സൗബിൻ മിസ് കാസ്റ്റ്, പേസ് മേക്കർ ഹാക്കിങ്; സിബിഐ വിമർശനങ്ങളിൽ മറുപടിയുമായി എസ്.എൻ. സ്വാമി
Mail This Article
സിബിഐ 5ൽ സൗബിൻ ഷാഹിർ മിസ് കാസ്റ്റ് ആണെന്ന് വിമർശിക്കുന്നവർക്കു മറുപടിയുമായി തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. സാഹചര്യങ്ങൾക്കനുസരിച്ച് ആ കഥാപാത്രത്തിനു യോജിച്ച രീതിയിൽ തന്നെയാണ് സൗബിൻ ചിത്രത്തിൽ അഭിനയിച്ചതെന്ന് സ്വാമി പറയുന്നു. സിനിമയിലെ പേസ്മേക്കർ ഹാക്കിങുമായി ബന്ധപ്പെട്ട് ചിത്രത്തെ വിമർശിച്ച് എൻ.എസ്. മാധവൻ നടത്തിയ ട്വീറ്റിനും എസ്.എൻ. സ്വാമി മറുപടി നൽകി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘‘സൗബിൻ ഷാഹിർ മിസ്കാസ്റ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാർഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസില്‍. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നു പറയാം. അല്ലെങ്കിൽ അയാളുടെ അഭിനയം മോശമായിരിക്കണം. ആ സിറ്റുവേഷനിൽ ആവശ്യമുള്ളത് അയാൾ കടിച്ചുപിടിച്ചു സംസാരിക്കുക എന്നതാണ്. അയാൾ വളരെ നിരാശയോടെയാണ് അവിടെ സംസാരിക്കുന്നത്. അതാണ് ആ കഥാപാത്രത്തിനു യോജിച്ച രീതി. ചിത്രം വലിയ വിജയമാകണമെന്നാഗ്രഹിക്കാത്തവര്‍ നിരവധിയുണ്ട്, ഫാൻസ് പ്രോബ്ലം ഒക്കെ, കോംപെറ്റീഷന്‍ ഒക്കെ പണ്ടേ വലിച്ചെറിഞ്ഞതാണ്.’’–എസ്.എൻ. സ്വാമി പറഞ്ഞു.
‘‘എൻ.എസ്. മാധവൻ വളരെ പ്രമുഖനായ ,എഴുത്തുകാരനാണ്, ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു, പക്ഷേ ഒന്നും പരിശോധിക്കാതെ ചിത്രത്തെക്കുറിച്ച് വിമർശനമുന്നയിച്ചത് ശരിയായില്ലെന്ന് ഞാൻ വിനീതമായി പറയും. ഫ്ലൈറ്റിൽ ബ്ലൂടൂത്ത് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത കാലം വരെ ഡൽഹിക്കും കേരളത്തിനുമിടയിൽ എത്രയോ തവണ പറന്നിട്ടുണ്ടാകും. പലപ്പോഴും ഫ്ലൈറ്റിലിരുന്ന് ഫോണിൽ സംസാരിച്ചിട്ടുമുണ്ടാകും. സം കൈൻഡ് ഓഫ് മീഡിയം, അതായത് ഒരു കോറിഡോർ വഴി ആവുമല്ലോ ആ സംസാരം നടന്നത്. യു കോൾ ഇറ്റ് ഡാറ്റ, വൈഫൈ, ബ്ലൂടൂത്ത്, ഓർ കോൾ എക്സ്,വൈ ഓർ സഡ്. ഇതിത്രയും സിംപിളാണെന്ന് അദ്ദേഹത്തിനു ഓർത്തൂടേ. അതുമല്ല, ഞാനിതു പ്രായോഗികമായി തന്നെ പേസ്മേക്കർ പ്രവർത്തിപ്പിച്ചാണ് തിരക്കഥ തയാറാക്കിയത്.
ഇത്രയും സ്പെസിഫിക്കാണ്, സയിന്റിഫിക്കാണ് കാര്യങ്ങൾ. ഇത്രയും ഉന്നത പദവിയിലിരുന്നൊരാൾക്ക് സിംപിളായുള്ളൊരു കാര്യം പോലും അറിയില്ലെങ്കിൽ അദ്ദേഹത്തിനെന്തവകാശമാണ് പബ്ലിക് ആയിട്ട് ഇങ്ങനെ കമന്റ് ചെയ്യാൻ? ..ഈ നിലപാട് ശരിയല്ല. അദ്ദോഹത്തിനു യോജിച്ചതല്ല ഈ രീതിയിലുള്ള വിമർശനം. കംപ്യൂട്ടർ , ഇലക്ട്രോണിക്സ് വിദഗ്ധൻമാരോടെല്ലാം സംസാരിച്ച് ഉറപ്പാക്കിയ ശേഷമാണ് ആ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി ഇതിലൊക്കെ രാജാവാണ്, ഇലക്ട്രോണിക്സിനെക്കുറിച്ചെല്ലാം അപാര അറിവുള്ളയാളാണ്. ഇതൊരു മണ്ടത്തരമാണേൽ മമ്മൂട്ടി തല കാണിക്കാൻ സമ്മതിക്കില്ല. സാങ്കേതിക പിഴവുകളൊന്നും സമ്മതിക്കില്ല. അതെനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.
സിനിമാറ്റിക് ആണെന്നും പറഞ്ഞ് തെറ്റുകൾ ഒന്നും സമ്മതിക്കുന്നില്ലെന്നല്ല. അന്വേഷിച്ചാൽ വിവരം കിട്ടുമായിരുന്നല്ലോ, ഒന്നു ഗൂഗിൾ സെർച്ച് ചെയ്താൽ പോലും വ്യക്തമാകുമല്ലോ കാര്യങ്ങൾ? അപ്പോൾ എൻ.എസ്. മാധവൻ അന്വേഷിച്ച ശേഷം സംസാരിക്കണമായിരുന്നു. നാളെ ആരും തെറ്റിദ്ധരിക്കരുത്. ഒരുപാടുപേർ വിളിച്ചു ചോദിച്ചു, സ്വാമീ എന്താ ഇങ്ങനെ മണ്ടത്തരം കാണിച്ചതെന്ന്, ഞാൻ പറഞ്ഞു, നിങ്ങൾ ഒന്നന്വേഷിക്കൂ എന്ന്. ആ ചോദിച്ചവരെല്ലാം പിന്നീടെന്നെ വിളിച്ചു സോറി പറഞ്ഞു.’’–എസ്.എൻ. സ്വാമി പറഞ്ഞു.