ADVERTISEMENT

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിക്ക് ഇന്ന് എഴുപതാം പിറന്നാൾ . സിനിമയിൽ നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും 'ജോഷി സിനിമകൾക്ക്' പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഊർജ്ജമുള്ള ഫ്രെയിമുകൾക്ക് പ്രായം തടസ്സമല്ലെന്ന് പുതിയ ചിത്രവും സാക്ഷ്യപ്പെടുത്തുന്നു.

 

പുരസ്കാരങ്ങളുടെ ആലഭാരങ്ങളില്ല. നിരൂപകരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറുമില്ല. എങ്കിലും സിനിമാപ്രേമികളുടെ മനസ്സിൽ ജോഷിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. ജനപ്രിയ സിനിമകളുടെ തലതൊട്ടപ്പന്റെ ക്രെഡിറ്റിൽ മെഗാ ഹിറ്റുകളുടെ നീണ്ട പട്ടികയുണ്ട്. മലയാള സിനിമാ വ്യവസായത്തെ ഒലിച്ചു പോകാതെ നിർത്തുന്ന മഹാവൃക്ഷത്തിന്റെ പേര് കൂടിയാകുന്നു ജോഷി.

 

സഹോദരിമാരുടെ പേരിൽ അച്ഛൻ സ്ഥാപിച്ച തിയേറ്ററുകളിൽ നിന്നാണ് ജോഷിയിൽ സിനിമാ സ്വപ്നം ചിറകടിച്ചത്.  ക്രോസ് ബെൽറ്റ് മണിയുടെ ശിഷ്യനായി വർക്കല ജോഷി സിനിമാ ജീവിതം ആരംഭിച്ചു. സംവിധായകൻ ജോഷിയിലേക്കുള്ള പരിണാമം 1978 ൽ ടൈഗർ സലിം എന്ന സിനിമയിലൂടെ. തുടർന്നുവന്ന മൂർഖനും രക്തവുമൊക്കെ പുതിയൊരു സംവിധായകന്റെ മാത്രമല്ല, പ്രേക്ഷകന് പുതുമയുള്ള ദൃശ്യപരിചരണത്തിന്റെ കൂടി പിറവിക്ക് സാക്ഷ്യമായി. 1983 ൽ ആ രാത്രി എന്ന ചിത്രത്തോടെയാണ് ജോഷി മമ്മൂട്ടി കൂട്ടുകെട്ടിന്റെ പ്രയാണം ആരംഭിച്ചത്. നിറക്കൂട്ടും ശ്യാമയുമൊക്കെ മലയാളിയുടെ ഇഷ്ടങ്ങളിൽ ഇടം പിടിച്ചു. ഇടയ്ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡൽഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതൽ ശോഭയോടെ പുനപ്രതിഷ്ഠിച്ചു ജോഷി.

 

വിവിധ ഇന്ത്യൻ ഭാഷകളിൽ ന്യൂഡൽഹിയുടെ റീമേക്ക് ഒരുക്കി സ്വന്തം ഖ്യാതിയുടെ അതിർവരമ്പുകൾ ജോഷി ഭേദിച്ചു. ഒപ്പം ഹിന്ദിയിൽ രാജേഷ് ഖന്നയെയും ധർമേന്ദ്രയെയും ഉൾപ്പെടുത്തി 'ധർമ്മ ഓർ ഖനൂൻ ' സംവിധാനം ചെയ്ത ബോളിവുഡ് ബോക്സ് ഓഫിസ് ഇളക്കിമറിച്ചു. നാടുവാഴികൾ, നായർസാബ്, കൗരവർ , ധ്രുവം തുടങ്ങിയ സിനിമകൾ മലയാളത്തിന്റെ ആഘോഷമായിരുന്നു. കാലം മാറുംതോറും കാഴ്ച പുതുക്കി പണിയാൻ സംവിധായകൻ മടിച്ചില്ല.

 

താരസംഘടന സിനിമാ നിർമാണത്തിനിറങ്ങിയപ്പോൾ ജോഷി അല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പ് മുന്നിലുണ്ടായിരുന്നില്ല ട്വൻറി 20 യാഥാർത്ഥ്യമായതിന്റെ പ്രധാന കാരണവും അതായിരുന്നു. പുതുതലമുറയിൽ നിന്ന് പഠിക്കാനും അവരുടെ പ്രതിഭ സ്വന്തം സിനിമകളിൽ കൃത്യമായി ഉപയോഗിക്കാനും ജോഷിയിലെ സംവിധായകൻ മടിച്ചില്ല . ഏറ്റവും ഒടുവിൽ വന്ന പൊറിഞ്ചു മറിയം ജോസ് വരെ ഉദാഹരണങ്ങൾ നിരവധി.

 

ജോഷിയുടെ ഏറ്റവും പുതിയ സിനിമ പാപ്പൻ ഈ മാസം റിലീസ് ചെയ്യും. 70 വയസ്സിൽ എത്തിയ ഒരു സംവിധായകന്റെ സിനിമയ്ക്ക് ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നു എന്നത് മലയാള സിനിമയ്ക്ക് പുതിയ അനുഭവമാണ്. പ്രേക്ഷകന്റെ പോയിന്റ് ഓഫ് വ്യൂവിൽ താരങ്ങളും സാങ്കേതിക സംവിധാനങ്ങളുമൊക്കെ വൈഡ് ഫ്രെയിമിൽ നിന്ന് ഔട്ടാകുന്നുണ്ട് , ജോഷിയുടെ സിംഹാസനം ഒഴികെ. ജനപ്രിയ സിനിമയിലെ വാഴുന്നോർക്ക് പിറന്നാളാശംസകൾ ...ഇല്ല ജോഷി പ്രേക്ഷകനെ ചതിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com