കെ.എസ്. മിനി; പടയിലെ ശക്തമായ സ്‌ത്രീ സാന്നിധ്യം; ഉണ്ണിമായ അഭിമുഖം
Mail This Article
മഹേഷിന്റെ പ്രതികാരത്തിലെ സാറയായും ജോജിയിലെ ബിന്‍സിയായും തിളങ്ങിയ ഉണ്ണിമായ പ്രസാദ് ഇക്കുറി കെ.എസ്. മിനിയായി ‘പട’യിലെ ശക്തമായ സ്‌ത്രീ സാന്നിധ്യമായിരിക്കുകയാണ്. ‘പട’യോടൊപ്പം ഉണ്ണിമായയുടെ അഭിനയവും കഥാപാത്രത്തിന്റെ സ്വഭാവവും, മാനറിസങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. അഭിനേത്രി, ആർക്കിട്ടെക്ക്റ്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ച ഉണ്ണിമായ, പടയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ്.
പടയെപ്പറ്റി
പട ഒരു ചരിത്ര സംഭവമാണ്. ആദിവാസികൾക്ക് വേണ്ടി ഭരണകൂടത്തിനെതിരെ പട വെട്ടിയവരുടെ കഥ. അവർ അയ്യങ്കാളിപട എന്ന ഐഡന്റിറ്റിയിൽ മുൻകൂട്ടി ആലോചിച്ച് വളരെ കൃത്യമായി പ്ലാൻ ചെയ്ത ഒരു സമര മുറയാണ് കലക്ടറെ ബന്ദിയാക്കി ഭൂനിയമത്തിൽ അനുയോജ്യമായ തിരുത്തലുകൾ വരുത്തുക എന്നത്. എന്നാൽ ആ ടീമിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ജോസഫ് എന്നയാൾ അപ്രതീക്ഷിതമായി അതിൽ നിന്നും പിന്മാറുന്നതോടെ അയാളുടെ സ്ഥാനത്തേക്ക് അധ്യാപകനായ നാരായണൻ കുട്ടിയും അയാളുടെ ഭാര്യ കെ.എസ്. മിനിയും എത്തുകയാണ്'. ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
കെ.എസ്. മിനി
അയ്യങ്കാളി പടയ്ക്ക് സഹായവുമായാണ് നാരായണൻ കുട്ടി കലക്ട്രേറ്റിലെത്തുന്നത്. മിനി നാരായണൻ കുട്ടിയുടെ കൂടെ വന്നയാളാണ്. അവിടെ എത്തിയപ്പോഴാണ് മറ്റൊരാൾക്ക് പകരമായി നാരായണൻ കുട്ടിയും സമരത്തിൽ പങ്കെടുക്കണമെന്ന കാര്യം അവരിരുവരും മനസ്സിലാക്കുന്നത്. അയ്യങ്കാളി പടയുടെ പ്ലാൻ എന്താണ് എന്നറിയാൻ നാരായണൻ കുട്ടിക്കും മിനിക്കും ഒരേപോലെ ആകാംക്ഷയും ടെൻഷനുമുണ്ട്. ഒരുമിച്ച് വീട്ടിൽ നിന്നിറങ്ങിയ അവർ നാരായണൻ കുട്ടിയില്ലാതെ തിരികെ വീട്ടിലേക്കെത്തുമ്പോൾ അവിടെ കാത്തിരിക്കുന്ന അമ്മയോട് എന്ത് പറയും എന്ന സംശയവും അവരിൽ പലപ്പോഴും നിഴലിക്കുകയാണ്. നമുക്ക് ചുറ്റും ഇതേപോലെയുള്ളവരെ പലപ്പോഴായി കാണാൻ സാധിക്കാറുണ്ട്.
സംവിധായകന്റെ ‘പട’
കമലേട്ടൻ മൂന്നുവർഷമായി പടയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. നടന്ന സംഭവം എന്താണെന്നും, ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് സമൂഹത്തോട് എന്താണ് പറയാനുള്ളതെന്നും പടയിൽ ഉണ്ടാകുമെന്ന് കഥ പറയുമ്പോൾ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്നത്തെ സമൂഹത്തിൽ ഈ സിനിമ ഉയർത്താനിടയുള്ള ചോദ്യങ്ങൾക്ക് കൂടി ഊന്നൽ കൊടുത്താണ് അദ്ദേഹം ഈ കഥ പറഞ്ഞത്. സത്യത്തിൽ പടയെപ്പറ്റി പറഞ്ഞപ്പോൾ കമലേട്ടൻ എന്ന വ്യക്തിയോടൊരിക്കലും നോ പറയാൻ നമുക്ക് സാധിക്കുകയില്ല എന്ന് മനസ്സിലായി. കാരണം അദ്ദേഹത്തിന് ഈ വിഷയത്തോട് തോന്നിയിട്ടുള്ള മാനസികമായ അടുപ്പം, ടെൻഷൻ ഇവയൊക്കെയാണ് നമ്മളിലേക്ക് പകർന്നു തരാൻ ശ്രമിച്ചിട്ടുള്ളത്. ഹൃദയം കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത് എന്നാണ് തുടക്കം മുതലേ തോന്നിയത്.
കമലേട്ടൻ എന്നോട് നേരിട്ട് കഥ പറയുകയായിരുന്നു. 1996 ൽ നടന്ന സംഭവം ഇന്നും ചർച്ചയിൽ ഇടം നേടുമ്പോൾ അത് എവിടെ എത്തി എന്നുകൂടി എല്ലാവരും തിരിച്ചറിയണം. പുത്തൻ തലമുറയ്ക്ക് കൂടി ആ വിവരങ്ങൾ നാം പങ്കുവയ്ക്കണം. അപ്പോഴാവും ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം കൂടുതലായി നമുക്ക് നേരിട്ടറിയാൻ പറ്റുന്നത്.
നമുക്കൊപ്പം നിൽക്കുന്ന സംവിധായകനാണ് കമലേട്ടൻ. 'ഇങ്ങനെ ഒരു ടെൻഷൻ ആണ് എനിക്ക് വേണ്ടത്, അല്ലെങ്കിൽ ഈ ഭാവമാണ് വേണ്ടത്' എന്ന് ഒന്നും അദ്ദേഹം പറഞ്ഞില്ല. പക്ഷേ ‘ഇതാണ് കഥ നടക്കുന്ന പശ്ചാത്തലം. ഇതാണ് ഈ സമയത്ത് ഉണ്ണിമായയുടെ മാനസികാവസ്ഥ, ഇത് ഉൾക്കൊണ്ട് അഭിനയിക്കുക’ സെറ്റിൽ പലപ്പോഴും ഇങ്ങനെയാണ് പറഞ്ഞു തന്നത്. അത് ഇംപ്രൊവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നു. അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നമ്മെയും തോളോടു ചേർത്തു നിർത്തി തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത്.
'ഇരട്ടത്താപ്പ്' ഓർമ്മയുണ്ടോ ?
വഴിയരികിലുള്ള ഒരു കടയുടെ മുന്നിലാണ് ആ സീൻ ഷൂട്ട് ചെയ്തത്. എത്രയും വേഗം അത് ചിത്രീകരിച്ച് അവിടെ നിന്നും മാറണം എന്നതായിരുന്നു ലക്ഷ്യം. ആ സമയം കമലേട്ടനെ പോലെ സമീറും കൂടെ നിന്നു. ക്യാമറ സജഷൻസ് തന്നു. പിന്നെ പോത്തൻ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആയതുകൊണ്ട് അത് അഭിനയിക്കുന്നതിൽബുദ്ധിമുട്ടൊന്നും ഉണ്ടായില്ല (ചിരിക്കുന്നു).
ഷൂട്ടിംഗിനിടയിൽ ഒരുപാട് ഇടവേളകൾ കിട്ടി. കാരണം പടയിൽ വലിയൊരു ജനക്കൂട്ടത്തെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ഷോട്ടുകളെപ്പറ്റിയും സംവിധായകന് വ്യക്തമായ ധാരണയുമുണ്ടായിരുന്നു.അതുകൊണ്ട് ഷൂട്ടിങ്ങിനിടയിൽ ജനക്കൂട്ടത്തെയും നന്നായി മാനേജ് ചെയ്താണ് എടുത്തത്. വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണത്. റീടേക്കുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടവേളകൾ കിട്ടി.
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ചിത്രമാകും
പ്രിവ്യൂ കണ്ടപ്പോൾ ഇത് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ചിത്രമാകും എന്നൊരു പോസിറ്റീവ് തോന്നലും പ്രതീക്ഷയുമുണ്ടായിരുന്നു. ആദിവാസി എന്നതിലുപരി അടിച്ചമർത്തപ്പെട്ട ഏതൊരു മനുഷ്യസമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പോരാട്ടമാണ് പട. 1996 ൽ നടന്ന സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ 26 വർഷം കഴിഞ്ഞു. എവിടെയാണ് നാം എത്തിനിൽക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും ചിന്തിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇക്കാലത്ത് പട അനിവാര്യമായ ഒരു ചിത്രം തന്നെയാണ്.
ആ പോരാട്ടത്തിൽ ചെറുതായെങ്കിലും ഒരു പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കലയാണ് തന്റെ ആയുധം. ആ ആയുധം കൃത്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു മീഡിയം സിനിമയാണ് എന്ന് മനസ്സിലാക്കി അനീതിയോടുള്ള പ്രതികരണം തന്റെ സിനിമയിലൂടെ അറിയിക്കാം എന്നൊരാൾ തീരുമാനിച്ചാൽ ഒരു ലോകം മുഴുവൻ അയാൾക്കൊപ്പം നിൽക്കും എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. കമലേട്ടൻ ഹൃദയം കൊണ്ട് എഴുതിയ സിനിമ ജനം ഹൃദയം കൊണ്ട് സ്വീകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്.
പുതിയ പടയൊരുക്കങ്ങൾ
'എന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അത് കൂടാതെ മറ്റു രണ്ട് ചിത്രത്തിൽ കൂടി ചെറിയ വേഷങ്ങളിലുമുണ്ട്.