ADVERTISEMENT

മികച്ച നടിക്കുള്ള മലയാളികളുടെ ഹൃദയ പുരസ്കാരം വർഷങ്ങൾക്കു മുമ്പെ കരസ്ഥമാക്കിയ രേവതിക്ക് വൈകി വന്ന അംഗീകാരമായി 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മലയാളത്തിൽ നാലു പതിറ്റാണ്ടായി കരുത്തുറ്റ വേഷങ്ങൾ ചെയ്തിട്ടുള്ള രേവതിക്ക് ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു പുരസ്കാരം ലഭിക്കുന്നത്. 1988ലും 1991ലും മികച്ച നടിക്കുള്ള അന്തിമ പുരസ്കാര പട്ടികയിൽ ഇടം നേടിയിരുന്നുവെങ്കിലും അന്നൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവിൽ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിന്റെ അംഗീകാരവും രേവതിക്ക് ലഭിച്ചു.

 

രേവതിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി പറഞ്ഞത്: വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാലസ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺമനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷമമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിന്

 

1983ൽ ഭരതൻ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ മലയാളത്തിലെ അരങ്ങേറ്റം. മണിരത്നത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ മൗനരാഗത്തിലെ പ്രകടനത്തോടെ രേവതി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങളായി രേവതി മലയാള സിനിമയിൽ നിറസാന്നിധ്യമായി. 1988ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ കാക്കൊത്തിക്കാവിലെ അപ്പൂപ്പൻത്താടികൾ എന്ന ചിത്രത്തിലെ രേവതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിലേക്കു വരെ കാക്കൊത്തി എന്ന കഥാപാത്രം പരിഗണിക്കപ്പെട്ടെങ്കിലും രുഗ്മണി എന്ന ചിത്രത്തിലെ അഭിനയത്തിന് അഞ്ജുവിനാണ് പുരസ്കാരം നൽകിയത്. 

 

വീണ്ടും രേവതിയുടെ ശക്തമായ കഥാപാത്രം എത്തിയത് 1991ൽ പുറത്തിറങ്ങിയ കിലുക്കത്തിലായിരുന്നു. അതേവർഷം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് മാറ്റുരയ്ക്കാൻ തലയണമന്ത്രത്തിലെ അഭിനയക്കരുത്തുമായി ഉർവശിയുമുണ്ടായിരുന്നു. ഒടുവിൽ 1991ലെ പുരസ്കാരനേട്ടം ഉർവശിയുടേതായി. 

 

ദേവാസുരം, മായാമയൂരം, പാഥേയം തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിൽ ശക്തമായ സാന്നിധ്യമായി രേവതി നിറഞ്ഞുനിന്നെങ്കിലും ആ പ്രകടനങ്ങളൊന്നും പുരസ്കാര നേട്ടത്തിലെത്തിയില്ല. അതേസമയം ദേശീയ തലത്തിൽ രേവതിയിലെ അഭിനേതാവും സംവിധായികയും അംഗീകരിക്കപ്പെട്ടു. ഭരതൻ സംവിധാനം ചെയ്ത തേവർമകനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രേവതിയെ തേടിയെത്തി. പിന്നീട് 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലിഷ് ചിത്രത്തിനുള്ള പുരസ്കാരം രേവതി നേടി. സംവിധായിക എന്ന നിലയിൽ രേവതി കയ്യൊപ്പ് പതിപ്പിച്ച ചിത്രമായിരുന്നു അത്. 

 

വർഷങ്ങൾക്കിപ്പുറം അമ്മ വേഷങ്ങളിലൂടെയാണ് രേവതി മലയാള സിനിമയിൽ വീണ്ടും സജീവമായത്. അപ്പോഴും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രകടനങ്ങളായിരുന്നു രേവതി കാഴ്ച വച്ചത്. നന്ദനം, രാവണപ്രഭു, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലെ രേവതിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇഷ്ടം നേടി. അതുവരെ മലയാളത്തിൽ അഭിനയിച്ചു വന്ന കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഭാവപ്പകർച്ചകളോടെയാണ് ഭൂതകാലത്തിലെ ആശയെ രേവതി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആശയുടെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും വിഷാദവും സ്നേഹവും വാത്സല്യമെല്ലാം അവർ തിരശീലയിൽ ഗംഭീരമാക്കി. ആ അഭിനയമികവിനാണ് 2021ലെ മികച്ച നടിക്കുള്ള പുരസ്കാരം രേവതിയെ തേടിയെത്തിയത്. അർഹിക്കുന്ന അംഗീകാരമെന്ന് പ്രേക്ഷകർ നിസംശയം പറയുന്ന പുരസ്കാരനേട്ടമാണ് രേവതിയുടേത്. വൈകിയാണെങ്കിലും മലയാളത്തിൽ നിന്ന് ലഭിച്ച ഈ പുരസ്കാരത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com