‘കാവ്യയുടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകളുടെയും അവകാശം’
Mail This Article
കൊച്ചി∙ സാക്ഷി എന്ന നിലയിൽ കാവ്യ മാധവനെ വിളിച്ചു വരുത്താൻ പൊലീസിന് അധികാരമില്ലെന്ന് നിയമ വിദഗ്ധൻ അഡ്വ. മുഹമ്മദ് ഷാ. ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ മനോരമ ന്യൂസ് കൗണ്ടർ പോയിന്റ് ചർച്ചയിലാണ് ഈ അഭിപ്രായപ്രകടനം. അഡ്വ. ഷായുടെ അഭിപ്രായങ്ങളുടെ വിശദരൂപം:
ക്രിമിനൽ നിയമം, വകുപ്പ്160, ഉപവകുപ്പ് 1 പ്രകാരമാണ് നോട്ടീസ് കൊടുക്കുന്നത്. അന്വേഷണത്തിനായി ആരെ വിളിച്ചാലും പൊലീസ് പറയുന്ന സ്ഥലത്തു പോയി മൊഴി കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിൽ മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും പ്രായഭേദമന്യേ സ്ത്രീകൾക്കും നോട്ടീസ് കൊടുത്താൽ അവരെ വീട്ടിൽ പോയി മൊഴിയെടുക്കാനുള്ള അവസരമേയുള്ളൂ. ഒരു കാരണവശാലും അവരെ സാക്ഷി എന്ന നിലയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിയില്ല. അത് കാവ്യാ മാധവനു മാത്രം കിട്ടുന്ന ആനുകൂല്യമല്ല. ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കുമുള്ള അവകാശമാണ്.
ഈ പ്രിവിലേജ് പൊലീസ് എല്ലാ കേസുകളിലും നൽകുന്നുണ്ടോ എന്നുള്ളത് വേറേ കാര്യം. ഇത്തരം സംരക്ഷണങ്ങൾ നമ്മുടെ നിയമത്തിൽ ഉണ്ട്. ഇത് സാധാരണക്കാർക്കു കിട്ടുമോ എന്നു ചോദിച്ചാൽ സാധാരണക്കാരായ സ്ത്രീകൾക്കും ഈ നിയമം ബാധകമാണ്. സ്ത്രീകളെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരുപാട് കേസുകൾ നമുക്കറിയാം. അത്തരം കേസിൽ അവർ നിയമപരമായി അത് മുന്നോട്ടു വച്ചാൽ നടപടി വരും. കാവ്യയ്ക്ക് നോട്ടീസ് കൊടുത്തപ്പോൾ അവർ നിയമം പറഞ്ഞു. വീട്ടിൽ വന്ന് മൊഴിയെടുക്കാം എന്നു പറയുമ്പോൾ അതാണ് നിയമം. പൊലീസുകാർ പോയേ മതിയാകൂ. പൊലീസുകാർ സ്ത്രീകൾക്കു കൊടുക്കേണ്ട നിയമസംരക്ഷണമാണത്. ക്രൈംബ്രാഞ്ചിനതു മനസ്സിലായി.
നിയമോപദേശങ്ങൾ എടുത്തു കൊണ്ടു വേണം പൊലീസ് മുന്നോട്ടു പോകേണ്ടത്. ഗൗരവമുള്ള, ജനങ്ങൾ ഉറ്റുനോക്കുന്ന ഒരു കേസാണ്. ജനങ്ങൾക്ക് അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസം ഉറപ്പിക്കേണ്ടതുണ്ട്. നിയമോപദേശം എടുക്കാതെയാണ് പൊലീസ് ക്ലബിൽ വരാൻ പറഞ്ഞത്. അത് തെറ്റല്ലേ. അങ്ങനെ പോകാൻ പാടില്ല. അത് വിശദീകരിച്ചു പോകണമായിരുന്നു.
∙ തെളിവുകൾ പുറത്തു വിടേണ്ടത് മാധ്യമങ്ങളിലൂടെയല്ല
കേസുമായി ബന്ധപ്പെടുന്നതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ എന്തിനാണ് പുറത്തു വിടുന്നതെന്ന് മനസ്സിലാകുന്നില്ല. കാരണം അതൊക്കെ പ്രധാനപ്പെട്ട തെളിവുകളായി ഇൻവെസ്റ്റിഗേഷനിൽ ചോദ്യം ചെയ്യാൻ വച്ചിരിക്കുന്ന കാര്യങ്ങളാണ്. അടുത്ത ദിവസം രാവിലെ ചോദ്യം ചെയ്യാനായി വിളിക്കുമ്പോൾ എന്തു ചോദിക്കുമെന്നുള്ളതിന്റെ ഒരു വിവരങ്ങളും ആർക്കും കിട്ടാതിരിക്കുകയല്ലേ നല്ലത്? നേരത്തെ അറിഞ്ഞാൽ എതിർകക്ഷികൾക്ക് ഉത്തരങ്ങളുമായി തയാറായി ചോദ്യം ചെയ്യലിന് എത്താം. ഇത്തരം കാര്യങ്ങളിലൊക്ക കുറച്ചു കൂടി സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. വിചാരണയുടെ അവസാനഘട്ടത്തിൽകുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം. സെലിബ്രിറ്റികൾ ഉൾപ്പെടുന്ന കേസായതു കൊണ്ട് ജനങ്ങൾക്ക് ഒരുപാട് താല്പര്യമുള്ള വിഷയമാണ്. അഭിപ്രായം പറയുമ്പോഴും ചർച്ച ചെയ്യുമ്പോഴും നമ്മൾ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും.
∙ തെളിവുകൾ പുറത്തു വിടുന്നത് അന്വേഷണ സംഘമോ? സാക്ഷിയും പരസ്യ ചർച്ചയിൽ
തെളിവുകൾ പ്രതി പുറത്തു വിടുന്നതാണോ അതോ മറ്റാരെങ്കിലും പുറത്തുവിടുന്നതാണോ എന്നു ഒരു ചാനലിൽ ചോദിച്ചപ്പോൾ അത് ഇൻവെസ്റ്റിഗേഷൻ ഏജൻസി തന്നെയാണ് പുറത്തു വിടുന്നത് എന്ന് അവർ സ്ഥിരീകരിച്ചു. ഇത് ശരിയെങ്കിൽ വളരെ മോശം പ്രവണതയാണ്. കോടതി പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് കൃത്യമായ ശിക്ഷാവിധിയാണ്. പ്രതി ആരുമാകട്ടെ, കാലതാമസമില്ലാതെ ശിക്ഷിക്കപ്പെടണം. ഈ സാഹചര്യത്തിൽ ഇത്തരം തെളിവുകൾ ഞങ്ങൾ പുറത്തു വിട്ടിട്ടില്ല എന്ന് പ്രോസിക്യൂഷൻ പറയേണ്ട സ്ഥിതിയുണ്ട്. വിവരങ്ങൾ എങ്ങനെ പുറത്ത് പോയി എന്ന് അവർ കണ്ടെത്തണം.
തെളിവു പുറത്തു വിട്ട വ്യക്തി തന്നെ ചർച്ചയ്ക്ക് വന്നിരിക്കുകയാണ്. അയാൾ സാക്ഷിയുമാണ്. തുടർദിനങ്ങളിൽ അയാൾ പൊലീസിന് മൊഴി കൊടുക്കേണ്ടതായിരിക്കും. കോടതിയിൽ അയാളെ വിസ്തരിക്കണം. അങ്ങനെയൊരാൾ ഒരു ചാനലിൽ വന്നിരുന്ന് അതിനെപ്പറ്റി വിശദീകരിക്കുകയാണ്. ഇത്തരം രീതിയിൽ തമാശ കളിക്കാവുന്ന ഒരു കേസല്ല ഇത്, ഇതൊരു ഗൗരവമുള്ള കാര്യമാണ്. ഈ കേസിന്റെ വിധിക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്. നമ്മുടെ ജനങ്ങൾക്ക് നിയമസംവിധാനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുക്കേണ്ട കേസാണിത്.
അതുകൊണ്ടാണ് ‘ഇതെങ്ങനെ പുറത്തു പോയി? ഇതെന്തിന് ചെയ്തൂ? എന്നൊക്കെ കോടതി ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതിയുടെ ചോദ്യങ്ങളെപ്പോലും തെറ്റായി വ്യാഖ്യാനിച്ചേക്കാം. കോടതിക്കു വേണ്ടത് നീതി നടപ്പാകുന്ന ഒരു വിചാരണയാണ്. ഈയൊരു കാര്യത്തിൽ ശ്രദ്ധയോടെ നമ്മൾ മുന്നോട്ടു പോയി ഇതിനൊരു കൃത്യമായ വിചാരണ കൊണ്ടു വരണം.
∙ ദിലീപിന്റെ ജാമ്യം റദ്ദു ചെയ്യുമോ?
ജാമ്യം റദ്ദു ചെയ്താൽ മാത്രമേ ഈ വിചാരണ കൃത്യമായി നടക്കുകയുള്ളൂവെങ്കിൽ അത് ബോധ്യപ്പെടുേത്തണ്ടി വരും. ബോധ്യപ്പെടുത്താനുള്ള തെളിവുകളുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യും. ഇല്ലെങ്കിൽ തള്ളും. എങ്കിൽപ്പോലും നിലവിലുള്ള തെളിവുകൾ വച്ച് ശരിയായ രീതിയില്‍ വിചാരണ നടത്തി നീതി നടപ്പാക്കാൻ പ്രോസിക്യൂഷൻ പരമാവധി ശ്രമിക്കണം.
ജാമ്യം റദ്ദു ചെയ്യുന്നു എന്നതിനെ രണ്ടു തരത്തിൽ കാണണം. ഒന്ന്: ഹൈക്കോടതി നൽകിയ ജാമ്യത്തിന്മേലുള്ള ഉത്തരവ് തെറ്റാണെന്ന് പറഞ്ഞു സുപ്രീം കോടതിയിൽ പോകാം. ജാമ്യം നൽകുന്നതിനുള്ള തീരുമാനത്തിലേക്ക് എത്താനായി കിട്ടിയ വിവരങ്ങളും തെളിവുകളും മതിയാവുന്നില്ലെന്നോ അത് ശരിയായതല്ല എന്നോ പറഞ്ഞു സുപ്രീം കോടതിയെ സമീപിക്കാം. അത് ഒരുതരം ജാമ്യം റദ്ദ് ചെയ്യലാണ്. ജാമ്യത്തിലേക്കു വന്നതിന്റെ കാരണങ്ങളിലുള്ള ഒരു പ്രശ്നം.
രണ്ട്: ജാമ്യം കൊടുത്ത കേസിൽ ജാമ്യത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുക. ഏതെങ്കിലും ഒരു ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടുക, തെളിവുകൾ നശിപ്പിക്കുക, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുക എന്നതൊക്കെ ജാമ്യം റദ്ദു ചെയ്യാനുള്ള കാരണമാകും. ജാമ്യം റദ്ദു ചെയ്യാനുള്ള കാരണങ്ങളുണ്ടെങ്കിൽ അതിനായുള്ള അപേക്ഷ കൊടുക്കണം. പറഞ്ഞു കൊണ്ടിരുന്നിട്ട് കാര്യമില്ല. എന്തായാലും അങ്ങനെയൊരു അപേക്ഷ കൊടുത്തിരിക്കുന്നു. അതിന്റെ ഉള്ളടക്കം ജാമ്യം റദ്ദു ചെയ്യാനുള്ള കാരണങ്ങളല്ലെങ്കിൽ തള്ളും.
∙ പ്രോസിക്യൂഷന് ആത്മവിശ്വാസം കുറയുന്നോ?
വിചാരണ അവസാനഘട്ടത്തിലാണ് ഇപ്പോൾ. വിധി വരേണ്ടത് ഫെബ്രുവരിയിലായിരുന്നു. എന്നാൽ വിധി ഫെബ്രുവരിയിൽ വരേണ്ട എന്നൊരു തീരുമാനമുണ്ടായി. ആ തീരുമാനത്തിനു കാരണം നിലവിലുള്ള അന്വേഷണസംഘം സമർപ്പിച്ച അന്തിമ റിപ്പോർട്ട് പ്രതിയെ കുറ്റക്കാരനാക്കാൻ പര്യാപ്തമല്ല എന്ന തോന്നലാവാം. ഇതുവരെ കേസിൽ കൊടുത്തിരിക്കുന്ന െതളിവുകളിൽ പ്രോസിക്യൂഷന് ആത്മവിശ്വാസ കുറവുണ്ടെന്ന് അനുമാനിക്കാം.
സാധാരണ പ്രോസിക്യൂഷന് വിജയം ഉറപ്പായ കേസിൽ വളരെ പെട്ടന്നുതന്നെ അതിലേക്കു വരാനല്ലേ നോക്കുകയുള്ളൂ. ഇവിടെ അതു പോരാ എന്ന തോന്നൽ അവർക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ തെളിവുകൾ എടുത്ത് അവർ മുന്നോട്ടു പോകുന്നു. ആ സമയത്ത് ചില സാക്ഷികൾ മൊഴി മാറ്റി പറഞ്ഞതായി മനസ്സിലാകുന്നു. എന്നാൽ സാക്ഷികൾ പൊലീസിനു കൊടുത്ത മൊഴികൾ കോടതിയിൽ വന്നു മാറ്റി പറയുന്നു എന്നതു കൊണ്ട് മാത്രം സാക്ഷിയെ സ്വാധീനിച്ചു എന്നു പറയാൻ പറ്റില്ല. സാക്ഷിയെ സ്വാധീനിച്ചു എന്നു കാണിക്കുന്ന സ്വതന്ത്രമായ തെളിവുകൾ വേണം
∙ ദൃശ്യത്തെപ്പറ്റി ചർച്ച ചെയ്താൽ പ്രശ്നമാകുന്നതെങ്ങനെ?
ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ഒരു ഓഡിയോ ക്ലിപ്പ് കേട്ടു. അതിൽ പറയുന്നത് കുറ്റകൃത്യത്തിൻറെ ദൃശ്യം കണ്ടു, എന്നിട്ട് അതിനെക്കുറിച്ചു ചർച്ച ചെയ്തു എന്നൊക്കെയാണ്. ദൃശ്യം ഇതിനകം അവരുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതാണ് പിന്നീട് വന്ന ചർച്ച. പക്ഷേ അതിൽ ഒരു പ്രശ്നം ഉണ്ട്. സുപ്രീം കോടതിയിൽ ഈ കേസ് വന്നപ്പോൾ ഈ ദൃശ്യം കാണാൻ അവർക്ക് അവസരം കൊടുത്തിരുന്നു. കണ്ടതിനു ശേഷം അതിനെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് പറഞ്ഞാൽ കുഴയും. കാരണം അതിനെക്കുറിച്ച് അവർക്ക് ചർച്ച ചെയ്യാം. വക്കീലുമായി ചർച്ച ചെയ്തു എന്നാണ് പറഞ്ഞതെന്നു വാദിക്കാം. വക്കീലും കക്ഷിയും തമ്മിൽ ആ ദൃശ്യത്തിൽ കുറവുകളോ കൂടുതലോ ഉണ്ടെന്ന് ചർച്ച ചെയ്താൽ ആ ചർച്ച ചെയ്തു എന്നതു കൊണ്ട് മാത്രം തെളിവു നശിപ്പിച്ചു എന്ന് ആകില്ല. തെളിവു നശിപ്പിക്കാൻ ശ്രമിച്ചു എന്നതിനും തെളിവ് വേണം.