ആ ചെകിട്ടത്തടി ഫൈസർ കമ്പനിക്കു വേണ്ടിയുള്ളതോ?
Mail This Article
ലോകം മുഴുവന്‍ സംസാരവിഷയമായ വിൽ സ്മിത്തിന്റെ ചെകിട്ടത്തടി െവറും നാടകമായിരുന്നോ? ട്വിറ്ററിലാണ് ഈ ഗൂഢാലോചനാ സിദ്ധാന്തം കറങ്ങി നടക്കുന്നത്. ഈ വിമർശനം ഉന്നയിക്കുന്നവർ അതിനു കൃത്യമായൊരു കാരണവും ഉയർത്തിക്കാണിക്കുന്നുണ്ട്. അത് വിരല്‍ ചൂണ്ടുന്നത് ഈ വർഷത്തെ ഓസ്കറിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാളായ ഫൈസർ എന്ന വമ്പൻ മരുന്നുകമ്പനിക്കു നേരേയാണ്.
ഫൈസർ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്ന് അലോപേഷ്യ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്. ഓസ്കറിൽ തല്ലുണ്ടായതും അലോപേഷ്യ രോഗത്തിന്റെ പേരിലാണ്. ഓസ്കർ ചടങ്ങ് വിവാദമായതോടെ ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് വിൽ സ്മിത്ത് തല്ലുന്ന വിഡിയോ മാത്രമല്ല, അലോപേഷ്യ രോഗത്തിന്റെ വിവരങ്ങളുമാണ്.
‘ക്രിസ് ആ തല്ല് പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ തോന്നി’, ‘ആ തല്ലിന് വിൽ സ്മിത്തിനും ക്രിസ് റോക്കിനും ഫൈസർ എത്ര കോടികള്‍ നൽകി’ എന്നൊക്കെയാണ് ട്വിറ്ററിൽ വരുന്ന സംശയങ്ങൾ.
ടിവിയില്‍ ടിആർപി റേറ്റിങ് കുത്തനെ ഇടിഞ്ഞ ഓസ്കർ അവാർഡിന് സ്പോൺസർമാർ പോലും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറും ബയോൻടെക്കും ഓസ്കർ ഏറ്റെടുക്കുന്നത്. കോവിഡ് 19 വാക്സിൻ നിർമിക്കുന്നതിനു വേണ്ടിയാണ് ഇതിനു മുമ്പ് ഈ രണ്ട് കമ്പനികളും കൈകോർത്തത്.
ഭാര്യ ജെയ്ഡ് പിൻകെറ്റ് സ്മിത്തിന്റെ രോഗത്തെ അവതാരകനായ ക്രിസ് റോക്ക് പരിഹസിച്ചതുകേട്ടാണ് വിൽ സ്മിത്ത് പ്രകോപിതനായത്. ആ സമയത്ത് ജെയ്ഡന്റെ മുഖത്തെ മ്ലാനതയും വിഷ്വലുകളിൽ കാണാം. അലോപേഷ്യ എന്ന രോഗം മൂലം മുടി മുഴുവൻ കൊഴിഞ്ഞ നിലയിലാണ് ജെയ്ഡ്. ഈ രോഗാവസ്ഥയെയാണ് ഡെമി മൂറിന്റെ ജിഐ ജെയിൻ എന്ന ചിത്രത്തിലെ കഥാപാത്രത്തോട് ഉപമിച്ച് ക്രിസ് റോക്ക് പരിഹാസ വിഷയമാക്കിയത്. അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നു പറയും പോലെ സ്മിത്തിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ധാരാളം പ്രതികരണങ്ങൾ ലോകത്തെല്ലായിടത്തുമുണ്ടായി. അലോപേഷ്യ എന്ന രോഗം കൂടുതൽ പേരുടെ ഗൗരവമായ ചർച്ചകളിലേക്കു കടന്നുവരാനും ഈ സംഭവം ഇടയാക്കി.