ADVERTISEMENT

വ്യവസ്ഥാപിതമായ ഒരു സാഹിത്യ സംസ്കാരത്തിന്റെ പതിവു ശീലങ്ങളിൽനിന്ന് മലയാള ഭാഷയ്ക്ക് സ്വന്തമായ ഒരു പദവിന്യാസശൈലി കൊണ്ടു വന്ന അക്ഷരങ്ങളുടെ വാസ്തു ശിൽപി നമുക്കുണ്ട്. പോയകാലത്തും പുതുകാലത്തും മലയാളിമനസ്സിനോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സാഹിത്യത്തറവാട്ടിലെ ആ സർഗധനനെ നമ്മൾ എം.ടി. വാസുദേവൻ നായർ എന്ന പേരു ചൊല്ലി വിളിക്കാൻ തുടങ്ങിയിട്ടു നീണ്ട എഴുപതാണ്ടുകളാകാൻ പോകുന്നു.

എംടിയുടെ സാഹിത്യസപര്യയ്ക്ക് എഴുപതാണ്ടുകൾ ആയെന്നു കേൾക്കുമ്പോൾ അവിശ്വസനീയമായ ഒരു കാൽപനിക കഥ പോലെയാണ് എനിക്കു തോന്നിയത്. എന്നാൽ കാലവും ചരിത്രവും ഒന്നും തെറ്റില്ലല്ലോ. എഴുത്തിന്റെ ഷഷ്ഠിപൂർത്തിയും കഴിഞ്ഞു സപ്തതിയിലേക്കു കടക്കുന്ന ഈ അക്ഷരഗുരു ഇപ്പോൾ ജീവിതത്തിന്റെ നവതിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി നിൽക്കുകയാണ്. എഴുത്തിൽ ഇന്നും യൗവനം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് ഇപ്പോഴത്തെ യുവതലമുറയോടൊപ്പം തന്നെ എംടി പ്രണയവും കാൽപനികതയുമൊക്കെ കുറിച്ചു വയ്ക്കുന്നതു കാണുമ്പോൾ സർഗാത്മകതയ്ക്ക് പ്രായവും വാർധക്യവുമൊന്നുമില്ലെന്നത് നാം പഠിക്കേണ്ട ഒരു അനുഭവപാഠമാണ്.

എംടിയുടെ എഴുത്തിന് ഇന്നും പൊന്നിന്റെ വിലയാണ്. ആദ്ദേഹത്തിന്റെ നോവലിനും തിരക്കഥയ്ക്കും വേണ്ടി പ്രസാധകരും സംവിധായകരുമൊക്കെ ഇപ്പോഴും കാത്തിരിക്കുകയാണ്. എംടി ഒന്നു മൂളിക്കിട്ടിയാൽ മതി, പേന കൊണ്ടെഴുതാതെ കോഴിക്കോട്ടെ ‘സിതാര’യിൽ വന്നിരുന്ന് അദ്ദേഹം പറയുന്നത് കേട്ടെഴുതിയെടുത്ത് സിനിമയാക്കാമെന്നുള്ള മോഹമറിയിച്ച് കാത്തിരിക്കുന്ന പല സംവിധായകരെയും എനിക്കറിയാം.

എന്നാണ് എം.ടി. വാസുദേവൻ നായർ എന്ന അക്ഷരലാവണ്യത്തെ കുറിച്ച് ഞാൻ കേൾക്കാൻ തുടങ്ങിയത്? എന്റെ യൗവനാരംഭത്തിൽ തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയുമൊക്കെ സാഹിത്യകൃതികളുടെ വായനാചൂടുമായി നടക്കുമ്പോഴാണ് ഒട്ടും നിനച്ചിരിക്കാതെ എംടിയുടെ ‘നാലുകെട്ട്’ ഞാൻ വായിക്കുന്നത്. തുടർന്ന് ‘കാല’വും കൂടി വായിച്ചപ്പോൾ പതിവ് വാർപ്പു മാതൃകയിൽനിന്ന് ഒരു വഴിമാറ്റ സഞ്ചാരം നടത്തിക്കൊണ്ട് ആഖ്യാനത്തിൽ ആശയപരവും സൗന്ദര്യപരവുമായ ഒരു പുതുധാരാ രചനാ രീതി കൊണ്ടുവന്ന ആ കഥാകാരന്റെ സാഹിത്യ സൃഷ്ടി ഇറങ്ങാൻ വേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കലൂരിലെ സൗഹൃദ വായനശാലയിലെ എം.ടി. പുസ്തകങ്ങളുടെ സ്ഥിരം വായനക്കാരനായി ഞാൻ മാറുകയായിരുന്നു.

ആ സമയത്താണ് എംടി ആദ്യമായി ഒരു തിരക്കഥാകാരന്റെ കുപ്പായമണിഞ്ഞ ‘മുറപ്പെണ്ണ്’ എന്ന വിൻസന്റ് മാസ്റ്ററുടെ സിനിമ ഇറങ്ങുന്നത്. വടക്കേ മലബാറിലെ വള്ളവനാടൻ പശ്‍ചാത്തലത്തിൽ നടക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന എംടി യുടെ രചനാ സൗന്ദര്യവും പരിചരണരീതിയും നസീറും ശാരദയും അവതരിപ്പിച്ച ബാലന്റെയും ഭാഗിയുടെയും നിശബ്ദ പ്രണയവും മോഹഭംഗവും വേർപിരിയലുമൊക്കെ സ്വച്ഛന്ദമായി ഒഴുകുന്നൊരു നദി പോലെ ഹൃദ്യമായാണ് എനിക്ക് അനുഭവപ്പെട്ടത്. എംടി സാഹിത്യത്തിൽനിന്നു വന്നതായതു കൊണ്ട് മുറപ്പെണ്ണിലെ സംഭാഷണങ്ങൾ കാവ്യ ഭംഗിയുള്ളതായിരുന്നു. എംടിയുടെ വരവോടെയാണ് മലയാള സിനിമയിൽ ആദ്യമായി പ്രേക്ഷകർ വള്ളുവനാടൻ പദങ്ങൾ കേൾക്കാൻ തുടങ്ങിയത്. അല്പം ആലങ്കാരികമായി പറഞ്ഞാൽ മലയാള സാഹിത്യത്തെ സിനിമയുമായി പരിണയിപ്പിച്ചത് എംടിയാണെന്ന് പറയുന്നതായിരിക്കും അതിന്റെ ഒരു കാവ്യഭംഗി.

mt-vasudevan-nair-1

തുടർന്ന് കലാപരമായ വിജയത്തോടൊപ്പം കച്ചവടാധിഷ്ഠിതമായ നല്ല സിനിമകളുടെ വക്താക്കളായ സംവിധായകരും നിർമാതാക്കളുമൊക്കെ, അക്ഷരപൈതൃകവും മാധ്യമപൈതൃകവുമൊക്കെയുള്ള എംടിയുടെ തിരക്കഥയ്ക്കായി അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ നിർമാതാവായ ശോഭനാ പരമേശ്വരന്‍ നായരുടെ ശുപാർശയുമായി കോഴിക്കോട്ട് മാതൃഭൂമി വാരികയുടെ ഓഫിസ് മുറിയിൽ കയറിയിറങ്ങാൻ തുടങ്ങി. എംടി തിരക്കഥ എഴുതിയ സിനിമകളിലൂടെയാണ് മധ്യവർത്തി സിനിമ എന്ന പ്രയോഗത്തിന് മൂല്യവർധനയുണ്ടായതെന്നാണ് എനിക്കു തോന്നുന്നത്.

മുറപ്പെണ്ണിനു ശേഷം വന്ന പകൽകിനാവ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, ഓപ്പോൾ, ഓളവും തീരവും, നിഴലാട്ടം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വൈശാലി, സുകൃതം തുടങ്ങിയ സിനിമകളൊക്കെ അനാവശ്യമായ ഉൾപിരിവുകളോ അതിനാടകീയതയോ ഒന്നുമില്ലാത്ത മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന നേർകാഴ്ചകളായിരുന്നു. അതേപോലെ പഴയ വടക്കൻ പാട്ടിലൂടെ പാടിപ്പതിഞ്ഞ ദുഷ്ട കഥാപാത്രമായ ചതിയൻ ചന്തുവിനെ നായക പരിവേഷമണിയിച്ചുകൊണ്ട് ചന്തുവിന്റെ ചരിത്രം ‘ഒരു വടക്കൻ വീരഗാഥ’യിലൂടെ മാറ്റിയെഴുതുകയായിരുന്നു എം.ടി.

എംടിയുടെ ആരാധകനായി നടന്നിരുന്ന ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത് ഞാൻ സിനിമയിൽ വന്നതിനു ശേഷമാണ്. 1989 ൽ ഞാൻ തിരക്കഥ എഴുതിയ ന്യൂഇയറിന്റെ ഷൂട്ടിങിനായി ഊട്ടിയിലെ ആരണ്യനിവാസിൽ താമസിക്കുമ്പോൾ ഒരു ദിവസം റൂം ബോയ് വന്നു പറഞ്ഞു, എംടി സാർ ഇവിടെ താമസിക്കുന്നുണ്ടെന്ന്. കേട്ടപ്പോൾ എന്റെ മനസ്സ് പെട്ടെന്നൊന്നുണർന്നു. ഞാൻ അന്വേഷിച്ചപ്പോൾ എംടി എഴുതി പവിത്രൻ സംവിധാനം ചെയ്യുന്ന ‘ഉത്തര’ത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ നടക്കുന്നുണ്ടെന്നറിഞ്ഞു. എംടി മാത്രമേ ആരണ്യനിവാസിൽ താമസിക്കുന്നുള്ളൂ.

അപ്പോൾത്തന്നെ പോയി അദ്ദേഹത്തെ ഒന്നു പരിചയപ്പെടണമെന്ന് എന്റെ മനസ്സിൽ തിരയിളക്കം തുടങ്ങി. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. ഞാൻ അദ്ദേഹത്തിന്റെ മുറിയുടെ മുന്‍പിൽ ചെന്ന് കോളിങ് ബെൽ അടിച്ചു.

‘യെസ്, വന്നോളൂ.’

എംടിയുടെ വളരെ പതി​ഞ്ഞ ശബ്ദം പുറത്തേക്കു വന്നപ്പോൾ ഞാൻ പതുക്കെ മുറിയിലേക്കു കയറി. അദ്ദേഹം പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നെക്കണ്ട് അദ്ദേഹം പതുക്കെ തലയുയർത്തി നോക്കി. ഞാൻ ഭവ്യതയോടെ സ്വയം പരിചയപ്പെടുത്തിയപ്പോൾ മുഖത്തെ അപരിചിതത്വത്തിന് അയവു വരുത്തിക്കൊണ്ടു കൈകൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞാൻ അദ്ദേഹത്തിനടുത്തായി കിടന്ന ഒരു കസേരയുടെ ഓരം ചേർന്നിരുന്നു. ഞാൻ ഊട്ടിയിൽ വന്നതിനെക്കുറിച്ച് ഒരു വരിയിൽ ചോദിച്ചു കൊണ്ട് വീണ്ടും പത്രത്തിലേക്കു തന്നെ നോക്കിയിരുന്നു. പിന്നെ തലയുയർത്തി കൊച്ചു കൊച്ചു വാക്കുകളിലുള്ള കുശലാന്വേഷണം. വീണ്ടും മൗനം. പത്തു മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാൻ പതുക്കെ എഴുന്നേറ്റു അദ്ദേഹത്തെ പ്രണമിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

എല്ലാ മനുഷ്യർക്കും ഓരോ രീതിയും മാനറിസങ്ങളുമൊക്കെ ഉണ്ടാകുമല്ലോ. എന്നാൽ മലയാള സാഹിത്യത്തിലും, സിനിമയിലുമൊക്കെ നിറസാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന എംടി എന്ന വിശേഷ വ്യക്തിത്വത്തെക്കുറിച്ചാണ് അന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്.

എംടിയെ ഞാൻ പിന്നീട് കാണുന്നത് 1995 ൽ മാക്ടയുടെ ഗുരുപൂജ എറണാകുളത്ത് നടക്കുമ്പോഴാണ്. ചലച്ചിത്ര രംഗത്തെ പൂർവ സൂരികളെ ആദരിക്കുന്ന ഗുരുപൂജ സമർപ്പണത്തിന്റെ മുഖ്യപ്രഭാഷകൻ എംടി ആയിരുന്നു.

അന്നാണ് ഞാൻ എംടിയുടെ പ്രസംഗം ആദ്യമായി കേൾക്കുന്നത്. ഒരു ചലച്ചിത്ര വിദ്യാർഥിയുടെ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ മൊഴികൾ ഞാൻ കേട്ടിരുന്നത്. നോവലിലും സിനിമയിലുമുള്ള അക്ഷരക്കൂട്ടുകളൊന്നുമില്ലാതെ പ്രസംഗം അനർഗളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള സംസാരഭാഷ കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരനായി മാറുകയായിരുന്നു അദ്ദേഹം.

വീണ്ടും ആറേഴു വർഷങ്ങൾ കഴിഞ്ഞാണ് എംടിയുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാമൂഴം ആരംഭിക്കുന്നത്. 2006 ൽ എന്റെ കാലിന് അലര്‍ജി വന്ന് ഷുഗറു കൂടി കാലു മുറിച്ച ശേഷം ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഞാൻ വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഒരു ദിവസം സംവിധായകൻ ഹരികുമാർ എന്നെ വിളിക്കുന്നത്.

‘ഞാൻ കോഴിക്കോട്ടു പോയപ്പോൾ വാസുവേട്ടൻ തന്റെ കാര്യം ചോദിച്ചു. ഡെന്നിസ് ഷുഗറൊന്നും നോക്കിയിരുന്നില്ലേയെന്ന്.’
കേട്ടപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത്. എംടി എന്നെക്കുറിച്ച് അന്വേഷിച്ചത് അദ്ദേഹത്തിനും ഷുഗറിന്റെ അസ്കിത ഉള്ളതുകൊണ്ടായിരിക്കും എന്നെനിക്കു തോന്നി. അദ്ദേഹത്തെ പോയി ഒന്നു കാണണമെന്ന് അപ്പോൾ എനിക്കു തോന്നി. ആ സമയത്ത് കോഴിക്കോട് പോകേണ്ട ഒരാവശ്യവും വന്നുചേർന്നു. ആ പോക്കിൽ എംടിയെയും കാണണമെന്നു ഞാൻ തീരുമാനിച്ചു. എന്നാണ് ഞാൻ ചെല്ലുന്നതെന്ന വിവരം എംടിയെ അറിയിക്കാൻ ഹരികുമാറിനെ ഏർപ്പാടാക്കുകയും ചെയ്തു.

കുറച്ചു ദിവസം കഴിഞ്ഞു ഞാൻ ചെല്ലുന്ന വിവരം എംടിയെ വിളിച്ച് അറിയിച്ചപ്രകാരം ഞാനും എന്റെ മൂത്തമകൻ ഡിനുവും കൂടിയാണ് കോഴിക്കോട്ടേക്ക് പോയത്, കാർ ഓടിച്ചിരുന്നത് മകനായിരുന്നു.

സിത്താരയുടെ മുന്നിൽ കാറ് ചെന്നു നിന്നപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. മകൻ ചെന്ന് കോളിങ് ബെൽ അമർത്തി. നിമിഷങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമൊന്നുമില്ല. എംടി സാർ വീട്ടിലില്ലേ? പെട്ടെന്നു എന്തെങ്കിലും കാര്യത്തിനു പുറത്ത് പോയതായിരിക്കുമോ? ഞാൻ വല്ലാത്ത ടെൻഷനിലായി. ഇത്രടം വരെ വന്നിട്ട് അദ്ദേഹത്തെ കാണാതെ പോകുകയെന്നുവച്ചാൽ... ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ അതാ സിതാരയുടെ വാതിൽ പതുക്കെ തുറക്കപ്പെടുന്നതാണ് കണ്ടത്.

മകൻ വേഗം കാറിൽ‍നിന്ന് എന്നെ പിടിച്ചിറക്കി താങ്ങായി നിന്നു. അപ്പോൾ അദ്ദേഹം എന്റെയടുത്തേക്കു വന്നു. വെപ്പുകാലിൽ ഞാൻ പതുക്കെ മുന്നോട്ടു നടന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ചെറിയൊരു വിഷാദം പടരുന്നതുപോലെ എനിക്കു തോന്നി. ഓരോ രോഗം വന്ന് മനുഷ്യന്റെ ജീവിതം മാറ്റി മറിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഓർത്തു പോയിട്ടുണ്ടാവും?

mt-vasudevan-nair

മകന്റെ ചുമലിൽ പിടിച്ചു ഞാൻ പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ ഒരു താങ്ങു പോലെ അദ്ദേഹവും എന്റെ ചുമലിൽ പിടിച്ചു വീടിനകത്തുകയറ്റി. അദ്ദേഹത്തിനെതിരെയുള്ള കസേരയിൽ ഞാനിരുന്നു.
പിശുക്കിയ പാതി ചിരി പൊഴിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇവിടെ ഞാൻ മാത്രമേ ഉള്ളൂ’.

അദ്ദേഹത്തിന്റെ സിനിമയിലെ മിതത്വമുള്ള വാക്കുകൾ പോലെയായിരുന്നു ആ മൊഴികൾ. തുടർന്ന് വാക്കുകൾക്ക് ചെറിയ ഒരിടവേള വരുമെന്ന് കരുതിയെങ്കിലും അദ്ദേഹം പതിവിൽനിന്നു വ്യത്യസ്തനായി പതുക്കെ വാചാലനാകാൻ തുടങ്ങി. സാഹിത്യവും സിനിമയുമൊന്നുമല്ലായിരുന്നു അദ്ദേഹം സംസാരിച്ചത്. എംടിക്ക് ഡയബെറ്റിസ് ഉള്ളതുകൊണ്ട് എന്റെ കാലുമുറിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്. ഞാൻ ഉണ്ടായ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചെറിയൊരു ദീർഘനിശ്വാസത്തോടെ അദ്ദേഹം പതുക്കെ മൊഴിഞ്ഞു: ‘എനിക്കും ഡയബെറ്റിസുള്ളതാണ്. വളരെ സൂക്ഷിച്ചില്ലെങ്കിൽ ഡയബെറ്റിസ് അപകടകാരിയായ ഒരു രോഗമാണ്. ഡെന്നിസ് വളരെ സൂക്ഷിക്കേണ്ടതായിരുന്നു.’

പതിനഞ്ചു മിനിറ്റിന്റെ ഒരു കൂടിക്കാഴ്ചയും പ്രതീക്ഷിച്ചു പോയ ഞാൻ ഒരു മണിക്കൂർ കഴിഞ്ഞാണ് സിതാരയിൽനിന്ന് ഇറങ്ങിയത്. തിരിച്ചു പോരാൻ വേണ്ടി ഞാൻ കാറിൽ കയറുന്നതു വരെ അദ്ദേഹം എന്റടുത്തു നിന്നു.

സിതാരയുടെ ഗേറ്റും കടന്നു കാർ മുന്നോട്ടു നീങ്ങിയപ്പോൾ അദ്ദേഹത്തെക്കുറിച്ച് എന്റെ മനസ്സിലുണ്ടായ രേഖാചിത്രത്തിന് ഒരു അനുബന്ധം ആവശ്യമാണെന്ന് എനിക്കു തോന്നി. നമ്മൾ ഓരോ വ്യക്തിത്വങ്ങളെക്കുറിച്ചും പുറത്തു കേൾക്കുന്നതല്ല യാഥാർഥ്യം. സത്യം ചാരം മൂടിക്കിടക്കുന്ന സ്വർണം പോലെയാണന്നുള്ള തത്ത്വചിന്താവചനമാണ് എന്റെ ഓർമയിൽ വന്നത്. അപ്പോൾ എന്റെ മനസ്സിലെ വിഗ്രഹത്തിന് ഒരു പുനർജന്മമുണ്ടായി. വിഗ്രഹങ്ങളുണ്ടെങ്കിലല്ലേ നമുക്ക് ആരാധിക്കാനാവൂ. എല്ലാവരും നിസ്സംഗനും പരുക്കനും എന്നൊക്കെ പറയുന്ന അദ്ദേഹത്തിന്റെ നെഞ്ചകം അറിവിന്റെയും ആർദ്രതയുടെയും ഒരു നീർചാലാണെന്ന് എനിക്ക് തോന്നി.

വർഷങ്ങള്‍ വീണ്ടും ഒരു മായാജാലക്കാരനെപ്പോലെ ഓടി മറഞ്ഞുകൊണ്ടിരുന്നു. പിന്നീട് എംടിയുമായുള്ള കൂടിക്കാഴ്ചയുടെ മൂന്നാം ഊഴമുണ്ടാകുന്നത് 2013 ലാണ്. നടൻ മധുസാറിന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് മാക്ട നൽകിയ സ്വീകരണച്ചടങ്ങിൽ ആമുഖ പ്രസംഗത്തിനായി എത്തിയതായിരുന്നു അദ്ദേഹം. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വച്ചായിരുന്നു ആഘോഷപരിപാടികൾ. ഹാളിൽ ഏറ്റവും മുൻനിരയിലായിരുന്നു ഞാനിരുന്നത്. സിനിമാ രംഗത്തെ വിശിഷ്ടവ്യക്തികളൊക്കെ പങ്കെടുക്കുന്നൊരു ചടങ്ങാണ്. അൽപം കഴിഞ്ഞപ്പോൾ മധു സാറിനെയും എംടി സാറിനെയും മാക്ട ഭാരവാഹികൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു കൊണ്ടു വന്നു. ഞാനിരുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റുകളിലാണ് അദ്ദേഹവും മധു സാറും ഇരുന്നത്. തൊട്ടടുത്തായി നിർമാതാവ് വി.ബി.കെ. മേനോനുമുണ്ടായിരുന്നു.

എന്നെ കണ്ട് ഒരു ചെറുപുഞ്ചിരി പൊഴിച്ചു കൊണ്ട് സീറ്റിലിരുന്നതല്ലാതെ അദ്ദേഹം എന്നോടൊന്നും ഉരിയാടിയില്ല. പലരും പോയി മധു സാറിന്റെയും എംടിയുടെയും കാൽ തൊട്ടു വണങ്ങി ചെറുകുശലം പറഞ്ഞു കൊണ്ടു പോകുന്നുണ്ട്. എല്ലാവരുടെയും കണ്ണുകൾ ആ മഹാരഥന്മാരിലായിരുന്നു. ആഘോഷപരിപാടി തുടങ്ങാറാവുന്നതേയുള്ളൂ. അൽപം തിക്കും തിരക്കുമൊക്കെ ഒഴിഞ്ഞപ്പോൾ എംടി സാർ പതുക്കെ തിരിഞ്ഞ് എന്റെ നേർക്കു നോക്കി എന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും മറ്റും സംസാരിക്കാൻ തുടങ്ങി. കൃത്രിമക്കാലു വച്ചു നടക്കുമ്പോൾ ബുദ്ധിമുട്ടുണ്ടോയെന്നും ഷുഗർ നിയന്ത്രിച്ചു നിർത്തണം എന്നുമൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ട് എന്റെ പുറകിലിരുന്നിരുന്ന സത്യൻ അന്തിക്കാടും ബി.ഉണ്ണികൃഷ്ണനും ലാൽ ജോസും സി.വി. ബാലകൃഷ്ണനുമൊക്കെ എംടി എന്നോട് എന്താണിത്രക്കിങ്ങനെ വാചാലനാകുന്നത് എന്ന ചിന്തയിലായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് ഷുഗർ എന്ന ഭീകരനെക്കുറിച്ചാണെന്ന് ആർക്കും അറിയില്ലല്ലോ.

സംസാരത്തിന്റെ അവസാനം അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: "രാത്രിയിൽ ഉറങ്ങുമ്പോൾ ഷുഗർ കുറഞ്ഞു പോയാൽ. നിയന്ത്രിച്ചു നിർത്താൻ പറ്റുന്ന ഒരു ടാബ്‌ലറ്റ് അമേരിക്കയിലിറങ്ങിയിട്ടുണ്ട്. എന്റെ മകൾ അത് എനിക്ക് അയച്ചു തന്നിട്ടുണ്ട്. ഡെന്നിസും അതു വാങ്ങി കഴിക്കുന്നത് നല്ലതാണ്. "

ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു. പക്ഷേ എനിക്കത് വാങ്ങി കഴിക്കാനായില്ല.

അൽപം കഴിഞ്ഞു ജന്മദിനാഘോഷ പരിപാടികൾ തുടങ്ങാറായപ്പോൾ മധുസാറിനെയും എംടി സാറിനെയും ആനയിച്ച് സ്റ്റേജിലേക്ക് കൊണ്ടു പോയി. ഇത്രയും നേരം അദ്ദേഹം എന്നോട് എന്താണ് സംസാരിച്ചതെന്നറിയാനുള്ള ഉൽസുകതയിലായിരുന്നു എന്റെ സുഹൃത്തുക്കൾ.

വർഷങ്ങൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ കടന്നു പോകുമ്പോൾ മലയാളഭാഷയുടെ ആ അക്ഷര തേജസ് നവതിയും കഴിഞ്ഞ് നൂറിന്റെ നിറവിലേക്കു കടക്കട്ടെ എന്നാണെന്റെ ഹൃദയം നിറഞ്ഞ പ്രാർഥന.

തുടരും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com