ADVERTISEMENT

സിബിഐ ചിത്രങ്ങളില്‍ അഞ്ച് ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം വേഷമിട്ട താരമാണ് മുകേഷ്. ഒന്നാം ഭാഗത്തില്‍ ചാക്കോയായി എത്തിയ മുകേഷ് അഞ്ചാം ഭാഗത്തിലും അതേ കഥാപാത്രമായി എത്തി തിയറ്ററുകളിൽ കയ്യടി നേടി. ഇപ്പോഴിതാ സിബിഐ സിനിമകളുടെ ഷൂട്ടിനിടയ്ക്ക് സംഭവിച്ച രസകരമായ സംഭവങ്ങൾ വിവരിക്കുകയാണ് മുകേഷ്. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 

‘‘വൈകാരിക നിമിഷങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. 1988ലാണ് ആദ്യ സിബിഐ സിനിമ റിലീസ് ആകുന്നത്. അന്ന് ഈ സിനിമയ്ക്ക് ഇത്രയും വലിയ ജനസമിതി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. 

 

ആദ്യ സിനിമയിൽ ഞാൻ പൊലീസ് ആണ്. പിന്നീടാണ് സിബിഐയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. സിനിമയുടെ തുടക്കത്തിൽ ശവശരീരത്തിന്റെ അരികിൽ നിൽക്കുമ്പോൾ എന്റെ കണ്ണുനനയുന്ന സീൻ കാണിക്കുന്നുണ്ട്. അന്ന് സിനിമ കണ്ടുകൊണ്ടിരുന്ന സുഹൃത്തുക്കൾ ചോദിച്ചു, ‘ആരോ ഒരാൾ മരിച്ചതിന് നീ എന്തിനാ കരയുന്നതെന്ന്’.

 

പിന്നീടാണ് കഥാപരമായി, മരിച്ച ആൾ എന്റെ കഥാപാത്രത്തിന്റെ ബന്ധുവാണെന്ന് അറിയുന്നതൊക്കെ. ആ സിനിമയിൽ ഞാൻ വലിയൊരു ഡയലോഗ് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. സത്യത്തിൽ എനിക്കൊന്നും മനസിലായില്ലായിരുന്നു. ‘‘കുമാരപുരം പരിസരത്ത് അന്ന് മഴ പെയ്തിരുന്നില്ല. ആദ്യം ബോഡി വീണു, പിന്നെ മഴ പെയ്തു, പിന്നെ ബോഡി വീണു, അങ്ങനെ.’’ 

 

പക്ഷേ വേറൊരു കാര്യത്തില്‍ സന്തോഷം തോന്നി. മൂന്നാമത്തെയോ നാലാമത്തെയോ ഭാഗത്തിന്റെ ഷൂട്ടിനിടയിൽ കെ. മധു എന്നോട് ചോദിച്ചു. ‘അന്ന് ആ കുമാരപുരം പഞ്ചായത്തില്‍ മഴ പെയ്തില്ല എന്ന് പറഞ്ഞ ഡയലോഗ് വെല്ലോം മനസിലായി പറഞ്ഞതാണോ എന്ന്. സത്യം പറഞ്ഞാല്‍ മനസിലായില്ല എന്ന് പറഞ്ഞു. എനിക്കും മനസിലായില്ല എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. കാരണം വലിയ കൊനഷ്ടു പിടിച്ച സംഭവങ്ങളാണ്. ആ ഡയലോഗ് ചെറുതായൊന്ന് തെറ്റിപ്പോയാൽ കഥ തന്നെ മാറിപ്പോകും.

 

മദ്രാസിലെ സഫൈര്‍ തിയറ്ററില്‍ 250 ദിവസം സിബിഐ ഓടിയിരുന്നു. 100 ദിവസമായപ്പോള്‍ അവിടുത്തെ എന്റെ കുറച്ച് സുഹൃത്തുക്കളുമായി ഞാന്‍ സിനിമ കാണാന്‍ പോയി. അപ്പോഴും സിനിമ ഹൗസ് ഫുള്ളായിരുന്നു. അന്ന് അത്ര പ്രശസ്തിയൊന്നും എനിക്കില്ല. സിനിമ കണ്ടിറങ്ങിയ ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. ഈ സിനിമ ഞങ്ങള്‍ തമിഴ്നാട്ടുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരഭിപ്രായമുണ്ട്. മമ്മൂട്ടി സാറിന് പെരിയ ക്രിമിനല്‍ മൈൻഡ് ആണ്. അയാള്‍ ആ പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ അന്ന് ഇല്ല. ഞാന്‍ എസ്ടിഡി ബൂത്തില്‍ പോയി മമ്മൂട്ടിയെ വിളിച്ചു.

 

ഫോണില്‍ കിട്ടിയപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം വന്നത് ഞാന്‍ പറഞ്ഞു. ‘നീ എന്തു പറഞ്ഞുവെന്ന്’ എന്നോട് ചോദിച്ചു. ഇതൊക്കെ തമിഴ്നാട്ടില്‍ എങ്ങനെ അറിഞ്ഞുവെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ‘കേരളത്തിലോട്ട് വാ’ എന്ന് എന്നോട് മമ്മൂക്കയും പറഞ്ഞു. അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓര്‍മകള്‍ സിബിഐക്കുണ്ട്.

 

സിബിഐക്ക് ഒരു ലോകറെക്കോർഡ് കൂടി ഉണ്ട്. ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും അഞ്ച് തവണയും ഒന്നിച്ച ഏക ചിത്രമാണ് സിബിഐ. പക്ഷേ അവർ മാത്രമല്ല ഞാനും ജഗതിച്ചേട്ടനും കൂടിയുണ്ട്. ഞങ്ങളുടെ പേരു മാത്രം ആരും പറഞ്ഞില്ല. എംഎൽഎമാർക്കു വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. അതിനൊക്കെ വേണ്ടിയാണ് പല പരിപാടികളും മാറ്റിവച്ച് ഇവിടെ എത്തിയത്. ഇതൊരു അഭിമാനമുഹൂർത്തമാണ്.

 

ഒരുപാട് സീക്വൽ സിനിമകളുടെ ഭാഗമാകാൻ അവസരം ലഭിച്ച നടനാണ് ഞാൻ. റാംജി റാവു, മാന്നാർ മത്തായി, ഇൻഹരിഹർ നഗർ അങ്ങനെ നിരവധി സിനിമകൾ. സീക്വൽ സിനിമകൾ വഴങ്ങുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ആറാം ഭാഗത്തിലും നല്ല വേഷം തരിക.

 

സിബിഐയുടെ ഒരു ഭാഗത്തിൽ ജഗദീഷ് ആയിരുന്നു വില്ലൻ. ജഗദീഷ് ആണ് വില്ലനെന്ന് ആരും പറയില്ല, അയാൾ അങ്ങനെ ചെയ്യില്ലെന്നേ എല്ലാവരും വിശ്വസിക്കൂ. അതാണ് എസ്.എന്‍. സ്വാമിയുടെയൊക്കെ മിടുക്ക്. ഒരിക്കലും സംശയിക്കാത്ത ഒരാൾ ക്രൈം ചെയ്യുന്നു. അവിടെയാണ് ഈ കഥ കൺവിൻസിങ് ആകുന്നത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലാണ് വില്ലൻ ആരാണെന്നുള്ളത് ഞങ്ങളോടു പോലും ഇവർ പറയുക. കാരണം എന്നോടൊക്കെ അതു പറഞ്ഞേ പറ്റൂ. മറ്റ് നടീനടന്മാർക്ക് അത് ആരാണെന്ന് അറിയുകയേ ഇല്ല. അറിഞ്ഞു കഴിഞ്ഞാൽ അത് മനസ്സിൽ വച്ചാകും പലരും അഭിനയിക്കുക.

 

അന്ന് എസ്‍.എൻ. സ്വാമി എന്നെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, ‘ഞാന്‍ േവറെ ആരുടെ അടുത്തും പറയുന്നില്ല, ഈ കൊലപാതകം ചെയ്തിരിക്കുന്നത് ജഗദീഷ് ആണ്.’ ഇക്കാര്യം ആരുടെ അടുത്തും പറയരുതെന്നു പറഞ്ഞ് എന്നെക്കൊണ്ട് കുറേ സത്യം ചെയ്യിപ്പിച്ചു. ഇന്നുവരെ ആ സത്യം ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല. ഇതിലും അതുപോലെ തന്നെ. തമ്മിൽ തമ്മിൽ ചർച്ചയാണ്. വില്ലൻ ആരെന്ന് അറിയില്ലല്ലോ. പലരും സ്വയം സംശയിച്ചു. അങ്ങനെയുള്ള പ്രത്യേക മൂഡ് ആണ് ഈ സിനിമയുടേത്.

 

ഒരു ചെറിയ കാര്യം കൂടി പറയാം. മരക്കാർ എന്ന സിനിമ വന്നിരുന്നു. ഞാനും പ്രിയനും ലാലും ചേർന്ന് ഒരുപാട് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷേ മരക്കാറിൽ ചെറിയൊരു വേഷമാണ് എനിക്കു തന്നത്. എന്നെ സ്ക്രീനിൽ കണ്ടപ്പോൾ എല്ലാവരും ഒന്ന് ഉണർന്നു. ഇനി ലാലും മുകേഷുമൊത്തുള്ള രംഗങ്ങൾ ഉണ്ടാകും എന്ന് അവർ കരുതി. പക്ഷേ പിന്നെ അവർ എന്നെ കണ്ടില്ല. അതുമായി ബന്ധപ്പെട്ട് ട്രോളും ഇറങ്ങി. സിബിഐയിലും എന്നെക്കണ്ടപ്പോൾ, ആ ചാക്കോ വന്നു, ഇനി ഒരു കലക്കു കലക്കും എന്ന് പലരും വിചാരിച്ചു. പക്ഷേ പിന്നെ ചാക്കോയെ കണ്ടില്ല. 

 

എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഒരുപാടു പേർ എന്നോടു ചോദിച്ചു. ഇക്കാര്യത്തിൽ ഒറ്റക്കാര്യം ഞാൻ പറയാം, ഈ സിനിമയുടെ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും സൂപ്പർഹിറ്റ് മതി, സൂപ്പർ ഡ്യൂപ്പർ ഹിറ്റുകള്‍ വേണ്ട.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com