ്വരൂപമേ നമുക്കുള്ളൂ സാറേ’’

 

‘‘അതാരാ ?"

seema-3

 

അദ്ദേഹത്തിന് ജിജ്ഞാസയായി.

 

‘സീമ, ഇപ്പോൾ നമ്മുടെ ഐ.വി. ശശിയുടെ ഭാര്യാപദം അലങ്കരിക്കുന്ന, നർത്തകിയും അഭിനേത്രിയുമായ സീമാ ശശി’

 

ഞാനൽപം ആലങ്കാരികതയോടെ പറയുന്നതു കേട്ട് തിക്കുറിശ്ശി ഒരു നിമിഷം ആലോചിച്ചിരുന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. 

 

‘ഓ അങ്ങനെയാണോ, എനിക്കതൊരു പുതിയ അറിവാണ്.  എന്റെ ഓർമയൊക്കെ കുറഞ്ഞു വരുകയല്ലേ. നീ പറയുന്നതായിരിക്കും ശരി’.

 

മലയാള സിനിമയുടെ ചരിത്രകാരൻ അനുബന്ധമായി ഇത്രയും പറഞ്ഞു കൊണ്ട് താനാണ് മലയാള സിനിമയിലെ പല നായക നടന്മാര്‍ക്കും പുതിയ നാമധേയം നൽകിയതിനെക്കുറിച്ചും അദ്ദേഹം വാചാലനാകുവാൻ തുടങ്ങി.

 

ഇനി സീമയിലേക്ക് വരാം.  

 

നിഴലുകൾക്ക് ഒരു വെയിലിന്റെ ആയുസ്സേയുള്ളൂ എന്നു പറയുന്നതു പോലെയാണ് ഒരു വെള്ളിയാഴ്ച നൂൺഷോ കഴിയുന്നതോടെ ഒരു ‘പുതുമുഖതാര’ത്തിന്റെ തലവര മാറുന്നത്.  അത് പാതി നേരും പാതി പതിരുമാണെങ്കിലും സിനിമയുടെ കാര്യത്തിൽ നൂറു ശതമാനം നേരുതന്നെയെന്ന് അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. 

 

വളരെ വർഷങ്ങൾക്കു മുൻപു കോടമ്പാക്കത്തെ ചൂളമേട്ടിൽ നിന്നും സിനിമ എന്ന മായാലോകത്തേക്കു കടന്നുവന്ന ശാന്തി എന്ന സീമയുടെ ‘തലവര’ മാറ്റത്തോടെയാണ് ഈ വായ്മൊഴിക്ക് അർഥവ്യാപ്തിയുണ്ടാവുന്നത്.  

 

‘അവളുടെ രാവുകൾ’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിൽ ഒരു മെക്സിക്കൻ വേവ് സൃഷ്ടിക്കാൻ കഴിഞ്ഞ മലയാളത്തിലെ ഏക നായികതാരം സീമയായിരുന്നു.  ഒരു ലൈംഗിക തൊഴിലാളിയുടെ കഥയാണെന്നു പറഞ്ഞു അന്നത്തെ പല നായികമാരും അഭിനയിക്കാൻ വിസമ്മതിച്ചപ്പോൾ കഥാപാത്രത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ്, ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ സീമ അന്ന് തയാറായതു കൊണ്ടാണ് മലയാള സിനിമയ്ക്ക് മികച്ച ഒരു അഭിനേത്രിയെ കിട്ടിയത്. അന്ന് ഈ വേഷം വേണ്ടെന്നു വയ്ക്കാൻ തയാറായ എക്സ് നായികമാർക്കെല്ലാം ഇതൊരു അനുഭവപാഠമായി മാറുകയും ചെയ്തു. 

 

സീമ ഇന്ന് അഭിനയരംഗത്തില്ല.  ഭർത്താവായ ഐ.വി. ശശിയുടെ വിയോഗത്തോടെ അഭിനയത്തോട് പൂർണമായും വിടപറഞ്ഞു കൊണ്ട് കുട്ടികളോടും കുടുംബത്തോടുമൊപ്പം ശശിയുടെ ഓര്‍മകളുമായി കഴിയുകയാണ് സീമയിപ്പോൾ. 

 

ഈയിടെ ഏതോ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന സീമയെ പെട്ടെന്ന് കണ്ടപ്പോൾ ഞാൻ പഴയ ഓർമകളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.  അൽപം തടിച്ചിട്ടുണ്ടെങ്കിലും ആ പഴയ കുസൃതിക്കും ചിരിക്കും കുറിക്കു കൊള്ളുന്ന സംസാരത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്ന് എനിക്കു തോന്നി. വളരെ വർഷങ്ങളായി ഞാൻ സീമയെ കണ്ടിട്ട്.  മനസ്സിൽ തോന്നിയത് എന്തും വെട്ടിത്തുറന്ന് പറയാൻ സീമക്ക് ഒരു മടിയുമില്ലായിരുന്നു.  പഴയ ഡാൻസ് ഗ്രൂപ്പിലുണ്ടായിരുന്നപ്പോഴുള്ള ആ പ്രകൃതത്തിന് അൽപം പക്വതയും പാകതയും വന്നതല്ലാതെ ആ കുസൃതിക്കും സംസാരത്തിനുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല. 

 

seema-actress

1977ൽ ഞാൻ ആദ്യമായി പരിചയപ്പെട്ടപ്പോഴുണ്ടായ സീമയുടെ അതേ രൂപഭാവഹാവാദികളും മാനറിസവുമൊക്കെ ഇപ്പോഴും ഇടക്ക് തെളിഞ്ഞുവരുന്നതായി എനിക്കു തോന്നി.  

 

സീമയെ ഞാൻ ആദ്യമായി കാണുന്നത് ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ മനോഹര തീരം’ എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിൽ ചടുല താളങ്ങൾ സൃഷ്ടിക്കാൻ എറണാകുളത്തു വന്നപ്പോഴാണ്. മധു, ജയഭാരതി, വിധുബാല, ജയൻ, സുകുമാരൻ, കുതിരവട്ടം പപ്പു, കെ.പി. ഉമ്മർ, കെപിഎസി ലളിത തുടങ്ങിയ ഒത്തിരി താരങ്ങളുള്ള ഒരു ചിത്രമായിരുന്നു ഈ മനോഹരതീരം. പാറപ്പുറത്തിന്റേതായിരുന്നു തിരക്കഥ. മധു സാറൊഴിച്ച് മറ്റു താരങ്ങളൊക്കെ എറണാകുളത്ത് ബി.ടി.എച്ചിലാണ് താമസിച്ചിരുന്നത്.  ചിത്രത്തിന്റെ  നിർമാതാവും ശശിയുമായുമൊക്കെയുള്ള അടുപ്പം കൊണ്ട് ഞാനും കിത്തോയും ഈ ചിത്രത്തിന്റെ സംഘാടകരിൽ പ്രധാനികളായിരുന്നു.  അന്ന് ഞാൻ തിരക്കഥകാരനൊന്നും ആയിട്ടില്ല.

 

ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞാനും കിത്തോയും ശശിയുടെ മുറിയിൽ കൂടിയിരിക്കുകയാണ്. നാളത്തെ ഷൂട്ടിംഗിന്റെ തുടക്കം ഒരു നൃത്തരംഗമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.  ചർച്ചകൾക്കിടയിൽ ജയന്റെ ജോഡിയായി അഭിനയിക്കുന്ന  രാജകോകിലയെക്കുറിച്ച് ഒരു പരാമർശമുണ്ടായി. ആ കഥാപാത്രത്തിന് അൽപം കൂടി ഗ്ലാമറുള്ള ഒരു നടിയായിരുന്നു വേണ്ടിയിരുന്നതെന്ന് ഞാൻ ശശിയോടു ഒരഭിപ്രായം പറഞ്ഞു. 

 

അങ്ങനെ ഞാൻ ഒരു സജഷൻ പറയാൻ ഒരു കാരണവുമുണ്ട്. ഞാനും കിത്തോയും കൂടി ശശിയുടെ മുറിയിലേക്കു വരുന്ന വഴി, ബിറ്റിഎച്ചിന്റെ കോറിഡോറിൽ വച്ച് ഈ ചിത്രത്തിന്റെ ലേഡി ഡാൻസ് മാസ്റ്ററും അവരുടെ ഡാൻസ് ഗ്രൂപ്പിലുള്ള ഒരു പെൺകുട്ടിയും കൂടി സംസാരിച്ചിരിക്കുന്നത് ഞാൻ കണ്ടു. ആ കുട്ടിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ പെട്ടെന്നു അവരിൽ ഉടക്കി.  നല്ല ഭംഗിയുള്ള സുന്ദരിയായ പെൺകുട്ടി. ഒരു നായികയ്ക്കു വേണ്ട രൂപലാവണ്യവും, പ്രസരിപ്പുമുള്ള ഈ നർത്തകി രാജകോകിലയുടെ വേഷത്തിൽ വന്നാൽ നന്നായിരിക്കുമെന്ന് ഞാൻ കിത്തോയോടു പറയുകയും ചെയ്തു. ഈ വിവരം ഞാൻ ശശിയുെടെ മുൻപിലും അവതരിപ്പിച്ചു. 

 

"നീയെന്താ ഈ പറയുന്നത്. രാജകോകില നാളെ ഇവിടെ എത്തും. ഇനി അവരെ മാറ്റാനൊന്നും പറ്റില്ല. അങ്ങനെ കാണാൻ കൊള്ളാവുന്ന പല ഡാൻസേഴ്സുമുണ്ടാകും. അവരെഎല്ലാവരെയും അങ്ങനെ അഭിനയിപ്പിക്കാൻ പറ്റുമോ". 

 

ശശി അപ്പോൾ തന്നെ എന്റെ സജഷൻ വെട്ടി. 

 

ഇതു കേട്ടപ്പോൾ അവിടെവച്ചു തന്നെ ഞാൻ വെറുതെ ഒരു പ്രവചനവും നടത്തി. 

 

"എന്തായാലും ഈ പെണ്ണ് ഭാവിയിൽ ഒരു വലിയ നടിയാകുമെന്ന് ഉറപ്പാ. കുറേ നാൾ കഴിയുമ്പോൾ ഈ പെണ്ണിന്റെ ഡേറ്റിനുവേണ്ടി നിങ്ങളൊക്കെ തന്നെ പുറകെ നടക്കുന്നതു കാണാം." 

 

ഞാൻ പറഞ്ഞത് അച്ചിട്ട പോലെ സംഭവിച്ചു.  സീമ വലിയ നടിയാകുക മാത്രമല്ല. ശശിയുടെ ജീവിത സഖിയായി മാറുകയും ചെയ്തു. 

 

പിറ്റേന്ന് അമ്പലമേട്ടിൽ വച്ചായിരുന്നു നൃത്തരംഗം ഷൂട്ട് ചെയ്തത്. അതിൽ ഗായകനായി അഭിനയിച്ചത് പ്രശസ്ത സംവിധായകൻ ഹരിഹരനായിരുന്നു. സീമയുടെ നൃത്തച്ചുവടുകൾ കാണാൻ വേണ്ടി ജയനും അന്നവിടെ എത്തിയിരുന്നു.  ഹരിഹരൻ സാറിനെ ഞാൻ ആദ്യമായിട്ട് അവിടെ വച്ചാണ് പരിചയപ്പെടുന്നത്. 

 

ഈ മനോഹരതീരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എന്റെ  ആദ്യസിനിമാ കഥയായ അനുഭവങ്ങളെ നന്ദി ഐ.വി. ശശിയെക്കൊണ്ടു സംവിധാനം ചെയ്യിക്കാനും ഞങ്ങൾ അവിടെവച്ച് തീരുമാനിച്ചു.

 

കുറേനാളുകൾ കഴിഞ്ഞ്  ഞാനും കിത്തോയും നിർമാതാവും കൂടി മദ്രാസില്‍ ചെന്നപ്പോൾ സീമ 'അവളുടെ രാവുകളിൽ' നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ആദ്യം സീമയാണ് നായികയെന്നു ശശി ഞങ്ങളോടു പറഞ്ഞിരുന്നില്ല.  ഒരു സർപ്രൈസു പോലെ വയ്ക്കുകയായിരുന്നു.  അപ്പോൾ ഞാൻ പറഞ്ഞു. 

 

‘‘എങ്ങനെയുണ്ട് എന്റെ പ്രവചനം’’ അതുകേട്ട് ശാന്തി എന്ന സീമയുടെ മുഖത്ത് കുസൃതിയും നിഷ്കളങ്കതയും ചേർന്ന സുഖമുള്ള ഒരു ചിരി വിടർന്നു. ‘അനുഭവങ്ങളെ നന്ദിയിൽ ജയഭാരതിയോടൊപ്പം ഉപനായികയുടെ വേഷത്തിൽ സീമയെ അപ്പോൾ തന്നെ ഞങ്ങൾ ബുക്ക് ചെയ്യുകയും ചെയ്തു. 

 

1978 മാർച്ചിലാണ്‌ 'അവളുടെ രാവുകൾ' റിലീസായത്. പുതിയൊരു ചലച്ചിത്രഭാവുകത്വത്തിന്റെ തൂവൽ സ്പർശമെന്നാണ് പ്രേക്ഷകരും നിരൂപകരുമൊക്കെ അന്ന് ഒരുപോലെ ഈ ചിത്രത്തെ പ്രശംസിച്ചത്.   ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത് സീമയായിരുന്നു. അതോടെ സീമ മലയാളത്തിലെ ഏറ്റവും മാർക്കറ്റ് വാല്യുവുള്ള നായികാ സാന്നിധ്യമായി മാറുകയായിരുന്നു. 

 

'അനുഭവങ്ങളെ നന്ദി'യുടെ നിലമ്പൂരിലെ ലൊക്കേഷനിൽ വച്ചാണ് ഞാനും സീമയും തമ്മിൽ കൂടുതൽ സൗഹൃദത്തിലാകുന്നത്.  എന്റെ തന്നെ ജോഷി സംവിധാനം ചെയ്ത 'കോടതി', 'സന്ദര്‍ഭം' തുടങ്ങിയ ചിത്രങ്ങളിലും സീമ അഭിനയിക്കുകയുണ്ടായി. പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും പഴയ ആ ശീലങ്ങൾക്കൊന്നും ഒരു തേയ്മാനവും വന്നിരുന്നില്ല. ഈ ശീലഗുണം കൊണ്ട് ഞാൻ വല്ലാതെ ചമ്മിപ്പോയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. 

 

1981ൽ ഞാൻ തിരക്കഥാകാരനായി അറിയപ്പെട്ടു തുടങ്ങുന്ന സമയം. അരോമമണിയുടെ ഒരുസിനിമയുടെ ഡിസ്ക്കഷനു വേണ്ടി ഞാൻ തിരുവനന്തപുരത്തെ കീർത്തി ഹോട്ടലിൽ താമസിക്കുകയാണ്. പി. ചന്ദ്രകുമാർ സംവിധാനം  ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് യൂണിറ്റ് അവിടെയാണ് താമസിക്കുന്നത്. ചന്ദ്രകുമാറിന്റെ അസോസിയേറ്റ് ഡയറക്ടർ ഇന്നത്തെ പ്രഗത്ഭ സംവിധായകനായ സത്യൻ അന്തിക്കാടായിരുന്നു. അവർ മിക്ക ദിവസങ്ങളിലും ഷൂട്ടിംഗ് കഴിഞ്ഞു വന്നാൽ എന്റെ മുറിയിൽ വരും.  ഞാനും ചന്ദ്രനും കൂടി ചെയ്യേണ്ട ഒരു സിനിമയുടെ  ആലോചനയും അന്നു നടക്കുന്നുണ്ടായിരുന്നു. ചന്ദ്രന്റെ ഇപ്പോൾ നടക്കുന്ന ചിത്രത്തിലെ നായിക സീമയാണ്. ഞാൻ അന്ന് കല്യാണമൊന്നും കഴിച്ചിട്ടില്ല. ആലോചനകൾ പലതും നടക്കുന്നുണ്ട്. ലൊക്കേഷനിൽ വച്ച് ചന്ദ്രനും സത്യനും കൂടി എന്റെ കല്യാണക്കാര്യമൊക്കെ എന്നോട് ചോദിക്കാറുണ്ടായിരുന്നു. 

 

ഒരു ദിവസം രാവിലെ ഞാൻ ഹോട്ടലിലെ റിസപ്ഷനിൽ പത്രം നോക്കിക്കൊണ്ടു നിൽക്കുമ്പോൾ ഷൂട്ടിങിന് പോകാനായി ചന്ദ്രനും സത്യനും സീമയും കൂടി മുറിയിൽ നിന്നിറങ്ങി വന്നു.  ഞാൻ റിസപ്ഷനിൽ നിൽക്കുന്നത് അവർ കണ്ടു.  അവിടത്തെ റിസപ്ഷനിസ്റ്റായിരിക്കുന്നത് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയാണ്. ശാന്തമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ശാലീനയായ കുട്ടി. 

 

സീമ എന്നെയും ആ പെൺകുട്ടിയെയും കണ്ടപ്പോൾ ചന്ദ്രനെയും സത്യനെയും കുസൃതിയോടെ നോക്കിക്കൊണ്ട് ആ കുട്ടിയോടു ചോദിച്ചു. 

 

"അതേ കുട്ടി കല്യാണം കഴിച്ചിട്ടില്ലല്ലോ.  കുട്ടിക്ക് കലൂർ ഡെന്നിസിനെ കെട്ടാൻ താൽപര്യമുണ്ടോ? സിനിമാക്കാരനാണെങ്കിലും ആള് ഡീസന്റാ ഞാൻ ഗ്യാരണ്ടി." 

 

എടുത്തടിച്ചതു പോലെയുള്ള സീമയുടെ ചോദ്യം കേട്ട് ഞാനും ആ പെൺകുട്ടിയും ഒരു പോലെ ഞെട്ടി. ആ കുട്ടി ചമ്മി കുരുത്തോല പോലെയായി. ചന്ദ്രനും സത്യനും കൂടി പ്ലാൻ ചെയ്തു സീമയെക്കൊണ്ടു പറയിച്ചതാണോ എന്നായിരുന്നു എന്റെ സംശയം. അവർ ഒന്നും അറിയാത്തതുപോലെ നിന്നു ചിരിക്കുന്നുണ്ട്. ഞാൻ ആ കുട്ടിക്കു മുഖം കൊടുക്കാതെ അവിടെ നിന്നും പെട്ടെന്നു വലിഞ്ഞു.  ചന്ദ്രനും സത്യനും സീമയും കൂടി അപ്പോൾ തന്നെ ലൊക്കേഷനിലേക്ക് പോയി. ഞാൻ വേഗം തന്നെ മുറിയിൽ പോയി ഒന്നു പുറത്തിറങ്ങുക പോലും ചെയ്യാതെ മുറിയടച്ചിരുന്നു. ഈ സീമ എന്തു പണിയാണ് ഈ കാണിച്ചത്?

 

ഞാൻ പിറ്റേന്ന് അതിരാവിലെ ആ കുട്ടി വരുന്നതിനു മുൻപേ തന്നെ റൂം െവക്കേറ്റു ചെയ്തു മറ്റൊരു ഹോട്ടലിലേക്ക് താമസം മാറി. പിന്നെ എന്റെ കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ കീർത്തി ഹോട്ടലിൽ പോകാൻ തുടങ്ങിയത്. 

 

പിന്നെയും നിഷ്കളങ്കമായ ഒരു പാരയും കൂടി സീമ എനിക്കു നേരെ തൊടുത്തു വിട്ടു.

 

എന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു ഞാനും ഭാര്യയും കൂടി ദേവരാജൻ മാഷിന്റെ വീട്ടിൽ വിരുന്നിനു പോയപ്പോൾ ശശിയുടെ വീട്ടിലും കയറിയിരുന്നു.  ഞങ്ങൾ ചെല്ലുമ്പോൾ ശശി വീട്ടിലുണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടപ്പോൾ സീമ വളരെ സ്നേഹാദരങ്ങളോടെയാണ് സ്വീകരിച്ചത് .  ഞാൻ ഭാര്യയെ പരിചയപ്പെടുത്തിയപ്പോൾ സീമ എടുത്തടിച്ചതു പോലെ എന്നോടു ചോദിക്കുകയാണ്. 

 

"കഴിഞ്ഞ തവണ ഡെന്നിസ് വന്നപ്പോൾ വേറെയൊരു കുട്ടിയെയാണല്ലോ ഭാര്യയാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയത്." 

 

എന്നിട്ട് ഉച്ചത്തിലുള്ള ഒരു ചിരിയും പാസ്സാക്കി. പിന്നെ എന്റെ ഭാര്യയ്ക്ക് സീമ പറഞ്ഞത് തമാശയാണെന്നു മനസ്സിലായത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല. 

 

ഇങ്ങനെയുള്ള നിഷ്കളങ്കമായ കുസൃതികളും കുറുമ്പുകളുമൊക്കെയുള്ള ഒരു ചമയക്കാരിയാണ് സീമ എന്ന് പറയാനാണ് എനിക്കേറെ ഇഷ്ടം.  

 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com