‘ആ പോകാം’; ചുണ്ടനക്കി ജഗതി; വിഡിയോ
Mail This Article
സിബിഐ 5 കാണാൻ തിയറ്റിൽ പോകാം?... ‘ആ പോകാം..’ ജഗതിയുടെ ആ ചുണ്ടനക്കം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശബ്ദം പുറത്തുവന്നില്ലെങ്കിലും ചോദ്യങ്ങളോടും സൗഹൃദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രമായി എത്തുന്ന ജഗതിയുടെ സീനുകൾ നിറഞ്ഞ കയ്യടിയോടെയാണ് തിയറ്ററിൽ സ്വീകരിക്കുന്നത്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് സംവിധായകന്‍ കെ. മധു തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിബിഐ ആറാം പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അതിലും വിക്രം ആയി ജഗതി ശ്രീകുമാര്‍ തന്നെ വേഷമിടുമെന്നും അദ്ദേഹം പറഞ്ഞു.
‘‘വളരെയേറെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഞാനിവിടെ ഇരിക്കുന്നത്. ചിത്രത്തിന്റെ വിജയം അമ്പിളിച്ചേട്ടനൊപ്പം ആഘോഷിക്കാൻ പറ്റിയതിലും സന്തോഷമുണ്ട്. സിബിഐ അഞ്ചാം ഭാഗം ആലോചിച്ചപ്പോൾ തന്നെ അമ്പിളിച്ചേട്ടനും മനസിലുണ്ടായിരുന്നു. സിനിമയുടെ ഇതിനു മുമ്പുള്ള നാല് ഭാഗങ്ങളിലും വ്യത്യസ്ത രീതികളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. ഈ ചിത്രത്തിലും അതുപോലെ തന്നെ പ്രാധാന്യമുള്ള വേഷമായിരിക്കണം എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും നിർബന്ധമായിരുന്നു. തിരുവനന്തപുരത്തുനിന്ന് അദ്ദേഹത്തെ കൊച്ചിയിൽ എത്തിച്ചാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്.
ലോകത്തെമ്പാടുമുള്ള ആളുകൾ ഈ സീൻ കണ്ട് കയ്യടിക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ല. മമ്മൂട്ടിക്കും ജഗതി തന്നെ വിക്രമാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിബിഐ ആറാം ഭാഗവും ഉണ്ടായേക്കാം. അപ്പോഴും വിക്രമായി അമ്പിളിച്ചേട്ടൻ ഉണ്ടാകും.’’–കെ.മധു പറഞ്ഞു.